Sunday, June 27, 2010

അപ്പുണ്ണിയുടെ പെണ്ണി

മോസ്ക്കോ കുന്നിന്റെ നിറുകെയില്‍ ചിറ്റീന്തിന്റെ തണലില്‍ ഇരിക്കുമ്പോൾ അകലേയ്ക്കു നോക്കികൊണ്ട്, അപ്പുണ്ണി ആവര്‍ത്തിച്ചു.

"പെണ്ണി തോവാളയ്ക്കു പോയി."

ദൂരെ കാണുന്ന മലനിരകള്‍ക്കും അപ്പുറത്ത് തമിഴ്നാടാണ്. അതിനിടയിലെവിടെയോ ഉള്ള ഏതോ ഗ്രാമമമാണ് തോവാള.

തമിഴ്ച്ചുവയുള്ള പേരുകളാണ് ഇവിടുത്തെ മിക്ക ഗ്രാമങ്ങള്‍ക്കും. അക്കൂട്ടത്തില്‍പെടാത്ത പേരാണ് മോസ്ക്കോകുന്ന്. അവിടെ പാര്‍ക്കുന്ന മിക്കവര്‍ക്കും മറ്റൊരു ഭൂഘണ്ഡത്തില്‍ മോസ്ക്കോ എന്നൊരു മഹാനഗരണ്ടെന്നും, അവിടെ ഒരിക്കൽ സര്‍ചക്രവര്‍ത്തിമാര്‍ ഭരിച്ചിരുന്നുവെന്നും അറിയില്ല. എങ്കിലും  മോസ്ക്കോയിലേ കൂട്ടുകൃഷിക്കളങ്ങളേപ്പോലെ  വേലികെട്ടി അതിരുതിരിക്കാത്ത കൃഷിയിടങ്ങളായിരുന്നു   മോസ്ക്കോ കുന്നിലെ കര്‍ഷകരുടേത്.  അവർ അയല്‍ക്കാരെ ശത്രുക്കളായി കണ്ടിരുന്നില്ല. അതിരുകളേക്കുറിച്ചു വേവലാതിയുമില്ലായിരുന്നു.

മരംകോച്ചുന്ന തണുപ്പിനോടും, ചുളുചുളെ കുത്തുന്ന കിഴക്കന്‍ കാറ്റിനോടും കോടമഞ്ഞിന്റെ മറവില്‍ കാടിറങ്ങി വരുന്ന ഒറ്റയാന്‍ കൊമ്പനോടുമായിരുന്നു  മോസ്ക്കോ കുന്നുകാരുടെ ഏറ്റുമുട്ടല്‍.

മധ്യവേനലവധിക്കു പള്ളിക്കൂടം അടച്ചാല്‍, കിഴക്കേമേട്ടിലെ കൃഷിയില്ലാത്ത പറമ്പുകളില്‍ കാലികളെ തീറ്റുന്നതാണു എന്റെ പ്രധാന ജോലി. രാവിലെ പോകുമ്പോൾ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ കൈയ്യിലുണ്ടാവും. പൊള്ളുന്ന വെയിലാണെങ്കിലും,   ഇടതടവില്ലാതെ അടിക്കുന്ന തണുത്ത കിഴക്കന്‍ കാറ്റുമേറ്റ് ‍, ചിറ്റീന്തിന്റെ തണലില്‍ ഇരുന്നു പുസ്തകങ്ങളിലെ കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കും..
ചിതലിമലയുടെ താഴ്വാരത്തിലെ ചെമ്പക മരച്ചുവട്ടിന്‍ നില്‍ക്കുന്ന  കൊലുസ്സിട്ട പെണ്‍കുട്ടിയും, വെള്ളിയാങ്കല്ലില്‍ പാറി നടക്കുന്ന  തുമ്പികളും, 
അതിരാണിപ്പാടത്തെ ശീദരനും   മോസ്ക്കോ മലയിലെ  എന്റെ വിരുന്നുകാരായിരുന്നു.

