Thursday, March 5, 2009

പൂച്ചക്കണ്ണുള്ള പാറ്റ്നാക്കാരി


“യേ പതാ സയി ഹേ..“

കണ്ണിറുക്കുക്കാണിച്ചുകൊണ്ട് പൂച്ചക്കണ്ണുള്ള ആ പാറ്റ്നാക്കാരി പറഞ്ഞു.

“ജരൂര്‍ ആന എക് ദിന്‍“

“ഒകെ, ഐ വില്‍” ഹിന്ദി മനസ്സിലാകുമെങ്കിലും പറയാന്‍ അറിയില്ലായിരുന്നു.

ആദ്യത്തെ ട്രയിന്‍ യാത്രയുടെ ക്ഷീണം കാലുകളെ തളര്‍ത്തി.
കുര്‍ളസ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഒന്നു കിടന്നാല്‍ മതിയെന്നു തോന്നി.
നേരിയ ഇരുട്ടില്‍ പുതച്ചു കിടക്കുന്ന ബോംബെ.ഞെട്ടിപ്പിക്കുന്ന അനേകം കഥകളുടെ ഈറ്റില്ലമായ മഹാനഗരം ശാന്തമായി ഉറങ്ങുന്നു. തണുപ്പില്‍ കീറത്തുണി വാരിപ്പുതച്ചു റയില്‍വേ ട്രാക്കിന്റെ അടുത്ത് യാചകര്‍ ചുരുണ്ട് കൂടി കിടക്കുന്നു.മൂടല്‍ മഞ്ഞും പുകയും അന്തരീക്ഷത്തെ ചൂഴ്ന്നു നില്‍ക്കുന്നു. പോട്ടര്‍മാര്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച് എന്തെക്കോ വിളി‍ച്ചു പറഞ്ഞുകൊണ്ട് തലങ്ങും വിലങ്ങും നടക്കുന്നു. ദാരിദ്ര്യത്തില്‍ മുങ്ങിയ ഏതോ ആദിവാസിക്കോളനിയില്‍ ചെന്നെത്തിയ പ്രതീതി.

ട്രയിനില്‍ നിന്നും ഇറങ്ങിയ ആളുകള്‍ എങ്ങോട്ടൊ ഓടാന്‍ തുടങ്ങി. ഞാന്‍ അല്‍ഭുതത്തോടെ നോക്കി നിന്നു.

എല്ലാവരും ഒരേ ദിശയിലേക്ക്....കഴിഞ്ഞ മൂന്നു ദിവസങ്ങളായി തീവണ്ടി വിശ്രമമില്ലാതെ ഓടുകയായിരുന്നു.യാത്രക്കാര്‍ ശാന്തരായി വര്‍ത്തമാനം പറഞ്ഞിരുന്നു, ആഹാരം കഴിച്ചു, കിടന്നു, പരസ്പരം പരിചയപ്പെട്ടു. മൂന്നാം ദിവസം ട്രൈയില്‍ കുര്‍ള സ്റ്റേഷനില്‍ വന്നു നിന്നു. അതു വരെ ശാന്തരായിരുന്ന യാത്രക്കാര്‍ തീവണ്ടിയുടെ ആവേഗം ഏറ്റെടുത്ത്, പെട്ടെന്നു എന്തോ മറന്നത് എടുക്കാന്‍ എന്നപോലെ പുറത്തേക്കു ഓടിത്തുടങ്ങി. ചിലര്‍ തമ്മില്‍ കൈ വീശി കാണിച്ചു. ആരോ താക്കോല്‍ ഇട്ടു തിരുച്ചുവിട്ടതുപോലെ തമ്മില്‍ മുട്ടാതെ,സംശയിച്ചു നില്‍ക്കാതെ ഒഴുകുന്ന ഒരു മനുഷ്യ നദി പോലെയായി പ്ലാറ്റുഫോം.

