Thursday, February 26, 2009

മറക്കാനാവാത്ത പുസ്തകം

ഏറ്റവും അധികം ഇഷ്ടപ്പെട്ട പ്രണയ നോവല്‍ ഏതെന്നു ചോദിച്ചാല്‍ രണ്ടാമതൊന്നു ആലോചിക്കാതെ പറയാം വിലാസിനിയുടെ ഊഞ്ഞാല്‍.
വളരെ കുറച്ചു പുസ്തങ്ങള്‍ മാത്രമെഴുതിയിട്ടും മലയാളിയുടെ മനസ്സില്‍ സ്ഥാനം പിടിച്ച മഹാനായ എഴുത്തുകാരന്നായിരുന്നു എം. കെ മേനോന്‍ എന്ന വിലാസിനി.
“ഇണങ്ങാത്ത കണ്ണികളി“ലെ ദാര്‍ശനികതയും,“അവകാശികളു“ടെ ബൃഹുത്തും വിശാലവുമായ കഥാഭൂമിയും “ഊഞ്ഞാലി“ലെ പ്രണയ തീക്ഷ്ണമായ രംഗങ്ങളും,ഒറ്റവായനക്കു തന്നെ വിലാസിനിയെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ആക്കുന്നു.

പ്രണയം പോലുള്ള ചില വിഷയങ്ങള്‍ ആര്, എങ്ങിനെ കൈകാര്യം ചെയ്താലും ഒരു പൈങ്കിളിച്ചുവ വന്നു പോകും.കാരണം പ്രണയത്തിന്റെ പ്രഭവസ്ഥാനം തലച്ചോറല്ല, മറിച്ചു ഹൃദയമാണ്. ലളിതവും, സുന്ദരവുമാണ് പ്രണയത്തിന്റെ ഭാഷ !
വിലാസിനിയുടെ ഭാഷയില്‍ പറഞ്ഞാല്‍,പ്രണയത്തുന് കണ്ണുണ്ട്-അതു സൌന്ദര്യം മാത്രം ദര്‍ശിക്കുന്നു, പ്രണയത്തിനു മൂക്ക് ഉണ്ട്- അതു സുഗന്ധം മാത്രം ആവഹിക്കുന്നു,പ്രണയത്തിനു കാതുമുണ്ട് അതു സംഗീതം മാത്രം ശ്രവിക്കുന്നു. എന്നാല്‍ പ്രണയത്തിനു ഇല്ലാത്ത തല‍ച്ചോറാണ്- അതിനു ചിന്തിക്കാന്‍ മാത്രം കഴിയുന്നില്ല! അല്ലെങ്കില്‍ തന്നേക്കാള്‍ പ്രായം കൂടിയ ചില്ലിക്കാട്ടെ വിനോദിനിയെ കഥാ നായകനായ വിജയന്‍ പ്രണയിക്കുകയില്ലായിരുന്നല്ലൊ!


ആത്മകഥാപരമായ കുറേ അംശങ്ങങ്ങള്‍ ഊഞ്ഞാലില്‍ ഉണ്ടെന്നു തോന്നുന്നു. മേനോന്റെ തൂലികാ നാമം വിലാസിനി എന്നായതും കഥാ നായികയുടെ പേരു വിനോദിനി എന്നായതും യാദൃശ്ചികമാണെന്നു കരുതാന്‍ വയ്യ.
മേനോന്‍ നാടുവിട്ടു പോയി ജോലി ചെയ്ത സിംങ്കപൂരും,സ്വന്തനാടും നാട്ടുകാരും ഊഞ്ഞാലിലില്‍ കടന്നു വരുന്നുണ്ട്.
പക്ഷേ,ഇത്രയും വികാര തീവ്രമായ ഒരു നോവല്‍ എഴുതിയ മേനോന്‍, സമൂഹവുമായി സുഖകരമായ ഒരു ബന്ധം സൂക്ഷിച്ചില്ല. സ്വപ്നം കണ്ടൊതൊന്നു നല്‍കാത്ത ലോകത്തോടും ജീവിതത്തോടും മേനോന്‍ പുറം തിരിഞ്ഞു നടന്നതാവണം. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരുടെയും വിവാഹത്തില്‍ പങ്കെടുത്തില്ല എന്നു എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. ശ്രീകോവില്‍ എന്ന തന്റെ വീടിന്റെ നട സന്ദര്‍ശകര്‍ക്കു മുന്‍പില്‍ തുറക്കപ്പെട്ടില്ല. അവസാനം, ജീവിതത്തോടുള്ള കൈയ്പ്പു തുറന്നു കാട്ടാനാവണം, ഒസ്യത്തില്‍ എഴുതി “ ഞാന്‍ മരിച്ചു കഴിഞ്ഞിട്ടു അടുത്ത നൂറു വര്‍ഷത്തേക്ക് എന്റെ പേരില്‍ ഒരു സ്മാരകമോ പണിയുകയോ പുരസ്കാരങ്ങള്‍ നല്‍കുകയോ അരുത്”
ഇങ്ങിനെയൊക്കെആയിട്ടും, ഒരിക്കലും മറക്കാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഊഞ്ഞാല്‍,ഹൃദ്യമായ പരിമളം പരത്തി ഇന്നും മലയാള സാഹിത്യ അരാമത്തില്‍ പരിലസിക്കുന്നു.

