Tuesday, June 24, 2008

6. ഒരു പഴയ സിനിമ കഥ

“ പെട്ടി വന്താച്ച്...അങ്കൈ പാര്‍...!!!” തമിഴ് പയ്യന്‍ വിളിച്ചു കൂവി.

തീയറ്ററില്‍ ഇട്ടിരുന്ന റിക്കാര്‍ഡിനേക്കാളും ഉച്ചത്തില്‍ ആ ശബ്ദം രാജകുമാരിയില്‍ എങ്ങും മാറ്റൊലിക്കൊണ്ടു.

മാര്‍ ബേസില്‍ തീയെറ്ററിന്റെ പരിസരത്ത് നിന്നവര്‍ റോഡിലേക്കു ഇറങ്ങി ഓടി.

അതാ ദേവമാതാ ആശുപത്രി പടിക്കല്‍ നിന്നും ‘സംഗമം’ ബസ്സ് വരുന്നു.

കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളു എങ്കിലും ടാര്‍ പോട്ടി പൊളിഞ്ഞ് കുണ്ടും കുഴിയും ആയ വഴിയിലൂടെ സംഗമം കുലുങ്ങി കുലുങ്ങി വരികയാണ്.

ജനങ്ങള്‍ റോഡിലേക്ക് ഇറങ്ങി. ചിലര്‍ വലിച്ചു കൊണ്ടിരുന്ന ബീഡി വലിച്ച് എറിഞ്ഞിട്ട് തോളില്‍ കിടന്ന തോര്‍ത്ത് തലയില്‍ കെട്ടി തയ്യാറായി നിന്നു.
ബസ്സ് വന്നു നിന്നതും പുറകു വശത്തെ ഗോവണി വഴിയും വശങ്ങളിലെ അഴികളില്‍ തൂങ്ങിയും കുറെപ്പേര്‍ ബസ്സിന്‍ മുകളില്‍ കയറി പറ്റി.

മുകളില്‍ നിന്നും കൊച്ചു കുഞ്ഞിനെ സൂക്ഷിക്കുന്നതിന്റെ കരുതലോടെ ഒരു വലിയ തകര പെട്ടി താഴേക്ക് ഇറക്കുകയാണ്.

അതാണ് അന്ന് തീയേറ്ററില്‍ കളിക്കുന്ന സിനിമയുടെ ഫിലിം പെട്ടി!!.

തങ്ങളുടെ വീര നായകന്മാരുടെ വികാരം കൊള്ളിക്കുന്ന “ഡയലോഗും“ ഞെട്ടിപ്പിക്കുന്ന്ന യുദ്ധരംഗങ്ങളും ആ കൊച്ചു പെട്ടിയില്‍ ഉറങ്ങുകയാണ്.

അല്പ സമയം കഴിയുമ്പോള്‍, അവ ചുരുള്‍ നിവര്‍ന്ന് തീയേറ്റരിന് അകത്ത് പിന്‍‌വശത്തെ ഒരു കൊച്ചു ദ്വാരത്തിലൂടെ,പല വര്‍ണ്ണങ്ങളായി ഇതള്‍ വിരിഞ്ഞ്, ഹാള്‍ നിറഞ്ഞ് നിക്കുന്ന ബീഡിപ്പുകയില്‍ കുളിച്ച് ,മുന്‍പില്‍ വലിച്ചു കെട്ടിയിരിക്കുന്ന വെള്ളതുണിയില്‍ പതിയുമ്പോള്‍, വൃദ്ധന്മാര്‍ തലകുലുക്കി ആസ്വദിക്കും.യുവാക്കള്‍ കയ്യടിക്കും..കൊച്ചു കുട്ടികള്‍ വിരള്‍ വായില്‍ തിരുകി വിസില്‍ അടിക്കും.

കഴിഞ്ഞ ഒരാഴ്ച കളിച്ച പടത്തിന്റെ ഫിലിം പെട്ടി ഇന്നലത്തെ സംഗമത്തിന്‍ കൊടുത്തു വിട്ടു.

