Wednesday, June 25, 2008

7. ആശ്രമത്തിലെ ദിനങ്ങള്‍.- ഭാഗം 4

.

“വാക്കാണ് സത്യം-സത്യം ആണ് ഗുരു- ഗുരുവാണ് ദൈവം”

മൃദു ശബ്ദം കാതില്‍ ഒഴുകി എത്തി. മാവിന്‍ ചുവട്ടില്‍ വിരിച്ച മണലില്‍ ഞങ്ങള്‍ ഇരിക്കുകയാണ്. അഞ്ചോ ആറോ പേര്‍ കാണും. നടുവില്‍ ആശ്രമത്തിലെ ഒരു കാരണവര്‍. ഗുരുകുല വിദ്യാഭ്യാസത്തിന്റെ ഒരു ലഘു മാതൃക.

എന്റെ മനസ്സ് യുഗങ്ങള്‍ കടന്ന് ബഹു ദൂരം പിന്നിലേക്കു പോയി.ത്രേതായുഗത്തിലോ,ദ്വാപര യുഗത്തിലോ ചെന്നു നിന്നു. മഹാമുനിയുടെ മുന്‍പില്‍ ഇരിക്കുന്ന ആശ്രമ ബാലനായി ഞാന്‍ മാറി.

ഇന്നു വരെ കൊണ്ടു നടന്ന വിജ്ഞാനത്തിന്റെ വിഴുപ്പ് ഭാണ്ഡം ഇറക്കി വച്ച് ശൂന്യ മനസ്സൂമായി ഇരുന്നു. സര്‍വ്വ വിധ ബഹുമാന ആദരങ്ങളോടെ ഗുരു മുഖത്തേക്കു നോക്കി,..

ജീ‍വ രഹസ്യങ്ങള്‍ കേള്‍‍ക്കുവാന്‍ തുറന്ന ചെവിയുമായി....


ചുറ്റും പലരും പല ജോലികള്‍ ചെയ്യുന്നു.ആരും ആരോടും ഒന്നും ആവശ്യപ്പെടുന്നില്ല.ചിലര്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കുന്നു, ചിലര്‍ പ്രാര്‍ത്ഥനാ മണ്ഡപം തുടച്ചു വൃത്തിയാക്കുന്നു, ആഹാരം വയ്ക്കുന്നതിന്റെ തിരക്കുകള്‍ മറ്റൊരിടത്ത്.എല്ലാവരുടെ മുഖത്തും ഒരു ശാന്തതയും, തികഞ്ഞ ഉത്സാഹവും മാത്രം.

ഒന്നു രണ്ടു ദിവസം ഞാന്‍ ജോലി ഒന്നും ചെയ്തില്ല. ഒരു വല്ലാത്ത സങ്കോചം! ആരോ എന്നെ ശ്രദ്ധിക്കുന്നതു പോലെ ഒരു തോന്നല്‍. ജോലി ചെയ്യുന്ന ഒരോരുത്തരേയും ഞാ‍ന്‍ പരിചയപ്പെട്ടു. അല്‍ഭുതപ്പെട്ടു പോയി, പലരും എന്നേക്കാള്‍ വിദ്യാഭാസമുള്ളവര്‍!!

പിന്നെ ഒന്നും ആലോചിച്ചില്ല,ആരോടും ചോദിച്ചതും ഇല്ല. അടുക്കളയ്ക്കു ചേര്‍ന്ന് ആഴമുള്ള കിണര്‍ കണ്ടു. കപ്പിയും കയറും വലിയ തൊട്ടിയും അനാഥമായി കിടക്കുന്നു.കിണറിന്റെ ഇടതു വശത്തു വെള്ളം കോരി ഒഴിക്കുവാന്‍ ഒരു ചാല്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും അടുക്കളയിലേക്കു വെള്ളം ഒഴുകി എത്തും. ഒരു ഉള്‍പ്രേരണയാല്‍ ഞാന്‍ ഓടിച്ചെന്ന് വെള്ളം കോരി ചാലിലേക്കു ഒഴിക്കുവാന്‍ തുടങ്ങി. ചുറ്റു പാടുകള്‍ മറന്നു. എത്ര നേരം തുടര്‍ന്നു എന്ന് അറിയില്ല.

ആരോ എന്റെ തോളില്‍ സ്പര്‍ശിച്ചു.തിരിഞ്ഞു നോക്കി. .

“ഗുരു ശരണം” ഒരു വൃദ്ധന്‍.