ഒരു ഉച്ചസമയത്താണ് അപ്പുണ്ണി മല കയറി വരുന്നത് ആദ്യമായി കണ്ടത്. എങ്ങോ അത്യാവശ്യത്തിനു പോകുന്നതുപോലെ തിരക്കു പിടിച്ചാണ്  അയാള്‍ നടന്നത്.

 പഴകി മുഴിഞ്ഞ ഒരു സ്വറ്ററും ചുട്ടിത്തോര്‍ത്തുമാണ് വേഷം. വലിപ്പം കൊണ്ടു ഒരു സ്കൂള്‍കുട്ടിയേപ്പോലെ തോന്നിക്കുന്ന അപ്പുണ്ണിയ്ക്ക്  നാല്പതതിനോടടുത്ത് പ്രായം കാണും. തോര്‍ത്ത് മുണ്ടാണെങ്കിലും   മടക്കി കുത്തിയിട്ടുണ്ടായിരുന്നു.

കുറ്റിത്താടിയും കുഴിഞ്ഞകണ്ണുകളും ആയിരുന്നു അപ്പുണ്ണിയുടേത്. ചെറിയ ഒരു തുണി തലയില്‍ കെട്ടിവച്ചിരുന്നു.

കണ്ണെത്തു ദൂരെ ഒരു മനുഷ്യ ജീവിയുമില്ലാത്ത  കുന്നിന്റെ മുകളില്‍ ഓടിക്കയറിവന്ന് എന്റെ മുന്‍പില്‍നിന്ന്   കിതച്ചു കൊണ്ട് പറഞ്ഞു,

"പെണ്ണി തോവാളയ്ക്കു പോയി"

 " പെണ്ണിയോ?"

"പെണ്ണിയില്ലേ പെണ്ണി... തോവാളയ്ക്കു പോയി"

 എനിക്ക് ഒന്നും മനസിലായില്ല

 "ഇന്നലെ പെണ്ണി എനിക്കു അട ചുട്ടു തന്നു... നല്ല  ഗോതമ്പട"

"എന്താ പേര്? "

"പെണ്ണിയില്ലേ പെണ്ണി... തോവാളയ്ക്കു പോയി"

എന്റെ  ചോദ്യങ്ങള്‍ എല്ലാം അവഗണിക്കപ്പെട്ടുകൊണ്ടിരുന്നു. അപ്പുണ്ണിയ്ക്ക് എന്തോ പറയാനുണ്ടായിരിന്നു. അതു പറഞ്ഞു തീര്‍ക്കാന്‍ എന്‍റ്റെ ചോദ്യങ്ങളുടെ സഹായം അയാള്‍ക്കു വേണ്ടിയിരുന്നില്ല.

"വെള്ളമുണ്ടോ വെള്ളം, ഇച്ചിരെ കുടിക്കാന്‍"

 എല്ലാം അയാള്‍ രണ്ടു വട്ടം പറയുന്നുണ്ടായിരുന്നു.

"ഇല്ല, അതാ അവിടെയിരു ചെറിയ കുളമുണ്ട്  "

കാലികള്‍ വെള്ളം കുടിക്കുന്ന ഒരു കുളം മോസ്ക്കോ കുന്നിന്റെ നിറുകയിലുണ്ടായിരുന്നു. അതിന്റെ തൊട്ടു മുകളില്‍ ഉറവ തുടങ്ങുന്നിടത്തു മനുഷ്യര്‍ക്കു കുടിക്കാന്‍ പാകത്തില്‍ ഒരു ചെറിയ കുഴിയില്‍ അല്പ്പം വെള്ളം എപ്പോഴും കാണും.


"വെള്ളമുണ്ടോ വെള്ളം, ഇച്ചിരെ കുടിക്കാന്‍"

എന്റെ ഉത്തരം അയാള്‍ ശ്രദ്ധിച്ചില്ല.