തിരക്കിനടയില്‍ അവള്‍ തന്ന തുണ്ട് കടലാസ് പോക്കറ്റില്‍ ഇട്ടു.
ഒന്നുകൂടി തിരിഞ്ഞു അവളെ നോക്കി. ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടുകള്‍ കടും നിരത്തിലുള്ള ചുരിദാര്‍. ദിവസങ്ങളായ് യാത്രയിലായിരുന്നതിനാൽ പാറിപ്പറക്കുന്ന തോളറ്റം വരെ നീട്ടിയ മുടി.ശരിക്കും ഒരു ഉത്തരേന്ത്യന്‍ സുന്ദരി.

ഒന്നുകൂടി പുഞ്ചിരിച്ചിട്ട് അവള്‍ തലവെട്ടിത്തിരിച്ചു നടന്നു പോയി. കഴിഞ്ഞ മൂന്നു ദിവസമായി ഒരു നിറസാന്നിദ്ധ്യമായി പാറ്റ്നാക്കാരി ഞങ്ങളുടെ കമ്പാര്‍റ്റ്മെന്റില്‍ പാറിനടന്നു. നല്ല ചുറുചുറുക്കും എല്ലാവരോടും സൌഹൃദ ഭാവവും.

കൊച്ചിയില്‍ ആരെയോ കാണാന്‍ പോയതാണത്രേ.ബോംബയിലാണ് സ്ഥിരതാമസം.

പിന്നീടുള്ള എന്റെ ദിനങ്ങൾ  ദിവസങ്ങള്‍ സംഭവ ബഹുലമായിരുന്നു.

ഞങ്ങള്‍ പത്തു മുപ്പതു പേര്‍ ബാപ്പൂട്ടിക്കായൂടെമുറിയില്‍ മുട്ടി മുട്ടിക്കിടന്നുറങ്ങി.

അതിരാവിലെ എഴുന്നേറ്റ് സായിബാബയുടെ ചിത്രത്തിനു മുന്‍പില്‍ കണ്ണടച്ചിരിക്കുന്ന തടിയന്‍ റെഡ്ഡിയാരും,ചീട്ടുകൊണ്ടു കയ്യടക്കം കാണിക്കുന്ന റാഞ്ചിക്കാരന്‍ സഞ്ചീവും, അമ്മായിയമ്മ ആഭിചാരം ചയ്തിട്ടാണ് ജോലി കിട്ടാത്തത് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഫോര്‍ട്ടു കൊച്ചിക്കാരന്‍ ലോറന്‍സും,കലപില കൂടുന്ന ആന്ധ്രാക്കരായ കപ്പല്‍ ജീവനക്കാരും, പിന്നെ, അതിലൊരാളായി ഞാനും.

ബോംബയില്‍ പുതിയതായി എത്തുന്ന ഏതൊരു മലയാളിയെയും എന്നപോലെ പോലെ, എന്നേക്കൂടി ഉള്‍ക്കൊള്ളാന്‍ ആ മുറിക്ക് വിശാലതയുണ്ടായി.
ഒരു വിസ എന്നേയും കാത്തു ആ മഹാ നഗരത്തില്‍ ഉണ്ടായിരുന്നു.
ഒത്തിരി അലച്ചിലിനു ശേഷം, ഞാന്‍ എനിക്കായ് വിസ ഒരുക്കി വച്ചിരുന്ന ട്രാവല്‍ ഓഫീസില്‍ എത്തി.

മെഡിക്കല്‍ കഴിഞ്ഞു തിരിച്ച് എത്തിയപ്പോള്‍ അന്നു ട്രെയിനിലുണ്ടായിരുന്ന നാട്ടുകാരൻ ട്വൈൻ ചോദിച്ചു,

“നമുക്ക് അവളെക്കാണാന്‍ പോയാലോ?”
“ആരെ?”
“ആ പാറ്റ്നാക്കാരിയെ?”

ഒരു വിസക്കായുള്ള പരക്കം പാച്ചിലില്‍ അവളെ മറന്നേ പോയിരുന്നു.

സ്യൂട്കേസില്‍ നിന്നും തുണ്ടു കടലാസ്സ് തപ്പിയെടുത്തു. അഡ്രസ്സ് ശരിയായിരിയ്ക്കുമോ?