ഒരുമിച്ചു കളിച്ചു വളര്‍ന്ന വിനുവമായി വിജയന്‍ അടുപ്പത്തില്‍ ആകുന്നതു യാദൃശ്ചികമായിട്ടു ആയിരുന്നു. എന്നാല്‍ ഏതു പ്രേമത്തേയും പോലെ ഒതു വളരെപ്പെട്ടെന്നു വളര്‍ന്ന് എല്ലാ സീമകളേയും ലംഘിച്ചു.വിജയന്റെ പുസ്തക ശേഖരങ്ങളില്‍ നിന്നും കവിതാപുസ്തകങ്ങള്‍ വായിക്കാന്‍ വിനു പതിവായി വരാറുണ്ടായിരുന്നു. പ്രണയം കിനിയുന്ന വരികള്‍ക്കു കീഴില്‍ അടിവരയിട്ടു കൈമാറുന്നത് പതിവായിത്തീര്‍ന്നു.

“ഒന്നുമെനിക്കു വേണ്ട മൃദു ചിത്തത്തി
ലെന്നേക്ക്കുറിച്ചൊരോര്‍മ്മ മാത്രം മതി”

“ത്വല്പാ‍ദ പങ്കജം മുത്തുവാനല്ലാതെ
മല്പ്രാണഭൃംഗത്തിനാശയില്ല”

തുടങ്ങിയ മഹാകവികളുടെ പല വരികളും വായനക്കരുടെ ഉള്ളിലും വേലിയേറ്റം ഉണ്ടാക്കതിരിക്കുകയില്ല

കഥയുടെയും പ്രേമത്തിന്റെയും വളര്‍ച്ചയും പരിണാമങ്ങളും എല്ലാം ക്ഷേത്രവും, ഹൈന്ദവ ആചാരങ്ങളുമായി ഇഴചേര്‍ന്നുകൊണ്ടാണ്.തിരുവാതിരയും, ശിവരാത്രിയും കളമെഴുത്തും നിറമാലയും, നിര്‍മ്മാല്യവും കഥാപാത്രങ്ങള്‍ക്കൊപ്പം മനസ്സിലേക്കു ചേക്കേറുന്ന കഥാ സന്ദര്‍ഭങ്ങളത്രേ.

ഒരു പക്ഷേ, നാല്‍പ്പതുകളില്‍ ഒരു ഉല്‍നാടന്‍ ഗ്രാമത്തിലെ കമിതാക്കള്‍ക്കു കണ്ടു മുട്ടുവാന്‍ വേദിയൊരുക്കുന്ന രംഗങ്ങള്‍ എല്ലാം തന്നെ ക്ഷേത്രവും പരിസരങ്ങളും ആകുന്നത് കാലത്തിന്റെ പ്രത്യേകതയായി കരുതാം.

പ്രണയ നൈരാശ്യത്തില്‍ നാടുവിട്ട വിജയന്‍ ദീര്‍ഘകാലം സിങ്കപ്പൂറില്‍ ജോലി ചെയ്യുന്നു. ഒരിക്കല്‍പ്പോലും അവധിക്കു നാട്ടില്‍ വന്നില്ല.വിജയന്റെ മടങ്ങിവരവു വരെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വിനു മറ്റൊരാളുടെ വരണമാല്യം അണിയേണ്ടി വരുന്നു. വിനുവിന്റെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ച്,വിനു ചില്ലിക്കാട്ടേക്കു മടങ്ങി വന്നു എന്ന് അറിഞ്ഞിട്ട് വര്‍ഷങ്ങള്‍ നീണ്ട പ്രവാസം മതിയാക്കി വിജയന്‍ നാട്ടില്‍ എത്തുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്.

തുടര്‍ന്നു പഴയ കാലക്കാളും തീക്ഷ്ണമായ പ്രണയ രംഗങ്ങള്‍ക്ക് ചൂളക്കര ഗ്രാമം സാക്ഷിയാകുന്നു. ഇനിയെങ്കിലും ഒരുമിച്ചു ജീവിതം ആരംഭിക്കാമെന്ന സ്വപ്നങ്ങള്‍ക്ക്, വിധി വീണ്ടും വിലങ്ങു തടിയാവുന്നു.


വായിച്ച പുസ്തകങ്ങളിലെ നായകന്‍ പ്രണയിച്ച എല്ലാ നായികമാരെയും ഞാനും പ്രണയിച്ചിട്ടുണ്ട്.പുസ്തങ്ങളില്‍ നിന്നു പുസ്തകങ്ങളിലേക്കു വായന നീളുമ്പോല്‍ പുതിയ നായികമാര്‍ വരികയും പഴയവര്‍ പിന്‍‌വാങ്ങുകയും ചെയ്യും. എന്നാല്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും, വിനു മാത്രം ഇന്നും മനസ്സില്‍ മങ്ങാതെ നില നില്‍ക്കുന്നു! മേനോന്റെ പാത്ര സൃഷ്ടിയുടെ മേന്മയാകാം!
അല്ലെങ്കില്‍ സഫലീകരിക്കാതെ പോയ സ്വപ്നങ്ങളുടെ സാക്ഷ്യ പത്രമാവാം!

ആശ്രമ ജീവിതം വരെ എത്തിയ എന്റെ ഹൈന്ദവ മതത്തോടുള്ള സ്നേഹം മൊട്ടിട്ടതും ഈ പുസ്തക പാരായണത്തോടെയാണെന്നു പറഞ്ഞാല്‍ തെറ്റാവില്ല!

ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ “വായിച്ചതില്‍ വച്ചു ഒരിക്കലും മറക്കാനാവാത്ത പുസ്തകം!“