Monday, April 27, 2009

ആശ്രമത്തിലെ ദിനങ്ങള്‍ ഭാഗം-2

"എല്ലാവരും എഴുന്നേൽക്കണം"
ഞാൻ ഞെട്ടി എഴുന്നേറ്റു.


"ഉം...എഴുന്നേൽക്കണം!"
ഒരു അപരിചിതൻ എന്നെ തോണ്ടി വിളിക്കുന്നു. പകച്ചിരുന്ന എന്നോട് അയാൾ സൌമ്യനായി, കൈ നെഞ്ചിൽ ചേർത്തു കൊണ്ട് പറഞ്ഞു. “ഗുരു ശരണം“

എന്റെ മറുപടിക്കു കാത്തു നിൽക്കാതെ അയാൾ നടന്നു നീങ്ങി.

ചുറ്റും നോക്കി. അടുത്തു കിടന്നവർ എല്ലാവരും എഴുന്നേറ്റു തുടങ്ങി. നേരം വെളുത്തിട്ടില്ല.

ഓല മേഞ്ഞ ഒരു നീണ്ടഷെഡ് എന്നു പറയാം. ഭിത്തി കെട്ടിയിട്ടില്ല. ചുറ്റും ചെറിയ മതിൽ, അരക്കൊപ്പം പൊക്കം കാണും. പുറത്ത് ഇപ്പോഴും നല്ല ഇരുട്ട്. തറയിൽ വിരിച്ചിരിക്കുന്ന തുണിയിൽ ചമ്രം പടിഞ്ഞിരുന്നു. ഇന്നലത്തെ സംഭവങ്ങൾ ഓർക്കാൻ ശ്രമിച്ചു.

ഇന്നലെ രാത്രിയിൽ ആശ്രമത്തിനു പുറത്തു വച്ച് കണ്ട വൃദ്ധൻ തന്നെയാണ് ആശ്രമം ആപ്പീസിലേക്ക് നയിച്ചത്

“ആദ്യം വരികയാണല്ലേ?“
ആപ്പീസിലിരുന്ന മദ്ധ്യവയസ്കൻ ചോദിച്ചു.
“അതെ“
ഒരു നിമിഷത്തെ മൌനത്തിനു ശേഷം
“സന്യസിക്കാനാണോ?“
ഒന്നും മിണ്ടിയില്ല.
“സന്യസിക്കാനാണെങ്കിൽ നീണ്ട താടിയും മുടിയും വേണ്ടേ? ഇതു രണ്ടും നിങ്ങൾക്കില്ലല്ലോ?“
വീണ്ടും മൌനം
“എന്താ മിണ്ടാത്തത്?“

എന്റെ നിസ്സഹായാവസ്ഥ കണ്ട് അയാൾ ഒന്നു തണുത്തു.

മുൻപോട്ടു ചാഞ്ഞിരുന്ന് സ്നേഹത്തോടെ ആരാഞ്ഞു. “എന്താ പേര്?“
ഞാൻ പേരു പറഞ്ഞു
“ഏതാ മതം?“
“ക്രിസ്ത്യാനിയാണ്“
അൽ‌പ്പസമയത്തേക്ക് ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല.

“ഞാൻ രാജൻ വർഗ്ഗീസ്, ആശ്രമം സെക്രട്ടറി ആണ്. ഞാനും ക്രിസ്ത്യാനി തന്നെ. ഇവിടെ ജാതിയും മതവുമില്ല“
“എന്തിനാണ് വന്നത്?“
ഞാൻ എന്നോട് തന്നെ ചോദിച്ചു, എന്തിനാണ് ഇവിടെ വന്നത്?
എനിക്ക് പറയാൻ അറിയില്ലായിരുന്നു!