ജൂഹു കോളീവാഡ.
ജൂഹു ബീച്ച് രോഡിനു മുന്‍പുള്ള സ്റ്റോപ്പില്‍ ഇറങ്ങിയിട്ടു ഇടത്തോട്ടുള്ള വഴിയേനടന്നു. വഴിയുടെ വീതികുറഞ്ഞു ഒരു വലിയ കോളനിയിലേക്കു യാത്ര നീണ്ടു.

അടുക്കി വെച്ച കൊച്ചു കൊച്ചു വീടുകളുടെ ഇടയിലൂടെ കുറേ ദൂരം. ഒരു ചെറിയ രണ്ടു നിലകെട്ടിടത്തിനു മുന്‍പില്‍ യാത്ര അവസാനിച്ചു.

“വോ അഭി അഭി ബാഹർ ഗയാ ഹൈ. ആപ് ലോക് ദേഖാ നഹി?“

ഇപ്പോള്‍ ഇവള്‍ പുറത്തു പോയത്രേ!.

അവളുടെ മുറിക്കു എതിര്‍ വശത്തു താമസിക്കുന്ന ഗോവക്കാരന്‍ പറഞ്ഞു.
കുടുംബമായി താമസിക്കുന്ന ഗോവക്കാരന്‍, തനിയെ താമസിക്കുന്ന അയല്‍ക്കാരിയെ കാണാനെത്തിയ അന്യസംസ്ഥാക്കാരായ ഞങ്ങളോട് വളരെ മാന്യമായി തന്നെ പെരുമാറി.

ട്രയിനില്‍ വച്ചു എല്ലാവരോടും കുഴഞ്ഞ് ആടി പൊട്ടിച്ചിരിച്ച് യാത്ര ചെയ്ത അവളൊട്ചങ്ങാത്തം കൂടുവാൻ എല്ലാവരും ആഗ്രഹിച്ചു. ഓരോ സ്റ്റേഷനിൽ നിർത്തുമ്പോഴും അവളുടെ ജനാലയ്ക്കരികിൽ തിരക്കാണ്.  ആരേയും അവൾ നിരാശപ്പെടുത്തിയതും ഇല്ല, എതിർവശത്തിരുന്ന എന്നെയൊഴികെ.  കാരണം എനിയ്ക് ഹിന്ദി അറിയില്ലായിരുന്നു.

രാത്രി സമയത്ത് അവൾ ഉറങ്ങാറില്ല, സ്വാഭാവികമായി എതിർവശത്തിരിന്ന ഞാനും.  അങ്ങിനെ പതിയെ പതിയെ ഞാനും സംസാരിച്ചു തുടങ്ങി.  ഹിന്ദിയുടെ ബാലപാഠം ഞാനും പഠിച്ചു.
ചിരിയ്ക്കും കളിയ്ക്കും അപ്പുറത്ത് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതുപോലെ തോന്നി. 

 യാത്രയുടെ അവസാനം അവളുടെ ജനാലയിൽ ചെറുപ്പക്കാരുടെ നീണ്ട നിര, എല്ലാവർക്കും അഡ്രസ് വേണം.  ഞാനും വാങ്ങാൻ മറന്നില്ല. അഡ്രസ്സ് എഴുതിയ തുണ്ടുകടലാസ് തരുമ്പോൽ അവൾ അടക്കം  പറഞ്ഞു.
“നിനക്കു തരുന്ന അഡ്രെസ്സ് മാത്രം ശരിയാണ്, മറക്കാതെ ഒരു ദിവസം വരണം!”

ആദ്യം മുതല്‍ തന്നെ നല്ല അഭിപ്രായം ഇല്ലായിരുന്നു, ഈ സംസാരംഅതു ഉറപ്പിച്ചു..

ട്വയിന്‍ അന്നേ പറഞ്ഞതാണ്‍, തിരക്കുകഴിയുമ്പോള്‍ നമുക്കിവളെ കാണാന്‍ പോകണമെന്ന്.