അപ്പുണ്ണി എപ്പോഴും അങ്ങിനെയായിരുന്നു. അയാള്‍ പ്രതീക്ഷിക്കുന്ന ഉത്തരമല്ലെങ്കില്‍ അതു കേള്‍ക്കില്ല. ആരെയോ ഭയപെടുന്നതു പോലെ ഇടയ്ക്കിടയ്ക്കു വെട്ടിതിരിഞ്ഞു നാലു പാടും നോക്കും.

അയാള്‍ വിഷാദഭാവത്തില്‍ കിഴക്കോട്ടു നോക്കി നിന്നു. നേര്‍ത്ത പുകമഞ്ഞില്‍ മൂടിയമല നിരകള്‍ അങ്ങു ദൂരെ കാണാം

 അരാണ് പെണ്ണി? എന്തിനാണ് തോവാളയ്ക്കു പോയത്?  പോയതുകൊണ്ട് എന്താണ് കുഴപ്പം? എല്ലാം ചോദിക്കണമെന്നുണ്ടായിരുന്നു.

പക്ഷേ  മിണ്ടിയില്ല. അയാള്‍ വീണ്ടും വീണ്ടും പെണ്ണി പോയെന്ന് പറയുമെന്നും, വെള്ളം ചോദിക്കുമെന്നും ഞാന്‍ ഭയപ്പെട്ടു.

അല്പ സമയത്തി ശേഷം അപ്പുണ്ണി മലയിറങ്ങിപ്പോയി.

അടുത്ത ദിവസവും അതേ സമയത്ത്  അപ്പുണ്ണി വന്നു. തലേ ദിവസം നടന്നതെല്ലാം ആവര്‍ത്തിച്ചു. വെള്ളം മാത്രം ചോദിച്ചില്ല. അന്നും എന്റെ ചോദ്യങ്ങള്‍ക്കു മറുപടിയൊന്നും തന്നില്ല.

ചോദിക്കാതെ ഒരുകാര്യം കൂടി പറഞ്ഞു,

 “ അപ്പന്‍ എന്നെ തല്ലി”

 “എന്തിന്  ?“

“അപ്പനേയ് അപ്പന്‍ - എന്നെ തല്ലി “

അല്പ സമയം കിഴക്കോട്ടു നോക്കി നിന്നു. പിന്നെ അപ്പുണ്ണി പോയി

ആ വേനല്‍ക്കാലത്തു പിന്നീടുള്ള ദിവസങ്ങളിലെല്ലാം, മോസ്ക്കോ മലയുടെ മുകളില്‍ കഥാപാത്രങ്ങള്‍ക്കൊപ്പം അപ്പുണ്ണിയും എന്റെ നിത്യ സന്ദര്‍ശകരില്‍ ഒരാളായി.

 കുന്നിന്റെ താഴെ പാടത്തിനരികില്‍ താമസിച്ചിരുന്നഎന്റെ സഹപാഠിയായാണ് അയാളുടെ പേര്‍ അപ്പുണ്ണിയെന്നാണെന്നു പറഞ്ഞു തന്നത്. പെണ്ണി അപ്പുണ്ണിയുടെ ഇളയ സഹോദരി ആയിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു   പെണ്ണിയുടെ വിവാഹം, തോവാളയിലെ ഭര്‍തൃ ഗ്രഹത്തിലാണ് ഇപ്പോള്‍ പെണ്ണി.

മദ്യപാനിയായ അച്ഛനും അപ്പുണ്ണിയും പെണ്ണിയും അടങ്ങിയ ചെറിയ കുടുംബമായിരുന്നു അവരുടെത്. അമ്മ ഒരു മഴക്കാലത്തു ഏലതോട്ടത്തിലെ കൂലിപ്പണി കഴിഞ്ഞു വരുന്ന വഴി മരംക്കൊമ്പ്  ഒടിഞ്ഞു വീണു മരിച്ചു. ആ വര്‍ഷം തോരാത്ത മഴയും ശക്തിയായ കിഴക്കന്‍ കാറ്റുമായിരുന്നു.