“എന്തിനായാലും ഇവിടെ വരാൻ പറ്റിയത് ഒരു ഭാഗ്യമായി കരുതിക്കൊള്ളൂ..!!“
“എത്ര കാലം കാണും?“
“എനിക്ക് അറിയില്ല“
അയാൾ എഴുന്നേറ്റു. അടുത്തു വന്ന് ചുമലിൽ പിടിച്ചു കൊണ്ട് ശാന്തനായി പറഞ്ഞു. “ഇവിടത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഗുരു ആണ്. ഇവിടെ താമസിക്കണമോ, എത്ര നാൾ, ഇതെല്ലാം ഗുരു നിശ്ചയിക്കും“

നിങ്ങൾ ഇവിടെ വന്ന വിവരം ഗുരുവിന് ഇപ്പോഴേ അറിയാം. എപ്പോൾ ദർശനം നടത്തണമെന്ന് അവിടുന്ന് തന്നെ അറിയിക്കും. എല്ലാം അതിനു ശേഷം മാത്രം! ആഴ്ചകളായി ഗുരുവിന്റെ ദർശനം കാത്തു കഴിയുന്ന പലരുമുണ്ടിവിടെ. ഗുരുവിനെ ധ്യാനിച്ചു കൊള്ളൂ..’

ഗുരു..

ഒ.വി.വിജയന്റെ ഗുരുസാഗരം വായിച്ച നാൾ മുതൽ ഹൃദയത്തില്‍ ഉദിച്ച ആഗ്രഹത്തിന്റെ സാഫല്യമാണ് ഈ നിമിഷം. സഹസ്രാബ്ദങ്ങൾക്കിടയിൽ പ്രപഞ്ചത്തിൽ എങ്ങു നിന്നോ ഒരു പ്രകാശം ഭൂമിയിൽ വന്നെത്തുന്നു. മനുഷ്യന്റെ അജ്ഞാനത്തെ മാറ്റുവാൻ ഗുരുവായി അവതരിക്കുന്നു. ആ ഗുരുവിനാണ് ഈ മനുഷ്യകീടം ആശ്രമവളപ്പിനുള്ളിൽ എത്തിയതായി ജ്ഞാനദൃഷ്ടിയിൽ വെളിവായിരിക്കുന്നത്!

ചരൽ വിരിച്ച മുറ്റത്തു കൂടി നടക്കുമ്പോൾ കാൽ വേദനിച്ചു. രാജൻ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു. “ഇത് ഒരു പുണ്യസ്ഥലമാണ്. ഇവിടെ നടക്കുന്നതെന്തും അറിയുന്ന ഒരു പുണ്യാത്മാവ് അകത്തുണ്ടെന്ന് എപ്പോഴും ഓർത്തു കൊള്ളണം“ മുന്നറിയിപ്പ് എന്ന വണ്ണം പറഞ്ഞു
നെഞ്ചിൽ കൈ ചേർത്ത് വച്ച് പറഞ്ഞു “ഗുരു ശരണം“

എല്ലാവരും എഴുന്നേറ്റു പോയിരിക്കുന്നു! ഞാൻ മാത്രം നിലത്ത് ഇരിക്കുന്നു.

പ്രാഥമിക കർത്തവ്യങ്ങൾ നടത്തുവാനുള്ള തിരക്കിലാണ് എല്ലാവരും.

തണുത്ത വേള്ളം തലയിൽ കോരി ഒഴിക്കുമ്പോൽ മനസ്സും ശരീരവും കിടുകിടുത്തു. എല്ലാം ഒന്നു തണുക്കട്ടെ! എല്ലാം!!
മറ്റുള്ളവർ ചെയ്യുന്ന പോലെ കുളിച്ച് കാവി മുണ്ട് ചുറ്റി, ആശ്രമത്തിന്റെ പ്രധാന കവാടത്തിനടുത്തുള്ള പ്രാർഥനാ മണ്ഡപത്തിനടുത്തു ചെന്നു.
നിരവധി തൂണുകൾ ഉള്ള മനോഹരമായ മണ്ഡപം. തൂണുകളുടെ മുകളിലും താഴേയും താമരയുടെ രൂപം.
മണ്ഡപത്തിന്റെ ഒരു വശത്ത് ശ്രീകോവിൽ പോലെ ഒരു കൊച്ചു മുറി. അതിനുള്ളിൽ വെട്ടിത്തിളങ്ങുന്ന ശോഭയിൽ ഒരു സ്വർണ്ണ ഫലകം. അതിൽ “ഓം“ എന്ന് ആലേഖനം ചെയ്തിരിക്കുന്നു.

പുറത്ത് സായി ബാബയുടേയും നാരായണഗുരുവിന്റേയും രൂപങ്ങൾ!
ഏതാണ്ട് നൂറു പേർ കാണും, നിലത്തിരുന്ന് ഒരു പ്രത്യേക താളത്തിൽ വളരേ ശാന്തമായി ഒരു പ്രാർഥനാഗീതം ആലപിക്കുന്നു.

