Thursday, February 26, 2009

മറക്കാനാവാത്ത പുസ്തകം

ഏറ്റവും അധികം ഇഷ്ടപ്പെട്ട പ്രണയ നോവല്‍ ഏതെന്നു ചോദിച്ചാല്‍ രണ്ടാമതൊന്നു ആലോചിക്കാതെ പറയാം വിലാസിനിയുടെ ഊഞ്ഞാല്‍.
വളരെ കുറച്ചു പുസ്തങ്ങള്‍ മാത്രമെഴുതിയിട്ടും മലയാളിയുടെ മനസ്സില്‍ സ്ഥാനം പിടിച്ച മഹാനായ എഴുത്തുകാരന്നായിരുന്നു എം. കെ മേനോന്‍ എന്ന വിലാസിനി.
“ഇണങ്ങാത്ത കണ്ണികളി“ലെ ദാര്‍ശനികതയും,“അവകാശികളു“ടെ ബൃഹുത്തും വിശാലവുമായ കഥാഭൂമിയും “ഊഞ്ഞാലി“ലെ പ്രണയ തീക്ഷ്ണമായ രംഗങ്ങളും,ഒറ്റവായനക്കു തന്നെ വിലാസിനിയെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ആക്കുന്നു.

പ്രണയം പോലുള്ള ചില വിഷയങ്ങള്‍ ആര്, എങ്ങിനെ കൈകാര്യം ചെയ്താലും ഒരു പൈങ്കിളിച്ചുവ വന്നു പോകും.കാരണം പ്രണയത്തിന്റെ പ്രഭവസ്ഥാനം തലച്ചോറല്ല, മറിച്ചു ഹൃദയമാണ്. ലളിതവും, സുന്ദരവുമാണ് പ്രണയത്തിന്റെ ഭാഷ !
വിലാസിനിയുടെ ഭാഷയില്‍ പറഞ്ഞാല്‍,പ്രണയത്തുന് കണ്ണുണ്ട്-അതു സൌന്ദര്യം മാത്രം ദര്‍ശിക്കുന്നു, പ്രണയത്തിനു മൂക്ക് ഉണ്ട്- അതു സുഗന്ധം മാത്രം ആവഹിക്കുന്നു,പ്രണയത്തിനു കാതുമുണ്ട് അതു സംഗീതം മാത്രം ശ്രവിക്കുന്നു. എന്നാല്‍ പ്രണയത്തിനു ഇല്ലാത്ത തല‍ച്ചോറാണ്- അതിനു ചിന്തിക്കാന്‍ മാത്രം കഴിയുന്നില്ല! അല്ലെങ്കില്‍ തന്നേക്കാള്‍ പ്രായം കൂടിയ ചില്ലിക്കാട്ടെ വിനോദിനിയെ കഥാ നായകനായ വിജയന്‍ പ്രണയിക്കുകയില്ലായിരുന്നല്ലൊ!


ആത്മകഥാപരമായ കുറേ അംശങ്ങങ്ങള്‍ ഊഞ്ഞാലില്‍ ഉണ്ടെന്നു തോന്നുന്നു. മേനോന്റെ തൂലികാ നാമം വിലാസിനി എന്നായതും കഥാ നായികയുടെ പേരു വിനോദിനി എന്നായതും യാദൃശ്ചികമാണെന്നു കരുതാന്‍ വയ്യ.
മേനോന്‍ നാടുവിട്ടു പോയി ജോലി ചെയ്ത സിംങ്കപൂരും,സ്വന്തനാടും നാട്ടുകാരും ഊഞ്ഞാലിലില്‍ കടന്നു വരുന്നുണ്ട്.
പക്ഷേ,ഇത്രയും വികാര തീവ്രമായ ഒരു നോവല്‍ എഴുതിയ മേനോന്‍, സമൂഹവുമായി സുഖകരമായ ഒരു ബന്ധം സൂക്ഷിച്ചില്ല. സ്വപ്നം കണ്ടൊതൊന്നു നല്‍കാത്ത ലോകത്തോടും ജീവിതത്തോടും മേനോന്‍ പുറം തിരിഞ്ഞു നടന്നതാവണം. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരുടെയും വിവാഹത്തില്‍ പങ്കെടുത്തില്ല എന്നു എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. ശ്രീകോവില്‍ എന്ന തന്റെ വീടിന്റെ നട സന്ദര്‍ശകര്‍ക്കു മുന്‍പില്‍ തുറക്കപ്പെട്ടില്ല. അവസാനം, ജീവിതത്തോടുള്ള കൈയ്പ്പു തുറന്നു കാട്ടാനാവണം, ഒസ്യത്തില്‍ എഴുതി “ ഞാന്‍ മരിച്ചു കഴിഞ്ഞിട്ടു അടുത്ത നൂറു വര്‍ഷത്തേക്ക് എന്റെ പേരില്‍ ഒരു സ്മാരകമോ പണിയുകയോ പുരസ്കാരങ്ങള്‍ നല്‍കുകയോ അരുത്”
ഇങ്ങിനെയൊക്കെആയിട്ടും, ഒരിക്കലും മറക്കാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഊഞ്ഞാല്‍,ഹൃദ്യമായ പരിമളം പരത്തി ഇന്നും മലയാള സാഹിത്യ അരാമത്തില്‍ പരിലസിക്കുന്നു.

