Tuesday, June 24, 2008

6. ഒരു പഴയ സിനിമ കഥ

“ പെട്ടി വന്താച്ച്...അങ്കൈ പാര്‍...!!!” തമിഴ് പയ്യന്‍ വിളിച്ചു കൂവി.

തീയറ്ററില്‍ ഇട്ടിരുന്ന റിക്കാര്‍ഡിനേക്കാളും ഉച്ചത്തില്‍ ആ ശബ്ദം രാജകുമാരിയില്‍ എങ്ങും മാറ്റൊലിക്കൊണ്ടു.

മാര്‍ ബേസില്‍ തീയെറ്ററിന്റെ പരിസരത്ത് നിന്നവര്‍ റോഡിലേക്കു ഇറങ്ങി ഓടി.

അതാ ദേവമാതാ ആശുപത്രി പടിക്കല്‍ നിന്നും ‘സംഗമം’ ബസ്സ് വരുന്നു.

കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളു എങ്കിലും ടാര്‍ പോട്ടി പൊളിഞ്ഞ് കുണ്ടും കുഴിയും ആയ വഴിയിലൂടെ സംഗമം കുലുങ്ങി കുലുങ്ങി വരികയാണ്.

ജനങ്ങള്‍ റോഡിലേക്ക് ഇറങ്ങി. ചിലര്‍ വലിച്ചു കൊണ്ടിരുന്ന ബീഡി വലിച്ച് എറിഞ്ഞിട്ട് തോളില്‍ കിടന്ന തോര്‍ത്ത് തലയില്‍ കെട്ടി തയ്യാറായി നിന്നു.
ബസ്സ് വന്നു നിന്നതും പുറകു വശത്തെ ഗോവണി വഴിയും വശങ്ങളിലെ അഴികളില്‍ തൂങ്ങിയും കുറെപ്പേര്‍ ബസ്സിന്‍ മുകളില്‍ കയറി പറ്റി.

മുകളില്‍ നിന്നും കൊച്ചു കുഞ്ഞിനെ സൂക്ഷിക്കുന്നതിന്റെ കരുതലോടെ ഒരു വലിയ തകര പെട്ടി താഴേക്ക് ഇറക്കുകയാണ്.

അതാണ് അന്ന് തീയേറ്ററില്‍ കളിക്കുന്ന സിനിമയുടെ ഫിലിം പെട്ടി!!.

തങ്ങളുടെ വീര നായകന്മാരുടെ വികാരം കൊള്ളിക്കുന്ന “ഡയലോഗും“ ഞെട്ടിപ്പിക്കുന്ന്ന യുദ്ധരംഗങ്ങളും ആ കൊച്ചു പെട്ടിയില്‍ ഉറങ്ങുകയാണ്.

അല്പ സമയം കഴിയുമ്പോള്‍, അവ ചുരുള്‍ നിവര്‍ന്ന് തീയേറ്റരിന് അകത്ത് പിന്‍‌വശത്തെ ഒരു കൊച്ചു ദ്വാരത്തിലൂടെ,പല വര്‍ണ്ണങ്ങളായി ഇതള്‍ വിരിഞ്ഞ്, ഹാള്‍ നിറഞ്ഞ് നിക്കുന്ന ബീഡിപ്പുകയില്‍ കുളിച്ച് ,മുന്‍പില്‍ വലിച്ചു കെട്ടിയിരിക്കുന്ന വെള്ളതുണിയില്‍ പതിയുമ്പോള്‍, വൃദ്ധന്മാര്‍ തലകുലുക്കി ആസ്വദിക്കും.യുവാക്കള്‍ കയ്യടിക്കും..കൊച്ചു കുട്ടികള്‍ വിരള്‍ വായില്‍ തിരുകി വിസില്‍ അടിക്കും.

കഴിഞ്ഞ ഒരാഴ്ച കളിച്ച പടത്തിന്റെ ഫിലിം പെട്ടി ഇന്നലത്തെ സംഗമത്തിന്‍ കൊടുത്തു വിട്ടു.