ഞാനും ഒരു മൂലയിൽ ചെന്നിരുന്നു. ഗുരുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള ഒരു ഗീതം. അൽ‌പ്പ സമയം കഴിഞ്ഞപ്പോൾ ചിലർ എഴുന്നേറ്റ് മണ്ഡപത്തിനു ചുറ്റും നടന്നു പാടുവാൻ തുടങ്ങി. ഞാനും അവരുടെ കൂടെ കൂടി.


നല്ല തണുത്ത അന്തരീക്ഷം.
പുലരിയുടെ രാഗമായ ഭൂപാളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഭജനപ്പാട്ടുകള്‍.
ഉറക്കമുണർന്ന് വരുന്ന പ്രകൃതി.
അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ചന്ദനത്തിന്റെ മൃദുസുഗന്ധം.
ആശ്രമത്തിനകത്തു വളരുന്ന കൊച്ചു മാവിന്റെ കൊമ്പിൽ കിളികൾ വന്നു ചിലച്ചു തുടങ്ങി.
ഇരുട്ടിൽ മൂടിയ ആശ്രമ അന്തരീക്ഷത്തിൽ പതിയെ പതിയെ വെളിച്ചം കടന്നു വന്നു തുടങ്ങി.

ആദ്യമായി ഞാൻ പുലരിയെ അടുത്തറിയുകയായിരുന്നു...
മനസ്സും ശരീരവും ഒരു പോലെ ശാന്തമായി...

പ്രഭാതപ്രാർഥന കഴിഞ്ഞു എല്ലാവരും എഴുന്നേറ്റു തുടങ്ങി. പിന്നിൽ നിന്നു ആരോ തോണ്ടി വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ഒരു ഗ്ലാസ്സിൽ ചായയുമായി, ചിരിക്കുന്ന മുഖവുമായി ഒരു അപരിചിതൻ.
‘ഗുരു ശരണം,
ആശ്രമവളപ്പിലെ പശുക്കളെ കറന്ന നറും പാലിന്റെ രുചിയേറിയ ചായ മോന്തിക്കൊണ്ട് ഞാൻ ആദ്യമായി മറുപടി പറഞ്ഞു

‘ഗുരു ശരണം’

17 comments:

സജി said...

നല്ല തണുത്ത അന്തരീക്ഷം.
പുലരിയുടെ രാഗമായ ഭൂപാളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഭജനപ്പാട്ടുകള്‍.
ഉറക്കമുണർന്ന് വരുന്ന പ്രകൃതി.
അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ചന്ദനത്തിന്റെ മൃദുസുഗന്ധം.

സജി said...

ആശ്രമാന്തരീക്ഷവും പ്രാര്‍ത്ഥനാ മണ്ഡപവും ഇവിടെക്കാണാം

നിരക്ഷരന്‍ said...

അച്ചായോ ആ പാട്ട് കാണിച്ചപ്പോള്‍ എനിക്കൊരു സംശയം.

ഈ സംഭവം അച്ചായന്റെ ജീവിതത്തില്‍ ശരിക്കും ഉണ്ടായതു തന്നെയല്ലേ ? അത് ഗുരു എന്ന സിനിമയിലെ പാട്ടല്ലേ ? ഇനീം ഉണ്ട് സംശയങ്ങള്‍. തെറ്റിദ്ധരിക്കില്ലെങ്കില്‍ ചോദിക്കാം.
ഒരു ക്രൈസ്തവനായ അച്ചായന്‍ എന്തുകൊണ്ട് ഒരു ഹൈന്ദവാശ്രമത്തിലേക്ക് പോയി ? ഈ ചോദ്യം ചോദിക്കുന്നത് എല്ലാ ജാതി മതങ്ങളോടുമുള്ള പരിപൂര്‍ണ്ണ ബഹുമാനത്തോടുകൂടെയാണ്. എനിക്ക് അച്ചായന്റെ കാഴ്ച്ചപ്പാട് അറിയാന്‍ വേണ്ടി മാത്രം ചോദിച്ചതാണ്.

എന്തായാലും ബാ‍ക്കി കൂടെ പോരട്ടെ.

നിരക്ഷരന്‍ said...