ഒരുമിച്ചു കളിച്ചു വളര്‍ന്ന വിനുവമായി വിജയന്‍ അടുപ്പത്തില്‍ ആകുന്നതു യാദൃശ്ചികമായിട്ടു ആയിരുന്നു. എന്നാല്‍ ഏതു പ്രേമത്തേയും പോലെ ഒതു വളരെപ്പെട്ടെന്നു വളര്‍ന്ന് എല്ലാ സീമകളേയും ലംഘിച്ചു.വിജയന്റെ പുസ്തക ശേഖരങ്ങളില്‍ നിന്നും കവിതാപുസ്തകങ്ങള്‍ വായിക്കാന്‍ വിനു പതിവായി വരാറുണ്ടായിരുന്നു. പ്രണയം കിനിയുന്ന വരികള്‍ക്കു കീഴില്‍ അടിവരയിട്ടു കൈമാറുന്നത് പതിവായിത്തീര്‍ന്നു.

“ഒന്നുമെനിക്കു വേണ്ട മൃദു ചിത്തത്തി
ലെന്നേക്ക്കുറിച്ചൊരോര്‍മ്മ മാത്രം മതി”

“ത്വല്പാ‍ദ പങ്കജം മുത്തുവാനല്ലാതെ
മല്പ്രാണഭൃംഗത്തിനാശയില്ല”

തുടങ്ങിയ മഹാകവികളുടെ പല വരികളും വായനക്കരുടെ ഉള്ളിലും വേലിയേറ്റം ഉണ്ടാക്കതിരിക്കുകയില്ല

കഥയുടെയും പ്രേമത്തിന്റെയും വളര്‍ച്ചയും പരിണാമങ്ങളും എല്ലാം ക്ഷേത്രവും, ഹൈന്ദവ ആചാരങ്ങളുമായി ഇഴചേര്‍ന്നുകൊണ്ടാണ്.തിരുവാതിരയും, ശിവരാത്രിയും കളമെഴുത്തും നിറമാലയും, നിര്‍മ്മാല്യവും കഥാപാത്രങ്ങള്‍ക്കൊപ്പം മനസ്സിലേക്കു ചേക്കേറുന്ന കഥാ സന്ദര്‍ഭങ്ങളത്രേ.

ഒരു പക്ഷേ, നാല്‍പ്പതുകളില്‍ ഒരു ഉല്‍നാടന്‍ ഗ്രാമത്തിലെ കമിതാക്കള്‍ക്കു കണ്ടു മുട്ടുവാന്‍ വേദിയൊരുക്കുന്ന രംഗങ്ങള്‍ എല്ലാം തന്നെ ക്ഷേത്രവും പരിസരങ്ങളും ആകുന്നത് കാലത്തിന്റെ പ്രത്യേകതയായി കരുതാം.

