Sunday, April 26, 2009

ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1

(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ ഡിലീറ്റു ചെയ്തു.നഷ്ടപ്പെടരുത് എന്നു വിചാരിക്കുന്ന അവ വീണ്ടും പോസ്റ്റുന്നു.)


‘ഇടത്തോട്ട് തിരിഞ്ഞ് ആ കുന്നിൻ മുകളിൽ ചെന്നാൽ, ആശ്രമത്തിന്റെ ഗെയിറ്റ് കാണാം’ സാമ്പ്രാണി പൊതി നീട്ടിക്കൊണ്ട് പീടികക്കാരൻ പറഞ്ഞു. ഗുരുവിന്റെ ഇഷ്ടദക്ഷിണ സാമ്പ്രാണിയാണെന്നും അയാൾ തന്നെ പറഞ്ഞതാണ്. പോക്കറ്റിൽ ശേഷിച്ച ആറു രൂപയും അയാൾക്ക് കൊടുത്തു, ബാക്കി കുറെ നാണയത്തുട്ടുകൾ മാത്രം. നേരിയ ഭയം ഉള്ളിൽ തോന്നി. ചുറ്റും ഇരുട്ടു വീണു തുടങ്ങി. പോത്തൻ‌കോട്- അതാണത്രെ ഈ സ്ഥലത്തിന്റെ പേര്. വെഞ്ഞാറമൂട് ബസ്സിറങ്ങിയിട്ട് 2 രൂപ ജീപ്പിനു കൊടുത്താണ് ഇവിടെയെത്തിയത്. ഓർക്കുമ്പോൾ ചിരി വരുന്നു. ഇന്നലെ വരെ ഒരായിരം വട്ടം മനസ്സിൽ പറഞ്ഞ പേരാണ് വെഞ്ഞാറമൂട്. പക്ഷെ എറണാകുളത്തു നിന്നും ബസ്സിൽ കയറി ഇരുന്നപ്പോൾ അത് ‘വെങ്ങാനൂർ’ ആയിപ്പോയി. സി.വിയുടെ പുസ്തങ്ങള്‍ വായിച്ച കാലം മുതല്‍ തിരുവനന്തപുരത്തുള്ള പല സ്ഥല നാമങ്ങളും പരിചിതങ്ങളായിരുന്നു.നെയ്യാറ്റിങ്കരയും,ബാലരാമപുരവും,എന്നുവേണ്ട,കിഴക്കേക്കോട്ടയും ചാരോട് കൊട്ടാരവും ആണ്ടിയിറക്കവും വരെ, ഓര്‍മ്മയില്‍ തിളങ്ങി നിന്നിരുന്നു. സ്ഥലകാല വര്‍ണ്ണനകള്‍ക്ക് സി.വിയോളം സമര്‍ത്ഥന്‍ പിന്നെ ഭാഷാസാഹിത്യത്തില്‍ ഉണ്ടായിക്കാണില്ല. ഗ്രഹസ്ഥാശ്രമമാണ് നിയോഗമെങ്കില്‍, അവിടം തിരഞ്ഞെടുക്കണം എന്നും അന്നേ ഉറപ്പിച്ചതായിരുന്നു.

“വെങ്ങാനൂരല്ലേ? തിരുവനന്തപുരം കഴിഞ്ഞു പിന്നെയും പോകണം“ ബസ്സില്‍ അടുത്തിരുന്ന വൃദ്ധൻ പറഞ്ഞു.
അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു, ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പൂനേയ്ക്കാണെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. സോജൻ പൂനേയിൽ നല്ല നിലയിലാണെന്നും എനിക്ക് ജോലി ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞത്, വീട്ടുകാർ വിശ്വസിച്ചു കാണില്ല. അല്ലെങ്കിലും ആരെയെങ്കിലും വിശ്വസിപ്പിക്കാൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അപ്പപ്പോൾ തോന്നിയതു പോലെ നടന്നു.പഠനത്തില്‍ വീഴ്ചവരുത്താറില്ല, ഒരു പരീക്ഷയും തോൽക്കാറുമില്ല. അതല്ലാതെ മറ്റ് പ്രതീക്ഷക്കുള്ള ഒന്നും വീട്ടുകാർ എന്നിൽ കണ്ടില്ല.

സോജൻ പൂനേയിൽ നിന്നു തിരിച്ചു വന്ന്, ഈരാറ്റുപേട്ടയിൽ വീട്ടിൽ കൂടിയിട്ട് മാസങ്ങളായി.