എന്നും ഇങ്ങനെ തന്നെയാണ്. 5 മണിക്ക് തീയറ്ററില്‍ റിക്കാഡ് ഇടും. ആദ്യം ഒരു ഭക്തിഗാനം, പിന്നെ എന്നും ഒരേ പാട്ടുകള്‍. അഞ്ചരക്ക് ബെല്ല് അടിക്കും കാതടപ്പിക്കു ന്ന ആ ശബ്ദം രാജകുമാരി പട്ടണത്തിന്റെ മുക്കിലും മൂലയില്‍ കേള്‍‍ക്കാം.

ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങുതിന്റെ അറിയിപ്പാണ്. പണമുള്ളവര്‍ റിസര്‍വേഡിനാണ്‍ കയറുന്നത്. അതിനു താഴെ ചാരു ബഞ്ച്, പിന്നെ തറ ബഞ്ച്.

ഒരു ഇടുങ്ങിയ ഇടനാഴിയിലൂടെ കുറെ ദൂരം നടക്കണം അതിന്റെ വശങ്ങളില്‍ എല്ലാം കരിക്കട്ട കൊണ്ട് ചീത്തത്തരങ്ങള്‍ എഴുതിയും വരച്ചും വച്ചിരിക്കുന്നു.ചിലതൊന്നും മനസിലാവാറില്ല.

ടികെറ്റ് എടുക്കുമ്പോള്‍ ചോദിക്കും

“ ഇന്ന് ഏതാ പടം ?”

അതു മുങ്കൂട്ടി പറയാന്‍ പറ്റില്ല. ഫിലിം പെട്ടി വന്നാലേ പറയാന്‍ പറ്റൂ. വരാന്‍ സാധ്യതയുള്ള പടത്തിന്റെ എല്ലാം പോസ്റ്ററുകള്‍ പുറത്ത് ഒട്ടിച്ചിട്ടുണ്ടാവും! എങ്കിലും സര്‍വ്വ ജ്നാനിയേപ്പോലെ അയാള്‍ പറയും

“കടത്തനാട്ടു മാക്കം”

“സ്റ്റണ്ട് ഒണ്ടോ..?”

ആകാംഷയൂടെ യുള്ള ആ ചോദ്യത്തിന് ഇരുത്തിയുള്ള ഒരു മൂളല്‍ മാത്രം മറുപടി. ഉണ്ടെന്നൊ അതെയോ ഇല്ലെന്നോ? ആ..

പിന്നെ എല്ലാവരും പുറത്തിറങ്ങി നില്‍പ്പാണ്. സംഗമം ബസ്സ് വരണം. അതില്ലാണ് ഫിലിം പെട്ടി.

അങ്ങനെ നില്‍ക്കുമ്പോഴാണ് തമിഴ് പയ്യന്റെ തിരു മൊഴി

“ഫിലിം പെട്ടി വന്താച്ച്...!!!”

ശവം കുഴിയിലേക്ക് ഇറക്കുന്നതുപോലെ പലര്‍ ചേര്‍ന്ന് പിടിച്ച് പെട്ടി പ്രൊജക്ടര്‍ മുറിയില്‍ എത്തിച്ചു..

പിന്നെ കുറെ സമയം ബാബു ച്ചേട്ടന്‍ ഓരോ വീലുകളില്‍ ചുറ്റിയിരിക്കുന്ന ഫിലിം മറ്റോരു വീലിലേക്കു ചൂറ്റും. അത് എന്തിനാണെന്നു മനസിലാവാറില്ല. പക്ഷേ, ഇതെല്ലാം ചേര്‍ന്നതാണ് ഈ സിലിമ കാണല്‍. എല്ലാത്തിനും അതിന്റെതായ അസ്വാദ്യത ഉണ്ട്.