പ്രണയ നൈരാശ്യത്തില്‍ നാടുവിട്ട വിജയന്‍ ദീര്‍ഘകാലം സിങ്കപ്പൂറില്‍ ജോലി ചെയ്യുന്നു. ഒരിക്കല്‍പ്പോലും അവധിക്കു നാട്ടില്‍ വന്നില്ല.വിജയന്റെ മടങ്ങിവരവു വരെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വിനു മറ്റൊരാളുടെ വരണമാല്യം അണിയേണ്ടി വരുന്നു. വിനുവിന്റെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ച്,വിനു ചില്ലിക്കാട്ടേക്കു മടങ്ങി വന്നു എന്ന് അറിഞ്ഞിട്ട് വര്‍ഷങ്ങള്‍ നീണ്ട പ്രവാസം മതിയാക്കി വിജയന്‍ നാട്ടില്‍ എത്തുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്.

തുടര്‍ന്നു പഴയ കാലക്കാളും തീക്ഷ്ണമായ പ്രണയ രംഗങ്ങള്‍ക്ക് ചൂളക്കര ഗ്രാമം സാക്ഷിയാകുന്നു. ഇനിയെങ്കിലും ഒരുമിച്ചു ജീവിതം ആരംഭിക്കാമെന്ന സ്വപ്നങ്ങള്‍ക്ക്, വിധി വീണ്ടും വിലങ്ങു തടിയാവുന്നു.


വായിച്ച പുസ്തകങ്ങളിലെ നായകന്‍ പ്രണയിച്ച എല്ലാ നായികമാരെയും ഞാനും പ്രണയിച്ചിട്ടുണ്ട്.പുസ്തങ്ങളില്‍ നിന്നു പുസ്തകങ്ങളിലേക്കു വായന നീളുമ്പോല്‍ പുതിയ നായികമാര്‍ വരികയും പഴയവര്‍ പിന്‍‌വാങ്ങുകയും ചെയ്യും. എന്നാല്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും, വിനു മാത്രം ഇന്നും മനസ്സില്‍ മങ്ങാതെ നില നില്‍ക്കുന്നു! മേനോന്റെ പാത്ര സൃഷ്ടിയുടെ മേന്മയാകാം!
അല്ലെങ്കില്‍ സഫലീകരിക്കാതെ പോയ സ്വപ്നങ്ങളുടെ സാക്ഷ്യ പത്രമാവാം!

ആശ്രമ ജീവിതം വരെ എത്തിയ എന്റെ ഹൈന്ദവ മതത്തോടുള്ള സ്നേഹം മൊട്ടിട്ടതും ഈ പുസ്തക പാരായണത്തോടെയാണെന്നു പറഞ്ഞാല്‍ തെറ്റാവില്ല!

ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ “വായിച്ചതില്‍ വച്ചു ഒരിക്കലും മറക്കാനാവാത്ത പുസ്തകം!“

16 comments:

സജി said...

ഏറ്റവും അധികം ഇഷ്ടപ്പെട്ട പ്രണയ നോവല്‍ ഏതെന്നു ചോദിച്ചാല്‍ രണ്ടാമതൊന്നു ആലോചിക്കാതെ പറയാം വിലാസിനിയുടെ ഊഞ്ഞാല്‍.

ഹരീഷ് തൊടുപുഴ said...

ചില്ലക്കാട്ടെ വിനുവും, ഭൂതമംഗലത്ത് ക്ഷേത്രവും, പുല്ലാനി മലയും, ഒന്നും ഒന്നും എന്റെ ജീവിതത്തില്‍ എനിക്ക് മറക്കാന്‍ കഴിയില്ല...
ഞാന്‍ പത്തിലെ മോഡെല്‍ പരീക്ഷാസമയത്താണ് ആദ്യമായി ഊഞ്ഞാല്‍ വായിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ആര്‍ത്തിയോടെ വായിച്ചുതീര്‍ത്തു. പിന്നെ വേറെ ഒരു ലോകത്തായിരുന്നു. തീര്‍ച്ചയായും, എന്റെ ജീവിതത്തിലെ എറ്റവും പ്രിയപ്പെട്ട എഴുത്തുകാരനും, നോവലും ഇതു തന്നെയണ്.

Anonymous said...

നല്ല കുറിപ്പ്‌...ഇഷ്ടായി....

നട്ടപിരാന്തന്‍ said...

“ഓര്‍മ്മ“ എന്ന ബ്ലോഗിന്റെ പേരിനെ അന്വര്‍ഥമാക്കുന്ന ഒരു നല്ല പോസ്റ്റ്,
പ്രണയിച്ചിട്ടുള്ളവര്‍ക്ക് ഇതൊക്കെ വായിക്കുന്നത് തന്നെ ഒരു സുഖമുള്ള അനുഭവമാണ്.