“വരൂ!!"

ഞാന്‍ അമ്പേ തളര്‍ന്നു പോയിരുന്നു!

എന്നോട് എന്തെങ്കിലും ചോദിച്ചിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു!

അദ്ദേഹത്തിന്റെ പിന്നാലെ നടക്കുമ്പോഴാണ് മാവിന്‍ ചുവട്ടിലെ ആ ചെറിയ കൂട്ടം ഞാന്‍ ശ്രദ്ധിച്ചത്.

അങ്ങോട്ടു തന്നെയാണ് എന്നെ കൊണ്ടു പോയതും!“വാക്കാണ് സത്യം-സത്യം ആണ് ഗുരു- ഗുരുവാണ് ദൈവം” അവിടെയിരുന്ന കാരണവര്‍ ആവര്‍ത്തിച്ചു.

സന്യാസ ജീവിതത്തേക്കുറിച്ച് ചിന്തിച്ച കാലം മുതല്‍ എന്റെ മനസ്സില്‍ തങ്ങിയ ഉപനിഷത് വചനം ഓര്‍ത്തു. മുണ്ഡകോപ നിഷത്തില്‍ നിന്നും ആണെന്നു തൊന്നുന്നു

“ക്ഷുരസ്യ ധാരാ നിശിതാ ദുരായതാ
ദുര്‍ഗ്ഗം പഥഃ തത് കവയോ വദന്തി”


ക്ഷുരസ്യ ധാരാ -ക്ഷുരകന്റെ കത്തിയുടെ വായ്ത്തല,
ദുര്‍ഗ്ഗം പഥഃ-നടക്കുന്നതുപോലെ അതികഠിനം.

എപ്പോഴും മൂര്‍ച്ച കൂട്ടുന്ന ക്ഷുരകന്റെ കത്തിയുടെ വായ്ത്തലയില്‍ ക്കൂടി നടക്കുന്നതുപോലെ കഠിനമാണ് സന്യാസം. ചെറിയ അശ്രദ്ധ മതി , എല്ലാം തകിടം മറിയും.

കാശിയിലും ബദരീനാഥത്തും മറ്റും ശിവമൂലിയും വലിച്ച് നടക്കുന്ന ജടാ ധാരികളുടെ ഗതി വരുമെന്നു സാരം!

ഇല്ല ഇവിടെ തെറ്റാന്‍ പാടില്ല. മനസ്സ് ഏകാഗ്രമാക്കി.

ഞാന്‍ ഗുരുനിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു..


രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴ് ക്ഷീണം ഉണ്ടെങ്കിലും ഉറക്കം വന്നില്ല. പകല്‍ കേട്ട ഗുരു വചനങ്ങള്‍ വീണ്ടും തികട്ടി വന്നു കണ്ടിരുന്നു.

വാക്കാണ് സത്യം-സത്യം ആണ് ഗുരു- ഗുരുവാണ് ദൈവം ..അതെങ്ങിനെയാണ് ശരിയാകുന്നത്?

ഞാന്‍ മനസ്സിലാകിയ അദ്വൈത വേതാന്തവും ആയി ഇത് പൊരുത്തപ്പെടുന്നില്ലല്ല്ലൊ!

എല്ലാ ഇന്ദ്രിയങ്ങളും പുറത്തേക്കു തുറന്നിരിക്കുന്നു.. ഉള്ളിലേക്കു സഞ്ചരിക്കുവാന്‍ ഇവ ഒന്നും ഉപകരിക്കുന്നില്ല.
പഞ്ചേന്ദ്രിയങ്ങളും അടക്കി മനസ്സിലൂടെ ഒരു തീര്‍ഥ യാത്ര- അതാണു ലക്ഷ്യം.ബോധ ഉപബോധബോധ മനസ്സുകള്‍ താണ്ടി തുരീയം എന്ന അവസ്ഥയില്‍ എത്തുക. അതിനുവേണ്ട പരിശീലനം, അല്‍പ്പം ഏകാന്തത, ഒരു ഗുരു ,
അതെ, അതു മാത്രമായിരുന്നു ലക്ഷ്യം!

ഒത്തിരി നാളുകള്‍ ആയില്ലെങ്കിലും ആ രാത്രിയില്‍ ചില സംശയങ്ങള്‍ ഹൃദയത്തില്‍ മുള പൊട്ടാന്‍ തുടങ്ങുകയായിരുന്നു..