അകത്ത് കയറിയാല്‍ ആദ്യം ന്യൂസ് റീലാണ്. ബ്ലാക് & വൈറ്റില്‍ ഏതൊ വെള്ള പൊക്കത്തിന്റെയോ, സ്വാതന്ത്ര സമരത്തിന്റെയോ കുറെ കാഴ്ചകള്‍ ,മനസ്സിലവാറില്ല, പക്ഷേ മടുപ്പ് തോന്നാറുമില്ല.

പെട്ടെന്ന് കൂക്കു വിളികള്‍ ഉയര്‍ന്നു. ..

തിരിഞ്ഞു നോക്കിയപ്പോള്‍ ബാബുച്ചേട്ടന്‍ “റീല്‍“ മാറുന്നു

“കാല ചക്രം”

കടത്തിനാട്ടു മാക്കം കാണാന്‍ കയറിയതാണ്..

പക്ഷേ പെട്ടി വന്നത് കാല ചക്രത്തിന്റെ ...

പക്ഷേ ജനം നിശബ്ദരായിരിന്നു..

കാരണം,അവര്‍ക്ക് സിനിമ കണ്ടാല്‍ മതിയായിരുന്നു..

8 comments:

സജി said...

“ഫിലിം പെട്ടി വന്താച്ച്...!!!” തമിഴ് പയ്യന്‍ വിളിച്ചു കൂവി.

തീയറ്ററില്‍ ഇട്ടിരുന്ന റിക്കാര്‍ഡിനേക്കാളും ഉച്ചത്തില്‍ ആ ശബ്ദം രാജകുമാരിയില്‍ എങ്ങും മാറ്റൊലിക്കൊണ്ടു.

ശ്രീ said...

“പക്ഷേ ജനം നിശബ്ദരായിരിന്നു..

കാരണം,അവര്‍ക്ക് സിനിമ കണ്ടാല്‍ മതിയായിരുന്നു...”

പണ്ട് ഒരു തനിനാടന്‍ ഗ്രാമത്തിലാണെങ്കില്‍ അവിടുത്തെ ജനങ്ങള്‍ ഉള്ളതു കൊണ്ട് തൃപ്തരാകുന്നു... അല്ലേ? ഇന്നാണെങ്കില്‍ തീയ്യറ്റര്‍ കത്തിയ്ക്കാതിരുന്നാല്‍ ഭാഗ്യം!
:)

Siju | സിജു said...

നൊസ്റ്റാള്‍ജിക്കോള്‍ജിയ

OAB/ഒഎബി said...

പ്രഭാതമല്ലൊ നീ
ത്ര്സന്ധ്യയല്ലൊ ഞാന്‍...
ഈ പാട്ട് അതിലല്ലെ? സജീ.

Unknown said...

operator babu eppol postman babu .theater eppol shopping centre

സജി said...

ശ്രീ‍.. നേരാ...ഇന്നാണെങ്കില്‍ ആ തീയറ്റ്ര് അവിടെ കാണില്ല.
സിജു..ഹ ഹ ഹ ...നൊസ്റ്റാല്‍ജികോല്‍ജിയ..
എഒബി...എല്ലാം മറന്നു പോയി..

വീജയ..നേരാണോ?..ബാബുചേട്ടന്‍ പൊസ്റ്റ്മാന്‍ ആയ വിവരം അറിയാം. പക്ഷേ..തീയേറ്റര്‍ ഷോപ്പിങ്ഗ് സെന്റെര്‍ ആയ വിവരം അറിയില്ലാട്ടോ..

ജയനും ജയഭാരതിയും മറ്റുംവിസ്മയം വിരിയിച്ച ഹാളില്‍ പലചരക്കു സാധനങ്ങളോ..? കഷ്ടം!!

ബിന്ദു കെ പി said...

ഫിലിം പെട്ടി വരുന്നതിനെപ്പറ്റി കേട്ടിട്ടേയുള്ളൂ.നേരിട്ട് കണ്ട അനുഭവം ഇല്ല

the man to walk with said...

ishtaayi