പിന്നീട് പെണ്ണിയായിരുന്നു അപ്പുണ്ണിയുടെ ഏക സുഹൃത്തും രക്ഷകര്‍ത്താവും. ആ പെണ്ണിയാണ്  പോയിരിക്കുന്നത്. പെണ്ണായി പിറന്നവരെല്ലാം എന്നെങ്കിലും  തോവാളയ്ക്കു പോകേണ്ടവരാണെന്നു അറിയാനുള്ള വളര്‍ച്ച അയാള്‍ക്കില്ലായിരുന്നു. 

ഒന്നു മാത്രം അറിയാം. - അപ്പുണ്ണിയുടെ പെണ്ണി തോവാളയ്ക്കു പോയി.


 നല്ലൊരു ഗായകനായിരുന്നു അപ്പുണ്ണിയുടെ അച്ഛന്‍.

അടുത്ത കാലം വരേയും ഞങ്ങളുടെ ഗ്രാമത്തില്‍ വൈദ്യുതവിളക്കും റോഡും ഉണ്ടായിരുന്നില്ല. രാത്രികാലങ്ങളിൽ വീടുകളിലെ മണ്ണെണ്ണ വിളക്കുകള്‍ നേരത്തേ അണയും.  എല്ലാവരും  ഉറക്കം പിടിക്കും. വര്‍ഷത്തില്‍ പന്ത്രണ്ടു മാസവും  ഞങ്ങളുടെ മലയോര ഗ്രാമം മഞ്ഞില്‍ പുതഞ്ഞു കിടക്കും. .തണുത്ത രാത്രികളിൽ വിജനമായ ഇടവഴികളിലൂടെ നടന്നു പോകുമ്പോൾ, നന്നായി മദ്യപിച്ച അയാള്‍ മനോഹരമായി പാട്ടുപാടുമായിരുന്നു. അങ്ങിനെയാണ് അപ്പുണ്ണിയുടെ അപ്പന്റെ ഗാനങ്ങള്‍ ഗ്രാമവാസികള്‍ കേള്‍ക്കുന്നത്. 

കാനനഛായയിൽ ആടുമേയ്ക്കാൻ..
ഞാനും വരട്ടേയോ നിന്റെ കൂടെ..

അയാള്‍ എന്നും പാട്ടുന്നതു ഒരേ പാട്ടു തന്നെയായിരുനു

എങ്കിലും ചന്ദ്രികേ നമ്മളൊറ്റ.......എന്ന വരികളെത്തുമ്പോഴേക്കും അയാൾ വല്ലാത്തെ ഒരു ഭാവത്തിൽ എത്തുമായിരുന്നു. ശബ്ദം നേര്‍ത്തതായി തീരും. തോണ്ട വിറയ്ക്കുന്നതുപോലെ തോന്നും.

ആവരികൾ പാടുമ്പോൾ അയാളുടെ മനസ്സിൽ എന്തായിരിക്കും..അരായിരിക്കും..?


“ ഇപ്പോള്‍ ഗോതമ്പട തിന്നാറില്ലേ?“ ഒരു ദിവസം അപ്പുണ്ണിയോട് വെറുതെ ലോഗ്യം ചോദിച്ചു

അപ്പുണ്ണി മൌനമായിരുന്നു.

താളം തെറ്റിയ മനസീല്‍ നിന്നും പെണ്ണി ചുട്ടു തന്ന ഗോതമ്പടയുടെ സ്മരണകള്‍ മാഞ്ഞു തുടങ്ങിയുട്ടുണ്ടാവുമോ?

അക്കൊല്ലത്തെ മദ്ധ്യ വേനല്‍ അവധി കഴിഞ്ഞു.