പുസ്തകത്തെക്കുറിച്ച് എനിക്ക് പറയാനൊന്നുമില്ല, കാരണം ഞാനത് വായിച്ചിട്ടില്ല, എന്നെ പറഞ്ഞ് ആശിപ്പിച്ചതല്ലേ.....ആ പുസ്തകം തരു ഞാനോന്ന് വായിക്കട്ടെ....

കുഞ്ഞുനാളില്‍ പ്രേമിച്ച പെണ്ണിനെ നഷ്ടപെട്ടോരു കാമുകന്‍, ഒട്ടേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ദുരിതപൂര്‍ണ്ണമായ ഒരു ജീവിതസാഹചര്യത്തില്‍ തന്റെ പഴയ കാമുകിയെ കാണേണ്ടിവരിക എന്നത് വളരെ വേദനജനകമാണ്.

എല്ലാവരും മനസ്സില്‍ പ്രണയം സൂക്ഷിക്കട്ടെ.........

Mohan said...

ഊഞ്ഞാല്‍ പതുക്കെ ആടാന്‍ തുടങ്ങി.
അവള്‍ എന്ടേ തോളത്ത് തലചായ്ച് മൂളിപ്പാട്ട് പാടി
തികച്ചും സ്വര്‍ഗീയമായ അനുഭൂതിയായിരുന്നു.
പൂ പോലത്തെ നിലാവ്
നിലാവിനെ കണ്ണെഴുതിക്കുന്ന നിഴലുകള്‍
വായുവില്‍ നേരിയ മഞ്ഞിന്ടെ സുഖമുള്ള തണുപ്പ്
സ്വപ്നം കാണുകയാണൊ എന്നു സംശയിച്ചു പോയി.
പോരേ? അവള്‍ ചോദിച്ചു
“ഇനി നിര്‍ത്തിക്കൂടേ?”
“മതിയാ‍യില്ല“
“മതിയവലുന്ടാവില്ല“ അവള്‍ ചിരിച്ചു
വിനു എന്ടെ കൈകള്‍ വിടര്‍ത്തി മാറത്തുനിന്ന് അടര്‍ന്നു നീങ്ങിയപ്പോള്‍ ഹ്രിദയം കൂടി പറിഞ്ഞുപോകുന്നതുപോലെ തോന്നി.
ഞാ‍ന്‍ പരവശനായി നിന്നു.

ഇതു ഊഞ്ഞാലിലെ നിരവധി പ്രണയ സന്ദര്‍ഭങ്ങളില്‍ ഒന്നു മാത്രം. ഇതുപോലെ മലയാളത്തില്‍ ഒരു പ്രേമകധ ഉണ്ടായിട്ടുന്ടോ എന്നുപോലും സംശയം. ഹ്രിദയം ഉള്ളവര്‍ക്കാറ്ക്കൂം ഈ ഊഞ്ഞാലില്‍ കയറിയാല്‍ ആടാതിരിക്കാനാവില്ല.
ചടച്ചു വെളുത്ത് ആമ്മ്പല്‍പ്പൂപൊലെയുള്ള വിനോദിനി വിജയന്ടെ മാത്രം നഷ്ടമല്ല. വായനക്കരന്ടെതുകൂടിയാണ്. സഫലീകരിക്കാത്ത സ്വപ്നങ്ങള്‍ തലൊലിച്ച് പ്രണയം നിറഞ്ഞ മനസ്സു ഇപ്പോഴും സൂക്ഷിക്കുന്ന സജിക്ക് അഭിനന്ദനങ്ങള്‍.

ഞാന്‍ ഇരിങ്ങല്‍ said...