വിപ്ലവവീര്യം തണുത്തു തുടങ്ങും മുൻപേ മനസ്സ് അദ്ധ്യാത്മീകതയിലേക്ക് ചാഞ്ഞു തുടങ്ങിയതാണ്. അക്കാലത്തു കയ്യിൽ കിട്ടിയ പുസ്തകങ്ങളിലെല്ലാം സന്യാസജീവിതവും ആത്മീയതയും മുഖ്യവിഷയങ്ങളായിരുന്നു എന്നത് യാദൃശ്ചികമായിരുന്നിരിക്കാം. എല്ലാ ബന്ധങ്ങളും അറുത്ത് ഏകനായിരിക്കാൻ ആഗ്രഹം തോന്നിയതും അക്കാലത്തു തന്നെ. പൂനേ പദ്ധതിക്ക് രൂപം കൊടുത്തതും അങ്ങിനെയാണ്. വീട്ടിൽ നിന്നു തന്ന പണം തീരുന്നതു വരെ കൊച്ചിയിൽ തങ്ങി.മിക്ക ദിവസങ്ങളിലും ബ്രഷ്നേവും, സുനിലും, ജയരാജും മറ്റെല്ലാവരുമുണ്ടായിരുന്നു.

ഡിസമ്പർ 31. അന്നു തങ്ങിയത് തേവര ആംഗ്ലൊ ഇൻഡ്യന്‍ സ്കൂളിന്റെ അടുത്തുള്ള പാർട്ടി ആപ്പീസിൽ ആയിരുന്നു. ശേഷിച്ച പണം എണ്ണി നോക്കി. അറുപത്തഞ്ചു രൂപ!! തിരുവനന്തപുരത്തിനു നാൽ‌പ്പത്തിയെട്ട് രൂപയാണ് ബസ്സ് കൂലി.

അകാരണമായ ഒരു ഭീതിയും എന്നാൽ ഗൂഢമായ ഒരാനന്ദവും ഒരേ സമയം മനസ്സിൽ വന്നു. ആശ്രമത്തിൽ പോകണമെന്ന് ആഗ്രഹിച്ചപ്പോഴേ തീരുമാനിച്ചതാണ്, തിരികേപ്പോരാൻ വണ്ടിക്കുലിയില്ലാതെ വേണം പോകാനെന്ന്. ഇല്ലെങ്കിൽ മടുപ്പു തോന്നിയാൽ തിരിച്ചു പോരണമ്മെന്നു തോന്നിയാലോ?! ബാഗ് തുറന്ന്, ഇന്നുവരെ പഠിച്ച് നേടിയ സർട്ടിഫിക്കറ്റുകളെല്ലാം എടുത്തു. നാളെ ആശ്രമത്തിലേക്കു പോകുന്ന എനിക്ക് ഇനി ഇവയെന്തിന്? സര്‍വ്വസംഗ പരിത്യാഗി ആകുവാന്‍ നിഴ്ചയിച്ചവനു എന്തിനീ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍!

ശാന്തിഗിരി ആശ്രമം കഴിഞ്ഞാൽ കാശി, ബദരീനാഥ്, പിന്നെ ഹിമാലയം ഒത്തിരി നേരം ആ കടലാസുകളിൽ നിർവികാരനായി നോക്കിക്കൊണ്ടിരുന്നു. പിന്നെ മടക്കി ബാഗിൽ വച്ചു, സർട്ടിഫികറ്റുകൾ ഒന്നും കീറിയില്ല

പെട്ടെന്ന് നടപ്പു നിറുത്തി. മുന്നിൽ ഒരു കൂറ്റൻ ഗെയിറ്റ്. അവസാനം ലക്ഷ്യ് സ്ഥാനത്ത് എത്തിയിരിക്കുന്നു. അവിടെ നിന്ന ഒരു വൃദ്ധനോട് ചോദിച്ചു ‘ഇതല്ലെ ശാന്തിഗിരി ആശ്രമം?’

‘അതെ. എവിടുന്നാ?’

‘ദുരേ നിന്നാ‘

‘ഓ.. അവിടെ ചെരുപ്പഴിച്ചു വച്ചു കൊള്ളൂ’ ചെരുപ്പുകൾ അഴിച്ചു മാറ്റുമ്പോൾ ഞാൻ എന്നോടു തന്നെ പറഞ്ഞു, ഇനി എനിക്ക് ഈ വച്ചു കെട്ടുകൾ ഒന്നും വേണ്ട. പൂർവീകർ വനാന്തരങ്ങളിൽ നടന്നതു പോലെ ഒരു നെല്ലിട പോലും അകലമില്ലാതെ ഈ ഭൂമിയോടു ചേർന്നു നിൽക്കണം! പ്രകൃതിയുടെ മണവും സ്പന്ദനവും എനിക്ക് നേരിട്ടറിയണം. ഞാനും നിന്റെ ഒരു ഭാഗമാണ്.