ജൂണിലെ കനത്ത മഴയ്ക്കും, പുതിയ ക്ലാസ്സിലെ  വിശേഷങ്ങള്‍ക്കുമിടയില്‍ അപ്പുണ്ണി വിസ്മരിക്കപ്പെട്ടു.

ഓണപ്പരീക്ഷ കഴിഞ്ഞു പള്ളിക്കൂടം അടച്ചപ്പോള്‍, വിരുന്നു പോകാന്‍ ബന്ധു വീടുകളില്ലാത്ത ഞാന്‍  ഒരു ദിവസം വെറുതെ മോസ്ക്കോ മലയ്ക്കു പോയതായിരുന്നു.

അതാ അപ്പുണ്ണി ഓടി വരുന്നു.

ആദ്യമായി അയാളുടെ മുഖം കാണുന്നതുപോലെ തോന്നി.
അപ്പുണ്ണി ഒന്നും മിണ്ടിയില്ല.
എങ്കിലും,
സൌഹൃതത്തിന്റെ ഒരു കടല്‍ ആ കണ്ണില്‍ തിര തല്ലുന്നതു എനിക്കു വായിച്ചെടുക്കമായിരുന്നു.

അന്നയാള്‍ പെണ്ണിയേപറ്റി പറഞ്ഞില്ല,
ഗോതമ്പ് അടയുടെ രുചിയോ അപ്പന്റെ അടിയുടെ വേദനയോ പങ്കു വച്ചില്ല.

എന്നേയും എന്റെ ലോകവുമെന്തന്നറിയാന്‍ അയാള്‍ക്ക് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

പക്ഷേ, വിഹ്വലതകള്‍ നിറഞ്ഞ മനസീല്‍, ഒരു ചെറിയ വിരലനക്കത്തെ പ്പോലും ഭയത്തോടെ നോക്കിയിരുന്ന കണ്ണില്‍, ആര്‍ക്കുമാര്‍ക്കും പിടിതരാത്ത നിഗൂഡമായ ഉപബോധമനസില്‍, ആ മുഷിഞ്ഞ വസ്ത്രത്തിനുള്ളിലെ  കൊച്ചു ഹൃദയത്തിലെല്ലാം,-   ഒരു സഹജീവിയുടെ സമീപ്യത്തിനു  വേണ്ടിയുള്ള തുടിപ്പ്  എനിക്കു കാണാമായിരുന്നു..

അല്പ നേരം മുഖത്തൊടു മുഖം നൊക്കി നിന്ന ഞാന്‍ തിരിഞ്ഞു നടന്നു.
എന്നും എനിക്കു മുന്‍പേ കുന്നിറങ്ങിപ്പോകാറുള്ള അപ്പുണ്ണി ഞാന്‍ പോകുന്ന വഴിയും നോക്കി നില്‍ക്കുന്നത് എനിക്കു കാണാമായിരുന്നു.

പണ്ട് തോവാളയ്ക്കു നോക്കി നിന്നതു പോലെ.......

ഞാന്‍ അവനെ വിട്ടു പോയി എന്നു പറയാന്‍ പിന്നീട് എന്നെങ്കിലും, ആരെങ്കിലും അപ്പുണ്ണി കണ്ടു മുട്ടിയിട്ടുണ്ടാവുമോ?
..............................................................................................................................................
കഴിഞ്ഞ അവധിക്ക് നാട്ടില്‍ ചെന്നപ്പോല്‍ അപ്പുണ്ണിയുടെ അപ്പന്‍ മരിച്ചവെന്നു ആരോ പറഞ്ഞു. പക്ഷേ അപ്പുണ്ണിയേപ്പറ്റി ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു.

-------------------------------------------------------------------------------------------------
എന്നോ കണ്ടു മറഞ്ഞ എന്റെ സ്നേഹിതന്‍ അപ്പുണ്ണിക്ക്

32 comments:

സജി said...