എന്നും ഇങ്ങനെ തന്നെയാണ്. 5 മണിക്ക് തീയറ്ററില്‍ റിക്കാഡ് ഇടും. ആദ്യം ഒരു ഭക്തിഗാനം, പിന്നെ എന്നും ഒരേ പാട്ടുകള്‍. അഞ്ചരക്ക് ബെല്ല് അടിക്കും കാതടപ്പിക്കു ന്ന ആ ശബ്ദം രാജകുമാരി പട്ടണത്തിന്റെ മുക്കിലും മൂലയില്‍ കേള്‍‍ക്കാം.

ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങുതിന്റെ അറിയിപ്പാണ്. പണമുള്ളവര്‍ റിസര്‍വേഡിനാണ്‍ കയറുന്നത്. അതിനു താഴെ ചാരു ബഞ്ച്, പിന്നെ തറ ബഞ്ച്.

ഒരു ഇടുങ്ങിയ ഇടനാഴിയിലൂടെ കുറെ ദൂരം നടക്കണം അതിന്റെ വശങ്ങളില്‍ എല്ലാം കരിക്കട്ട കൊണ്ട് ചീത്തത്തരങ്ങള്‍ എഴുതിയും വരച്ചും വച്ചിരിക്കുന്നു.ചിലതൊന്നും മനസിലാവാറില്ല.

ടികെറ്റ് എടുക്കുമ്പോള്‍ ചോദിക്കും

“ ഇന്ന് ഏതാ പടം ?”

അതു മുങ്കൂട്ടി പറയാന്‍ പറ്റില്ല. ഫിലിം പെട്ടി വന്നാലേ പറയാന്‍ പറ്റൂ. വരാന്‍ സാധ്യതയുള്ള പടത്തിന്റെ എല്ലാം പോസ്റ്ററുകള്‍ പുറത്ത് ഒട്ടിച്ചിട്ടുണ്ടാവും! എങ്കിലും സര്‍വ്വ ജ്നാനിയേപ്പോലെ അയാള്‍ പറയും

“കടത്തനാട്ടു മാക്കം”

“സ്റ്റണ്ട് ഒണ്ടോ..?”

ആകാംഷയൂടെ യുള്ള ആ ചോദ്യത്തിന് ഇരുത്തിയുള്ള ഒരു മൂളല്‍ മാത്രം മറുപടി. ഉണ്ടെന്നൊ അതെയോ ഇല്ലെന്നോ? ആ..

പിന്നെ എല്ലാവരും പുറത്തിറങ്ങി നില്‍പ്പാണ്. സംഗമം ബസ്സ് വരണം. അതില്ലാണ് ഫിലിം പെട്ടി.

അങ്ങനെ നില്‍ക്കുമ്പോഴാണ് തമിഴ് പയ്യന്റെ തിരു മൊഴി

“ഫിലിം പെട്ടി വന്താച്ച്...!!!”

ശവം കുഴിയിലേക്ക് ഇറക്കുന്നതുപോലെ പലര്‍ ചേര്‍ന്ന് പിടിച്ച് പെട്ടി പ്രൊജക്ടര്‍ മുറിയില്‍ എത്തിച്ചു..

പിന്നെ കുറെ സമയം ബാബു ച്ചേട്ടന്‍ ഓരോ വീലുകളില്‍ ചുറ്റിയിരിക്കുന്ന ഫിലിം മറ്റോരു വീലിലേക്കു ചൂറ്റും. അത് എന്തിനാണെന്നു മനസിലാവാറില്ല. പക്ഷേ, ഇതെല്ലാം ചേര്‍ന്നതാണ് ഈ സിലിമ കാണല്‍. എല്ലാത്തിനും അതിന്റെതായ അസ്വാദ്യത ഉണ്ട്.