(അവസാനിക്കുന്നില്ല..)
(ഒന്നും രണ്ടും മൂന്നും ഭാഗങ്ങള്‍ നീക്കം ചെയ്തിരിക്കുന്നു . റീ പൊസ്റ്റ് ചെയ്യുന്നതാണ്)

16 comments:

സജി said...

ഒത്തിരി നാളുകള്‍ ആയില്ലെങ്കിലും ആ രാത്രിയില്‍ ചില സശയങ്ങള്‍ ഹൃദയത്തില്‍ മുള പൊട്ടാന്‍ തുടങ്ങുകയായിരുന്നു..

kaithamullu : കൈതമുള്ള് said...

തുടരൂ, സജീ.
കാത്തിരിക്കുന്നു.

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാം സജി തുടരു

നട്ടപിരാന്തന്‍ said...

ഒന്നും,രണ്ടും, മൂന്നും ഭാഗങ്ങളുടെ അത്രക്ക് തീവ്രത, നാലാം ഭാഗത്തിനില്ല എന്നൊരു തോന്നല്‍.....
ഒരു പക്ഷേ ഈ പൊസ്റ്റ് “ഞെക്കി പഴുപ്പിച്ചതിനാലായിരിക്കുമോ” എനിക്ക് അങ്ങിനെ തോന്നുന്നത്.

മാഷെ... ഇന്നലെയുള്ള ആ കണ്ടുമുട്ടല്‍...രാജുവും ഒത്തിരി ആസ്വദിച്ചു നമ്മുടെ ആ കൂടികാഴ്ച.

I don;t know to express it, because its beyond my language.

നശിപ്പിച്ചുകളഞ്ഞ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുമ്പോള്‍ മറക്കാതെ അറിയിക്കണം.

സ്വതസിദ്ധമായ ആ തനത് ശൈലിയില്‍ വീണ്ടുമെഴുതാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

ഞാന്‍ ഇരിങ്ങല്‍ said...

അച്ചായാ..,
എന്നെ ഈ അടുത്ത കാലയളവില്‍ ഒരു വ്യക്തിത്വവും പെട്ടെന്നൊന്നും കീഴടക്കാന്‍ സമ്മതിക്കാറില്ല. പക്ഷെ താങ്കളുടെ സംസാരം, എഴുത്ത്, അനുഭവം, സംഭവങ്ങള്‍, അറിവ്..കൂടുതല്‍ കേള്‍ക്കാന്‍ തോന്നിപ്പിക്കുന്നു.

ആദ്യമായിട്ടാണ് താങ്കളെ വായിക്കുന്നത്. ഒരു പക്ഷെ നേരിട്ട് പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇതൊന്നും വിശ്വസിക്കില്ലായിരുന്നു. പക്ഷെ അനുഭവങ്ങളാല്‍ ചുട്ട് പഴുപ്പിച്ച് ഊതിക്കാച്ചിയ എഴുത്തില്‍ ജീവന്‍റെ തുടിപ്പ് എനിക്കിന്ന് കാണാന്‍ സാധിക്കുന്നു.
ഇനിയും എഴുതണമല്ലോ.. കാത്തിരിക്കുന്നു.

ഗുരുവേ നമ:

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

sabu said...

eda saji ninte pazhaya puluvadi ithuvare nirthiyille?enkilum resamund
sabu(guruji)

lakshmy said...

പതിവു പോലെ രസിച്ചു വായിച്ചു. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

ഞാന്‍ ഇരിങ്ങല്‍ said...

ഇത്രയൊന്നും സമയമെടുക്കരുത് അടുത്ത ഭാഗത്തിന്.
ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ തവണ താങ്കളുടെ പോസ്റ്റ് ഞാന്‍ ഓപ്പണ്‍ചെയ്ത് തുടങ്ങി.
എത്രയും പെട്ടെന്ന് അടുത്ത പോസ്റ്റ് വേണം

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഹരിത് said...

:)

സജി said...

കൈതമുള്ള്, അനൂപ് ...നന്ദി.
നട്ടപിരാന്തന്‍.. ശ്രദ്ധിക്കാം! തുടക്കത്തിലെ അവേശം കുറയുന്നത് സ്വാഭാവികമാണല്ലോ?