എന്നോ കണ്ടു മറഞ്ഞ എന്റെ സ്നേഹിതന്‍ അപ്പുണ്ണിക്ക്

പൊറാടത്ത് said...

അപ്പുണ്ണിയെ മനോഹരമായി തന്നെ വരച്ച് കാണിച്ചിരിക്കുന്നു. ആളുടെ രൂപം ശരിക്കും കണ്‍‌മുന്നില്‍..

യാത്രാവിവരണങ്ങള്‍ക്കിടയില്‍ ഇങ്ങനേം ഓരോന്ന് സുഖിക്കുന്നുണ്ട് മാഷേ...

(ഈ ബ്ലോഗിന്റെ യൂ ആര്‍ എല്‍ എങ്ങനെ ഇങ്ങനെയായി??!!)

ഒഴാക്കന്‍. said...

ശരിക്കും രസിപ്പിച്ചു അച്ചായോ

kichu / കിച്ചു said...

അപ്പുണ്ണി മറഞ്ഞില്ല അച്ചായാ.. ഇവിടെ ജീവിക്കുന്നുണ്ടല്ലോ. ഈ വരികളിലെല്ലാം :)

നാടകക്കാരന്‍ said...

സജിച്ചായാ ഏതായാലും പരീക്ഷണം കലക്കി നല്ല കഥ അപ്പുണ്ണിയെപ്പോലെ ഓരോ യാത്രകളിലും നമുക്കോർമ്മിക്കാൻ ഓരോ കഥാപാത്രങ്ങൾ ഉണ്ടാകും അവരെ ഒന്നും ആരും പലപ്പോഴും ഓർക്കാറില്ല എന്തായാലും നന്നായി

ഞാന്‍ ഇരിങ്ങല്‍ said...

എന്‍റെ ഒരു ഓര്‍മ്മ ശരിയാണെങ്കില്‍ നാലുകെട്ടു മുതല്‍ ഇങ്ങോട്ട് അപ്പുണ്ണീമാര്‍ നമ്മുടെ മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടായിട്ടൂണ്ടെന്നാണ് ഞാന്‍ കരുതുന്നത്. നാടകത്തിലും സിനിമയിലും അതു പോലെ നോവല്‍,കഥയിലുമൊക്കെ അപ്പുണ്ണിമാര്‍ വിഹരിച്ച് നടന്നിട്ടുണ്ട്. അങ്ങിനെ ബ്ലോഗിലുമെത്തിയ അപ്പുണ്ണിയെ സന്തോഷത്തോടെ സ്വീകരിക്കുന്നു.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

മാണിക്യം said...

എന്തെങ്കിലും തമാശകഥയാവും എന്നു ഓര്‍‌ത്താണ് വായന തുടങ്ങിയത് ... വീണ്ടൂം സജിയുടെ മനസ്സിലെ നന്മയാണിവിടെ ഞാന്‍ വായിച്ചത്. ഒരു പക്ഷെ ധീര വീരകൃത്യങ്ങള്‍ ചെയ്യാത്ത ഹീറോ അല്ലത്ത അപ്പുണ്ണിയെ ആരും ശ്രദ്ധിച്ചിരിക്കില്ല, അല്ലങ്കില്‍ അവന്റെ ക്ഷേമം അന്വേഷിക്കാനും ഒരു ബാധ്യതയാക്കാനും മറ്റുള്ളവര്‍ക്ക് ക്ഷമയില്ലായിരുന്നിരിക്കാം ... വാക്കുകളിലൂടെ ഇതു വായിക്കുന്ന ഓരോരുത്തരുടെ മനസ്സിലും സജി അപ്പൂണ്ണിയെ വരച്ചിട്ടു,വിഞ്ജാനപ്രദവും സാഹസീകവുമായ യാത്രാവിവരണങ്ങളില്‍ മാത്രമല്ല മനസ്സിനെ തൊടുന്ന ഇത്തരം കഥാനുഭവങ്ങളും മേത്തരമായി അവതരിപ്പിക്കുന്ന ഈ എഴുത്തിനു അഭിനന്ദനങ്ങള്‍

Manoraj said...