വിലാസിനിയുടേ ‘ഊഞ്ഞാല്‍‘ പ്രണയോര്‍മ്മകള്‍ തിരിച്ച് നല്‍കുന്നുവെന്ന് അച്ചായന്‍ പറയുമ്പോള്‍ പുതിയൊരു മുഖം തരുന്നു. ബോബെ ദാദമാരുടെ വൈവിധ്യങ്ങളുടെ വൈപുല്യത്തെ തിരിച്ചറിയുമ്പോള്‍ ‘ഊഞ്ഞാലിലെ പ്രണയം പോലെ മനസ്സുകള്‍ പൂക്കുന്നു എന്നു തന്നെ പറയാം.
പ്രണയമില്ലാത്ത മനസ്സുകളില്‍ പ്രണയത്തിന്‍റെ ഊഞ്ഞാല്‍ കെട്ടാന്‍ ഓര്‍മ്മപ്പെടുത്തുന്ന പോസ്റ്റ് മനോഹരം സുന്ദരം.

പ്രഭാതത്തില്‍
മുന്തിരി വള്ളികള്‍ പൂക്കുകയും
ആട്ടിന്‍ കൂട്ടങ്ങള്‍ ചേക്കേറുകയും ചെയ്യുന്ന
പ്രണയത്തിന്‍ റെ താഴ്വാരങ്ങളില്‍ വച്ച് നമുക്ക് പ്രണയത്തിന്‍റെ വിശുദ്ധിയെ കുറിച്ച് സംസാരിക്കാം.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

മുസാഫിര്‍ said...

വായിച്ചിട്ടുണ്ട്,വര്‍ഷങ്ങള്‍ക്ക് മുന്‍പ്.ചില രംഗങ്ങള്‍ മറവിയില്‍ ന്നിന്നും പൊടി തട്ടിയെടുക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു.

lakshmy said...

വിലാസിനിയെ വായിച്ചിട്ടില്ല.ഇപ്പോള്‍ വായിക്കാന്‍ തോന്നുന്നു. അച്ചായന്റെ പോസ്റ്റും, മോഹന്റെ കമെന്റും കണ്ടപ്പോള്‍! രണ്ടുപേര്‍ക്കും നന്ദി

പാച്ചു said...

കമന്റ് ഇടാതിരിക്കാന്‍ കഴിഞ്ഞില്ല ... :) ഊഞ്ഞാല്‍ വായിക്കാന്‍ തോന്നുന്നു, പോസ്റ്റ് കണ്ടിട്ട് .. വായിച്ചിരിക്കും, ഉടനെ തന്നെ. !!

John Joseph (Siju) said...

ഞാന്‍ രണ്ടു തവണ വായിച്ചു.... ഇനിയും കിട്ടിയാല്‍ വായിക്കും

പള്ളിക്കരയില്‍ said...

എന്റെ നവയൌവ്വനകാലത്ത് വായിച്ച ഊഞ്ഞാല്‍ മനസ്സില്‍ ആന്നു സൃഷ്ടിച്ച അനുഭൂതിതരംഗത്തിന്റെ ഒരു കുഞ്ഞല 'നട്ടു'വിന്റെ കുറിപ്പ് വായിച്ചപ്പോള്‍ മനസ്സില്‍ വീണ്ടുമുണര്‍ന്നു.

അദ്ദേഹത്തിന്റെയും ശ്രീ മോഹന്റെയും അഭിപ്രായങ്ങള്‍ക്ക് ഞാന്‍ അടിവരയിടുന്നു...

അഗ്രജന്‍ said...

നന്ദി സജി ഈ പങ്കുവെക്കലിന്... ഊഞ്ഞാൽ വായിച്ചിട്ടില്ല ഇതുവരെ... ഇനി എന്തായാലും വായിക്കും...

മോഹനും നന്ദി... ആ ക്വോട്ടിയ വരികൾക്ക്...

N.J ജോജൂ said...

എന്നാല്‍ വായിച്ചേക്കാം...

Dhanyashree said...

ithu vare vaayikkaathadil nashta bodham thonnunu....
theerchayaayum vaayikkanam...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

വായിച്ചിട്ടില്ല. വായിക്കണം

MyDreams said...

അവകാശികള്‍ ഒറ്റ ദിവസം കൊണ്ട് വായിച്ചതാ ....ഇതും അത് പോലെ തന്നെ ............
ഏതോ ഒരു വിനു സജിയുടെ മനസിലും ഉണ്ട് അല്ലെ ...?
അത് കൊണ്ട് തന്നെ ഈ നോവല്‍ സജി ഇഷ്ട്ടപെട്ടത്‌ യാദൃശ്ചികമാണെന്നു കരുതാന്‍ വയ്യ.