എനിക്കായി ആശ്രമത്തിന്റെ വാതിൽ തുറക്കപ്പെട്ടു. ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു ലോകത്തേയ്ക്ക്....

ഇന്ന്
ജനുവരി ഒന്ന് ,1995.

8 comments:

സജി said...

ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ ഡിലീറ്റു ചെയ്തു.നഷ്ടപ്പെടരുത് എന്നു വിചാരിക്കുന്ന അവ വീണ്ടും പോസ്റ്റുന്നു

നിരക്ഷരന്‍ said...

അച്ചായോ,ഇത് തുടരുമല്ലോ ? ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആദ്യകാലങ്ങളില്‍ വായിക്കാന്‍ സാധിച്ചിട്ടില്ല. ആശ്രമത്തിലേക്ക് ഇറങ്ങിത്തിരിച്ച അച്ചായനെയാണോ പിന്നെ സൂട്ടും കോട്ടുമിട്ട് കാണപ്പെടാനിടയായത്. അതെപ്പടി സംഭവിച്ചു? അറിഞ്ഞേ പറ്റൂ :) തുടരുമ്പോള്‍ അറിയിക്കണേ ?
ഇത് അഗ്രിയില്‍ വന്നില്ലേ ?

പൊറാടത്ത് said...

രസകരമായ തുടക്കം. ആകാംക്ഷയോടെ ബാക്കിയറിയാൻ കാത്തിരിയ്ക്കുന്നു..

“സി.വിയോളം സമര്‍ദ്ധന്‍ആവശ്യമെങ്കിൽ ഒന്ന് തിരുത്തിക്കോളൂ..

സജി said...

നിരക്ഷരന്‍ & പൊറാടത്തു,
ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല...

ഒരു പോക്കായിരുന്നു .......ബല്ലു നഹി ഥാ.. ബ്രേക്കു ഭീ നഹി ഥാ..

ഞാന്‍ ഇരിങ്ങല്‍ said...

താങ്കളുടെ നാവില്‍ നിന്ന് നേരിട്ട് കേട്ടതാണെങ്കിലും വായിക്കുമ്പോള്‍ താങ്കളുടെ കൂടെ ആശ്രമത്തിലേക്കും ചിന്തകളിലേക്കും അവിശ്വസനീയമാം വിധം ഞാന്‍ ഉള്‍ചേര്‍ന്നു പോകുന്നു.
കഥപറയാനുള്ള താങ്കളുടെ കഴിവ് ഇവിടെ ഉപകാരമാകുന്നു താങ്കള്‍ക്ക്. എന്തായാലു ആകാംക്ഷയോടെ തന്നെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.
പൊറാടത്ത് പറഞ്ഞതു പോലെ ‘സമര്‍ദ്ഥന്‍“ തിരുത്തി സമര്‍ത്ഥന്‍ എന്നാക്കുമല്ലോ.

അനുഭവങ്ങള്‍ പൊള്ളിക്കുമല്ലോ എന്നും.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഷിനു മോഹന്‍ said...

ഗുരുസാഗരത്തില്‍ നിന്നുമാണ് ഞാന്‍ പോത്തന്‍ കോട്ടെ ആശ്രമത്തെപ്പറ്റിയറിയുന്നത്. അത് വായിച്ചത് നമ്മളൊരുമിച്ചാണു എന്നുതോന്നുന്നു..പതിനെട്ട് വര്‍ഷങ്ങള്‍ക്ക്മുന്‍പ് ... അന്ന് ആശ്രമത്തില്‍ പോകണമെന്നും ഗുരുവിനെ കാണണമെന്നും ഞാനും ആഗ്രഹിച്ചിരുന്നു. എന്തായാലും താങ്കള്‍ക്കതിനു കഴിഞ്ഞുവല്ലോ.
തുടര്‍ന്നുമെഴുതൂ..
എനിക്കുവായിക്കുവാ‍നാഗ്രഹമുന്ട്.

ബാജി ഓടംവേലി said...

തുടര്‍ന്നുമെഴുതൂ..
എനിക്കുവായിക്കുവാ‍നാഗ്രഹമുണ്ട്.....

ചാണക്യന്‍ said...

അച്ചായന്റെ പൂർവ്വ ചരിത്രം തുടരട്ടെ...