അച്ചായാ, അപ്പോൾ ഇതും കൈയിലുണ്ടല്ലേ.. അപ്പുണ്ണിയെ നന്നായി വരച്ചു കാട്ടി.

jayanEvoor said...

നല്ല ഓർമ്മ. നല്ല എഴുത്ത്.

ആളവന്‍താന്‍ said...

ഉണ്ടാവും അച്ചായാ, പലര്‍ക്കും ഉണ്ടാവും ഇതുപോലൊരു ബന്ധം. എന്നും മനസ്സില്‍ ഒരു നോവായ്‌ നിറഞ്ഞു നില്‍ക്കുന്ന ഒരാള്‍.... പലപ്പോഴും നമുക്ക് തിരികെ എത്തിപ്പെടാന്‍ പറ്റാത്ത, എവിടെയോ...

sherriff kottarakara said...

മനസ്സില്‍ എവിടെയോ ദുഖത്തിന്റെ മൂളലുകള്‍...
ശരിയാണു എല്ലാവര്‍ക്കും ഓര്‍മകളുടെ മൂടല്‍ മഞ്ഞിന്റെ അപ്പുറം ഈ തരത്തിലുള്ള പരിചയങ്ങള്‍ കാണും. ഇതു പോലുള്ള രചനകള്‍ ആ മൂടല്‍ മഞ്ഞിനു അപ്പുറത്തേക്കു നമ്മെ നയിച്ചു പഴയ സൌഹ്രദത്തിന്റെ മിന്നായങ്ങള്‍ കാണിച്ചു തരുമ്പോള്‍ ഉണ്ടാകുന്ന ദുഖത്തിന്റെ മൂളലുകള്‍....
നല്ല പോസ്റ്റ് സജീ.

റ്റോംസ് കോനുമഠം said...

ശരിക്കും അപ്പുണ്ണി രസിപ്പിച്ചു.
പിന്നെ...ഒഴുക്കുള്ള രചനയ്ക്കു ഒരുമ്മ

പാവപ്പെട്ടവന്‍ said...

വളരെ മനോഹരമായി അപ്പുണ്ണിയെ വരച്ചിട്ടു. എപ്പോളോ ഉണ്ടായിരുന്ന ആ സുഹൃത്ത് ഇവിടെ സുപരിചിതനായി

Manju Manoj said...

പണ്ട് മാതൃഭുമി ആഴ്ചപ്പതിപ്പില്‍ വായിച്ചിരുന്ന കഥകളെ ഓര്‍മിപ്പിച്ചു ഈ കഥ.... വളരെ നന്നായി എഴുതിയിരിക്കുന്നു....ആശംസകള്‍

siya said...

എല്ലാവരും പറഞ്ഞപോലെ ''അപ്പുണ്ണി ''നന്നായി ...എല്ലാം കൊണ്ടും ,ഞാന്‍ എന്‍റെ പുഴയുടെ തീരത്ത് ഇരുന്നു സ്വപ്നം കണ്ടതുപോലെ തോന്നി,..എനിക്ക് അവിടെ കൂട്ട് ഒരു അപ്പു എന്ന ഒരു പെണ്‍കുട്ടി ആയിരുന്നു . .ഇനിയും ഇതുപോലെ ''ഓര്‍മ്മകള്‍ ഒരുപാടു എടുത്തു എഴുത്ത്..തുടരട്ടെ ''.........ഇത് എന്നോട് അച്ചായന്‍ പറഞ്ഞ ഒരു വാചകം ആണ് അതുപോലെ ഇവിടെ ഞാനും പറഞ്ഞിട്ടും ഉണ്ട് ...

ഷിനു മോഹന്‍ said...