അടുത്ത ഭാഗങ്ങളില്‍ എനിക്കുള്ള ഉത്തരം ഉണ്ടാകുമായിരിക്കും അല്ലേ ?

സജി said...

നിരക്ഷരന്‍,
ആ പാട്ടു ഗുരു ശിഷ്യനായ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു എന്ന സിനിമയിലേതു തന്നെയാണ്. ആ ആശ്രമേത്തെക്കുറിച്ചു തന്നെയാണ് എന്റെ പോസ്റ്റും!
ഈ പോസ്റ്റിലെ സംഭവങ്ങള്‍ നടന്നതും പരാമര്‍ശിക്കുന്ന എല്ലാവരും തന്നെ ജീവിച്ചിരിക്കുന്നവരും ആണ്.
ഇതിന്റെ തൊട്ടു മുന്‍പിലെ പോസ്റ്റിലെ ഷിനുവിന്റെ കമെന്റ് നോക്കുമല്ലോ?
ഹൈന്ദവാശ്രമത്തില്‍ എങ്ങിനെ പോയി എന്നതു ഒരു കഥയാണ്. ഒരു ശരാശരി ഹിന്ദുവിനേക്കാള്‍ നന്നായി പുരാണവും അല്പസ്വല്പം വേദാന്തവും (ഉപനിഷത്തും) അറിയാം.

ഹൈന്ദവ മതത്തോടുള്ള താല്പര്യത്തിന്റെ തുടക്കം ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

നിരക്ഷരന്‍ said...

അച്ചായോ

പല പ്രാവശ്യം കണ്ടിട്ടുള്ള ഒരു സിനിമയാണത് എന്നുമാത്രമല്ല, എന്നെ വളരെ സ്വാധീനിച്ചിട്ടുള്ള ഒരു സിനിമ കൂടെയാണ് അത്. പക്ഷെ ഞാന്‍ കരുതിയിരുന്നത് ആ ആശ്രമം സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ ഒരു സെറ്റ് മാത്രമാണെന്നാണ്. ഇതൊരു പുതിയ അറിവായിരുന്നു. എവിടെയാണ് ഈ ആശ്രമം ? എനിക്കവിടെ പോകണമെന്ന് തോന്നുന്നു.

ലിങ്ക് തന്ന പോസ്റ്റും വായിച്ചു. സംശയമൊക്കെ മാറിക്കിട്ടി.അടുത്ത പോസ്റ്റ് വായിക്കാന്‍ എനിക്ക് കൂടുതല്‍ താല്‍പ്പര്യം ഉണ്ട്. പതിവുപോലെ അറിയിക്കുമല്ലോ ?

lakshmy said...

ഒരുപാടിഷ്ടത്തോടെ വായിച്ചു തുടങ്ങിയതായിരുന്നു , പിന്നീട് പാതി വഴിക്കു നിര്‍ത്തിയ ആശ്രമത്തിലെ രാത്രികള്‍. വീണ്ടും പോസ്റ്റു ചെയ്തു കണ്ടതില്‍ ഒരുപാടു സന്തോഷം!
ഇപ്പ്രാവശ്യമെങ്കിലും ഇതു മുഴുവന്‍ പോസ്റ്റും എന്നു കരുതുന്നു.

സജി said...

ലക്ഷി,
പേരിനു ഒരു ചെറിയ വ്യത്യാസം വരുത്തി! ആശ്രമത്തിലെ ദിനങ്ങള്‍ എന്നു മാറ്റി. പഴയ പേരിനു ഒരു, അശ്ലീലച്ചുവ ഉണ്ടോ എന്നൊരു സംശയം! (മറ്റൊരു സ. മാധവന്‍ എന്നു ആരെങ്കിലും കരുതിയാലോ?)
എന്തായാലും ഇത്തവണ മുഴുവനും പോസ്റ്റും!
പിന്നെ, നിരക്ഷരന്‍ ആ ആശ്രമം സന്ദര്‍ശിക്കാന്‍ പോകുന്നു ! ഉടനെ ബുലോകത്തിനു നല്ലൊരു സചിത്ര യാത്രാ വിവരണം പ്രതീക്ഷിക്കാം!

ബാജി ഓടംവേലി said...

ഒന്നും രണ്ടും വായിച്ചു..
തുടര്‍ ഭാഗങ്ങള്‍ക്കായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നു...