പക്ഷേ, ഈ ഗോവക്കാരന്റെ പെരുമാറ്റം തരുന്ന സൂചന, അവള്‍ ഒരു നല്ലകുട്ടി ആണന്നല്ലേ?

“ദേഖോ, വോ ആയി ഹൈ”!
ഒറ്റനോട്ടത്തില്‍ തിരിച്ച് അറിയാന്‍ കഴിഞ്ഞില്ല! ഇളം നിറത്തിലുള്ള സാരി ഉത്തരേന്ത്യന്‍ മാതൃകയില്‍ ഉടുത്ത്,ഒരു ശാലീന ഭാവത്തോടെ,അവള്‍!
ഞങ്ങളെക്കണ്ട് പെട്ടെന്നു ഒരു നിമിഷം!

“നമസ്തേ..!” കൈ കൂപ്പി നില്‍ക്കുന്ന ആ രൂപം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കണ്മുന്‍പില്‍ കാണാം.

ട്രയില്‍ വച്ചു കണ്ട ഒരു സ്വഭാവം മാത്രം അവളില്‍ അപ്പോഴും  ഉണ്ടായിരുന്നു - നിറുത്താതെയുള്ള  ആ സംസാരം.

പാറ്റ്നായിലുള്ള മാതപിതാക്കളേപ്പറ്റിയും, ബോംബയില്‍ അവള്‍ക്കു താമസിക്കാന്‍ തന്റെ മുറിയും മറ്റു എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന ലണ്ടനിലുള്ള അമ്മാവനേപ്പറ്റിയും .. പിന്നെ, പിന്നെ പാറ്റ്നായിലെ കാമുകനേപ്പറ്റിയും, ഒക്കെ അവള്‍ പറഞ്ഞു.
 
അവരുടെ വിവാഹത്തില്‍ വീട്ടുകാര്‍ക്കു താല്പര്യമില്ലാത്തതില്‍ വീടുവിട്ടിറങ്ങിയ കഥയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും നേരം വൈകി.
തിരുച്ചു പോരുമ്പോല്‍ ഞങ്ങള്‍ ഒന്നു മിണ്ടാതെ നടന്നു. അവള്‍ പറഞ്ഞ കഥകളില്‍ അവിശ്വസ്നീയമായ ഇട്ടേറെ ഇഴകള്‍ ഉണ്ടായിരുന്നു, എങ്കിലും അവളോടു ചോദിക്കുവാനോ, എന്തിനു, ഒന്നു ചര്‍ച്ച ചെയ്യാനോ ഞങ്ങള്‍ ഇഷ്ടപ്പെട്ടില്ല.

അവള്‍ പറഞ്ഞ കഥകള്‍ വിശ്വസിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.

ഗോവക്കാരനെ കണ്ടു യാത്ര പറയുമ്പോള്‍ അവള്‍ ഓടി വന്നു പറഞ്ഞു “അടുത്ത മാസം അമ്മാവന്‍ വരും. ഞങ്ങളുടെ വിവാഹം കാണും, മിക്കവാറും പാറ്റ്നായില്‍ വച്ച് ആയിരിക്കും. നിങ്ങള്‍, ബോംബെയില്‍ ഉണ്ടെങ്കില്‍ വരണം”

ബാപ്പൂട്ടിക്കായുടെ മുറിയിലെ ഫോണ്‍ നമ്പര്‍ കൊടുത്ത്, ഞങ്ങള്‍ തിരിച്ചു.

താമസിയാതെ ഞാന്‍ സൌദിക്കു പോയി.

മൂന്നു മാസം കഴിഞ്ഞു , വിസ ഇടപാടില്‍ കബളിപ്പിക്ക പ്പെട്ട ഞാന്‍ ജോലിയൊന്നും ലഭിക്കാതെ തിരിച്ചു ബോംബയില്‍ ബാപ്പൂട്ടിക്കയുടെ മുറിയില്‍ എത്തി.