എത്ര ചെറിയ അനുഭവവും വാക്കുകള്‍ കൊണ്ട് ഹൃദയസ്പര്‍ശിയാക്കാം എന്നതിന്റെ മകുടോദാഹരണമാണീ രചന.

ഹരീഷ് തൊടുപുഴ said...

അച്ചായാ..

നല്ല ഒന്നാന്തരം എഴുത്ത്..!!
പക്വതയുള്ള ഒരു യുവ സാഹിത്യകാരന്‍ അച്ചായന്റെ ഉള്ളില്‍ മറഞ്ഞിരുപ്പുണ്ട് എന്നീ പോസ്റ്റ് ഓര്‍മ്മപ്പെടുത്തുന്നു..

മോസ്കോ ഗ്രാമം പട്ടയക്കുടിക്കടുത്താണൊ??
അടുത്ത പ്രാവശ്യത്തെ യാത്ര മോസ്കോ ഗ്രാമത്തിലേക്കാക്കിയാലോ??
കൊതിയാവുന്നുണ്ട് ആ മഞ്ഞുമലകള്‍ കാണാന്‍..

കിടങ്ങൂരാൻ said...

നല്ല എഴുത്ത്‌ സജി... തുടരുക..

സോജന്‍ തോമസ് said...

നല്ല കഥ, രണ്ട് വട്ടം വായിച്ചു.

Sandhya said...

" പക്ഷേ, വിഹ്വലതകള്‍ നിറഞ്ഞ മനസീല്‍, ഒരു ചെറിയ് വിരലനക്കത്തെ പ്പോലും ഭയത്തോടെ നോക്കിയിരുന്ന കണ്ണില്‍, ആര്‍ക്കുമാര്‍ക്കും പിടിതരാത്ത നിഗൂഡമായ ഉപബോധമനസില്‍-ആ മുഷിഞ്ഞ വസ്ത്രത്തിനുള്ളിലെ കൊച്ചു ഹൃദയത്തിലെല്ലാം,- ഒരു സഹജീവിയുടെ സമീപ്യത്തിനു വേണ്ടിയുള്ള തുടിപ്പ് എനിക്കു കാണാമായിരുന്നു...."

ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വരികൾ

-സന്ധ്യ

junaith said...

അപ്പുണ്ണി ഇവിടെ ജീവിക്കുന്നു അച്ചായ...
മനസ്സില്‍ തട്ടി..

Thommy said...

Liked it much

സജി said...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി പറയാനല്ലാതെ ഇതേപറ്റി ഒന്നും പറയാനില്ല.!

ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദി.

നിധീഷ് said...

നന്നായിട്ടുണ്ട് ... ആശംസകള്‍

Jishad Cronic™ said...

അപ്പുണ്ണിയെ നന്നായി വരച്ചു കാട്ടി.

രസികന്‍ said...

അച്ചായാ .. നന്നായിരുന്നു

Captain Haddock said...

:( മം..

jyo said...

മനസ്സില്‍ തട്ടി അപ്പുണ്ണി എന്ന കഥാപാത്രം.വളരെ നന്നായി എഴുതി.

യൂസുഫ്പ said...

സജി, ഉള്ളിലെവിടെയോ ഒരു നീറ്റൽ..വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടത് പോലെ.നന്നായി എഴുതി. എല്ലാ ഭാവുകങ്ങളും.

വാക്കേറുകള്‍ said...

“അപ്പുണ്ണീടെ പെണ്ണി“ അച്ചായാ അന്യായ ടൈറ്റില്‍ ഒരു സൊല്പം സ്ലിപ്പായാണ്ടാല്ലാ. ഹൌ...പറയണില്ല.
എന്തായാലും എഴുത്ത് ഉഗ്രനായിട്ടുണ്ട്.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

നന്നായിരിക്കുന്നു

ഒറ്റയാന്‍ said...

അച്ചായോ.....നല്ല കഥ...അപ്പുണ്ണി മനസ്സില്‍ തന്നെ നില്‍ക്കുന്നു