അകത്ത് കയറിയാല്‍ ആദ്യം ന്യൂസ് റീലാണ്. ബ്ലാക് & വൈറ്റില്‍ ഏതൊ വെള്ള പൊക്കത്തിന്റെയോ, സ്വാതന്ത്ര സമരത്തിന്റെയോ കുറെ കാഴ്ചകള്‍ ,മനസ്സിലവാറില്ല, പക്ഷേ മടുപ്പ് തോന്നാറുമില്ല.

പെട്ടെന്ന് കൂക്കു വിളികള്‍ ഉയര്‍ന്നു. ..

തിരിഞ്ഞു നോക്കിയപ്പോള്‍ ബാബുച്ചേട്ടന്‍ “റീല്‍“ മാറുന്നു

“കാല ചക്രം”

കടത്തിനാട്ടു മാക്കം കാണാന്‍ കയറിയതാണ്..

പക്ഷേ പെട്ടി വന്നത് കാല ചക്രത്തിന്റെ ...

പക്ഷേ ജനം നിശബ്ദരായിരിന്നു..

കാരണം,അവര്‍ക്ക് സിനിമ കണ്ടാല്‍ മതിയായിരുന്നു..

Sunday, June 22, 2008

5. മൂന്നാറിന്റെ മനോഹര ചിത്രങ്ങള്‍ !


മഞ്ഞ് മൂടിക്കിടക്കുന്ന താഴ്വരകള്‍.

ആനയിറങ്കല്‍ അണക്കെട്ടിന്റെ നിശ്ചല ജലാശത്തിന്റെ കൈവഴികളാല്‍ ചുറ്റപ്പെട്ട പച്ച കുന്നുകള്‍.

ഒറ്റയാന്‍ മാരായി വളര്‍ന്നു നില്‍ക്കുന്ന സില്‍വര്‍ ഓക് മരങ്ങള്‍.എങ്ങു നോക്കിയാലും തേയില തോട്ടത്തിന്റെ മനം കുളിര്‍പ്പിക്കുന്ന പച്ച നിറം..

അന്തരീക്ഷത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഇളം തണുപ്പ്.

കാല്പിനകതെയെ ഉണര്‍ത്തുന്ന മനോഹരമായ അന്തരീക്ഷം..മൂന്നാര്‍ ഒരിക്കല്‍ കണ്ടവര്‍ ആരും മറക്കില്ല.

ഇതുവരെ കാണാത്തവര്‍ക്കായി ആ മനോഹര ദൃശ്യത്തിന്റെ വാതായനങ്ങള്‍ ഞാന്‍ തുറക്കുന്നു..


അല്പം ചരിത്രം

AD.900 ല്‍ പാണ്ഡ്യ രാജാക്കന്‍മാരുടെ കാലത്തു കാല്‍ നടയായി ചെങ്കുത്തായ മലകളും കൊടും കാടുകളും കടന്നു പാണ്ടി ദേശത്തു നിന്നും കുടിയേറിയ “മുതുവാന്മാര്‍” ആയിരുന്നു മൂന്നാറിന്റെ ആദിവാസികള്‍.പല്ലനാട്,മറയൂര്‍,കാന്തല്ലൂര്‍,വട്ടവട,കോവിലൂര്‍ എന്നീ അഞ്ചു നാടുകളുടെ ആദിവാസി മൂപ്പന്‍ ആയിരുന്ന കണ്ണന്‍ തേവരുടെ പേരില്‍ നിന്നും ആണ് ഈ ഹൈ റേഞ്ച് മല നിരകള്‍ക്ക് കണ്ണന്‍ ദേവന്‍ മലകള്‍ എന്നും, പിന്നീട് അവിടുത്തെ തേയില തോട്ടത്തിനും ആ പേരും ലഭിച്ചത്