“ഒരു പാറ്റ്നാക്കാരി പലവട്ടം വിളിച്ചിരിന്നു”. മുറിയുടെ മേല്‍നോട്ടത്തിനു ബാപ്പൂട്ടിക്ക ഏല്‍പ്പിച്ചിരുന്ന തൃശ്ശൂര്‍ക്കാരന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

“ഓകേ,....എന്നാണ് വിളിച്ചത്?” കല്ല്യാണത്തിനു ക്ഷണിക്കാനായിരിക്കും, ഞാനോര്‍ത്തു.
“അവസാനം വിളിച്ചിട്ടു രണ്ടാഴ്ചയായിക്കാണും”

രാധാകൃഷനന്‍ പിന്നീട് പറഞ്ഞ വാക്കുകള്‍ അവളെ വീണ്ടും പോയിക്കാണാന്‍ പ്രേരിപ്പിച്ചു.

“അന്ന്, അവള്‍ കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്!”

അന്ന് ജയ്സണും ബോംബെയില്‍ ഉണ്ടായിരുന്നു. കരഞ്ഞുകൊണ്ട് ഫോൺ വിളിച്ചത് എന്തിനായിരിയ്ക്കുമെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.  അടുത്ത ദിവസം തന്നെ അവളെ ക്കാണാന്‍ തീരുമാനിച്ചു..


വീണ്ടും ജൂഹു കോളീവാഡ.

പഴയ ഗല്ലികള്‍. വഴി തെറ്റാതെ ആ രണ്ടു നിലക്കെട്ടിടത്തിനു മുന്‍പില്‍ എത്തി.

അവളുടെ മുറി പൂട്ടിക്കിടക്കുന്നു.
ഗോവക്കാരനെ വിളിച്ചു, കാര്യങ്ങള്‍ തിരക്കി

“അപ്പോള്‍ നിങ്ങള്‍ ഒന്നും അറിഞ്ഞില്ലേ?”
"എന്ത്?"
“അവള്‍ മരിച്ചു.... ആത്മഹത്യ ആയിരുന്നു”
“എന്ന്?“
“രണ്ട് ആഴ്ച ആയിക്കാണും!“
“അവളുടെ വിവാഹം?“
“നടന്നു, അവള്‍ ആഗ്രഹിച്ചിരുന്ന ചെറുപ്പക്കാരനുമായി തന്നെ!“
“അമ്മാവന്‍?“
“ഉവ്വ്, ലണ്ടണില്‍ നിന്നും വന്നിരുന്നു."

"വിവാഹം കഴിഞ്ഞു അവള്‍ ഏതാണ്ട് ഒന്നര മാസം കഴിഞ്ഞു ഇവിടെ വന്നിരുന്നു. തനിയെ ആണ് വന്നത്. വളരെ നിരാശയില്‍ ആയിരുന്നു. നിങ്ങളെപ്പെറ്റി ചോദിച്ചിരുന്നു എന്നു തോന്നുന്നു."

പിന്നെ, ഒന്നു രണ്ടു ദിവസം കഴിഞ്ഞു തിരിച്ച് പാറ്റ്നായ്ക്കു പോയി.

കഴിഞ്ഞ ആഴ്ചയാണ് ഞങ്ങള്‍ അറിഞ്ഞത്?“

ഇനി ചോദിക്കാന്‍ ചോദ്യങ്ങള്‍ ഇല്ലായിരുന്നു.

ഒന്നും മനസ്സിലാവാതെ ഞങ്ങള്‍ തിരിച്ചു നടന്നു..








==================================================
*ഇന്നും മരിക്കാത്ത ഓര്‍മ്മകളും ഉത്തരം കിട്ടാത്തതുമായ ഒരായിരം ചോദ്യങ്ങളും സമ്മാനിച്ച, -എന്തോ പറയാന്‍ ആഗ്രഹിച്ചിട്ടും, കഴിയാതെ പറന്നു പോയ പൂച്ചക്കണ്ണുള്ള പാറ്റ്നാക്കാരിയുടെ ഓര്‍മ്മയ്ക്ക്...