പൊറാടത്ത് said...

വളരെ നന്നാവുന്നുണ്ട്... അടുത്ത ഭാഗം പോസ്റ്റ് ചെയ്യുമ്പോൾ തീർച്ചയായും അറിയിയ്ക്കണേ...

സജി said...

നിരക്ഷരന്‍,
ആശ്രമത്തിലേക്കു പോകന്നുള്ള വഴി പറയാം!
MC-റോഡില്‍ തിരുവനത്തപുരത്തിനു 21 കി മി മുന്‍പ് വെഞ്ഞാറമ്മൂട് പട്ടണത്തില്‍ നിന്നും നിന്നും പോത്തങ്കോട് എന്ന് സ്ഥലത്തു എത്താം. (അന്നു ട്രക്കെര്‍ ട്രിപ്പ് അടിക്കുന്നുണ്ടായിരുന്നു- 2 രൂപ ചാര്‍ജ്ജ് )
അവിടെ ആരോടു ചോദിച്ചാലും തൊട്ടടുത്ത മലമുകളിലെ ശാന്തിഗിരി ആശ്രമം കാണിച്ചു തരും.

നിരക്ഷരന്‍ said...

അടുത്ത പ്രാവശ്യം എറണാകുളത്തുനിന്ന് തെക്കോട്ട് യാത്ര പോകുമ്പോള്‍ ആശ്രമത്തില്‍ പോയിരിക്കും. ഇതേ ആശ്രമത്തിലാണോ ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള ഷൂട്ട് ചെയ്തത് ?

സജി said...

എറണാകുളത്തു നിന്നും ഹൈവേ വഴി പോയാല്‍ തിരുവനതപുരത്തുനിന്നും തിരിച്ചു കോട്ടയം റൂട്ടില്‍ 21 കി മി .വടക്കോട്ടേയ്ക്കു പോരേണ്ടി വരും. കോട്ടയത്തു നിന്നും എം സി റോഡിലൂടെ പോയാല്‍ തിരുവനന്തപുരത്തിനു മുന്‍പാണ് ഈ സ്ഥലം.
പിന്നെ ശ്രീനിവാസന്റെ സിനിമയുടെ ലൊക്കേഷന്‍ ‍ഈ ആശ്രമം അല്ലെന്നു തോന്നുന്നു.

ഷിനു മോഹന്‍ said...

എന്തിനാണ് വന്നത്?“
ഞാന്‍ എന്നോട് തന്നെ ചോദിച്ചു, എന്തിനാണ് ഇവിടെ വന്നത്?
എനിക്ക് പറയാന്‍ അറിയില്ലായിരുന്നു!
സജീ നിങ്ങള്‍ മനോഹരമായി കഥ പറയുന്നു. ഗുരുസാഗരം വായിച്ചതിന്റെ ഉന്മാദത്തില്‍ മാത്രമാണു ആശ്രമത്തില്‍ പോയത് എന്നത് വിശ്വസിക്കാനാവുന്നില്ല.

ഞാന്‍ ഇരിങ്ങല്‍ said...

എനിക്ക് തോന്നുന്നു ഇന്നത്തെ ജീവിതമായിരിക്കണം നിങ്ങള്‍ക്ക് ഇങ്ങനെ മനോഹരമായി എഴുതാനുള്ള വാസന തന്നത്.

പറഞ്ഞതു പോലെ ആശ്രമത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിച്ചിരുന്ന ആ പ്രായത്തിലുള്ള ഒരാള്‍ എന്‍റെ ഭാവനയ്ക്കും അപ്പുറമാണ്.

ഒരുപക്ഷെ താങ്കളുടെ ജീവിതത്തിലെ പല സംഭവങ്ങളും എന്‍റെ ഭാവനകള്‍ക്ക് ചിന്തനീയമയല്ല.

നല്ല ഭാഷ.. നല്ല ഒഴുക്ക്.. തെളിനീരുപോലെ..
തുടര്‍ന്നും.. അത്ഭുതങ്ങളുമായി അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ബാജി ഓടംവേലി said...

അത്ഭുതങ്ങളുമായി അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു...

ചാണക്യന്‍ said...

എന്നിട്ട് എന്തായി..കരുണാകര ഗുരുവിനെ കണ്ടോ?:):):)