ഇരിങ്ങാ...ഇതില്‍ മായമില്ല. (എന്നോട് ഒരാള്‍ ചോദിച്ചു ഞാന്‍ കുപ്പി മേടിച്ചു തന്നിട്ടാണോ, ഇരിങ്ങന്‍, അങ്ങനെ കമന്റ് ഇട്ടത് എന്ന്) ഇന്ന് 5ആം ഭാഗം വരുന്നു.

സാബു...മോനെ...നീയൊന്നും മറന്നിട്ടില്ല അല്ലേ?

ലക്ഷ്മി..ശുക്രിയ.

അരൂപിക്കുട്ടാ...ഇരക്കുകയാണല്ലെ...ഈ രിതിക്ക് ഭാവി കാണുന്നില്ല.

ഹരിത് ..താങ്ക്സ്

ഞാന്‍ ഇരിങ്ങല്‍ said...

സജി,

ആ ‘കുപ്പി’ പുരാണം എനിക്ക് നന്നേ ബോധിച്ചു. ആരാണ് ചോദിച്ചതെന്ന് ഞാന്‍ ചോദിക്കുന്നില്ല. എങ്കിലും കുപ്പിക്കകത്തുള്ളത് ‘സോമരസം’ ദേവന്‍ മാര്‍ക്കുള്ളതല്ലേ. ഇത്തിരി കഴിക്കാമായിരുന്നു. തന്നില്ലല്ലോ....:)

കുപ്പിയിലൊന്നും ഇരിങ്ങല്‍ വീഴില്ലെന്ന് സജിക്ക് മനസ്സിലായിക്കാണുമല്ലോ.. (അതിന് നെടുമുടി വേണു പറയും പോലെ (നെഞ്ചില്‍ തൊട്ട്) ഇതിനകത്ത് മൂന്നക്ഷരമുള്ളൊരു സാധനം വേണം!!!)

SUNIL said...

ദൈവം ഗുരുവിന്റെ സരീരതില്‍ കാനാന്‍ ശ്രമിചതനു തെറ്റ് പറ്റിയത്. ഗുരു ശരീരം മാത്രമല്ല് ഒരു മനസ്സും അത്മാവും കൂട്ടിയനു.

സുനില്‍ തൊമസ്

നിരക്ഷരന്‍ said...

“ക്ഷുരസ്യ ധാരാ നിശിതാ ദുരായതാ
ദുര്‍ഗ്ഗം പഥഃ തത് കവയോ വദന്തി”

ഏതൊരു പോസ്റ്റ് വായിച്ചാലും, ആരുടേതായാലും, അതില്‍ നിന്ന് എന്തെങ്കിലും ഒരു നല്ല വരിയോ ഗുണപാഠമോ കിട്ടാതിരിക്കില്ല. ഈ പോസ്റ്റില്‍ നിന്ന് കിട്ടിയ ഒന്നാണ് മുകളില്‍ ഉള്ളത് . പിന്നെ അച്ചായന് തന്നെ സംശയമായി നില്‍ക്കുന്ന ഗുരുവിന്റെ ഉപദേശവും. അതിന്റെ ഉത്തരം അടുത്ത പോസ്റ്റില്‍ കാണുമായിരിക്കും അല്ലേ ?

അങ്ങോട്ട് പോകുന്നു.

Suresh Nair said...

നിങ്ങള്‍ ആരെന്ന് എനിക്കറിയില്ല. പക്ഷെ നിങ്ങളുടെ വാക്കുകളിലെ സത്യം ഞാന്‍ അറിയുന്നു. കാരണം എനിക്ക് ഗുരു ഉണ്ട്. ദൈവത്തെ ഗുരുവില്‍ കൂടി മാത്രമേ അനായാസം കാണാന്‍ കഴിയൂ എന്ന് അനുഭവിച്ച് അറിഞ്ഞവന്‍ ആണ് ഞാന്‍. ശിഷ്യന് ഗുരുവിനെ തിരഞ്ഞെടുക്കാന്‍ അവകാശം ഇല്ല. ഗുരു ആണ് ശിഷ്യനെ തിരഞ്ഞെടുക്കുന്നത്. ഗുരുവിനെ തേടി നടക്കേണ്ടതില്ല. ഗുരു ശിഷ്യരെ തന്‍റെ അടുത്തേക്ക് സ്വയം വലിച്ചെടുത്തു കൊള്ളും. ഇത് എന്‍റെ അനുഭവം ആണ്. ഗുരുവാണ് ദൈവം.

ചാണക്യന്‍ said...

വായിച്ചു..അടുത്തതിലേക്ക്..