AD.1157ല്‍ പാണ്ഡ്യ രാജാവായിരുന്ന ചരായു വര്‍മ്മ, ‍ചോള രാജാവായിരുന്ന കോലുത്തുംഗനോടു തോറ്റു തന്റെ അനവധിയായ സ്വത്തുക്കളുമായി ഗൂഡല്ലൂരിലേക്കു പാലായനം ചെയ്തു. അവിടെ പാണ്ഡ്യമഗലം എന്ന ഒരു നാട്ടു രാജ്യം സ്ഥാപിച്ചു. കേരള സംസ്കാര ശീലിച്ച അദ്ദേഹം, തെക്കന്‍കൂര്‍ രാജാവിന്റെ കൈയില്‍ നിന്നും പൂഞ്ഞാറില്‍ 500 ഏക്കര്‍ സ്ഥലം വിലക്കു വാങ്ങി, കോട്ടാരവും ക്ഷേത്രവും പണി കഴിപ്പിച്ചു.ക്രമേണ പൂഞ്ഞാര്‍ രാജ കുടുംബം ശക്തി ആര്‍ജ്ജിക്കുകയും, രാജ്യം വളര്‍ന്ന്, AD.1425 ആകുമ്പോഴെക്കും ,കോതമംഗലം,നേരിയമംഗലം,അഞ്ചു നാട്, തമിഴ് നാട്ടിലെ പഴനി, ഡിണ്ടികല്‍ ഉള്‍പ്പെട്ട വലിയ നാട്ടു രാജ്യം ആയി ത്തീര്‍ന്നു.

കണ്ണന്‍ ദേവന്‍ മല നിരകളില്‍ കൃഷിക്കുള്ള സാധ്യത തിരിച്ചറിഞ്ഞ ജെ.ഡി. മണ്‍‌റോ സായിപ്പ് പൂഞ്ഞാര്‍ രാജാവ് കേരള വര്‍മ്മയില്‍ നിന്നും 99 വര്‍ഷത്തെ പാട്ടക്കരാറില്‍ AD.1877 വാങ്ങിയതാണ് ഇന്നു കാണുന്ന മൂ‍ന്നാര്‍. AD.1964ലാണ് വ്യവസായ ഭീമന്‍ ആയ റ്റാറ്റാ ഇത് സ്വന്തമാക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇന്ന് ഈ സ്ഥലം പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ വകയാണ്.

പഴയ മൂന്നാര്‍

വിദേശ കമ്പനിയുടെ ഉടമസ്ഥതയില്‍ ഇരുന്ന കാലം മൂന്നാറിന്റെ സുവര്‍ണ്ണ കാലഘട്ടം ആയിരുന്നു.

1. 1892- ആദ്യത്തെ അഞ്ചല്‍ ആപ്പിസ് ദേവികുളത്ത്
2. 1890 -ആദ്യത്തെ റെയില്‍ പാത- കുണ്ടള വാലി പദ്ധതി

ആദ്യത്തെ ട്രൈയിന്‍മൂന്നാറിലെആദ്യത്തെ ട്രയിന്‍ യാത്ര


അന്നത്തെ ഒരു റയില്‍‌വേ സ്റ്റേഷന്‍3. 1927- മൂന്നാര്‍ -കോയമ്പതൂര്‍ റോഡ് പണി കഴിപ്പിച്ചു
4. 1931- മൂന്നാര്‍ -നേരിയമംഗലം റോഡ് പണി കഴിപ്പിച്ചു


1931 പണികഴിപ്പ്പിച്ച നേരിയമംഗലം പാ‍ലം

5. 1939- രാജ്യത്തെആദ്യത്തെ ജലവൈദ്യുത പദ്ധതി പള്ളിവാസലില്‍

ഇന്നത്തെ മൂ‍ന്നാര്‍ ഒരു ദൃശ്യം കൂടി..പെരിയകനാല്‍ വെള്ളച്ചാട്ടം

പുഴകളും, ജലാ‍ശയവും,പച്ച കുന്നുകളും നിറഞ്ഞ മൂന്നാറില്‍ തന്നെയാകട്ടെ ഈ അവധിക്കാലം. ഏതു ഉത്തരേന്‍ഡ്യന്‍ വിനോദ കേന്ദ്രത്തേക്കാളും സുരക്ഷിതവും മനോഹരവുമായ എന്റെ സ്വന്തം നാട്ടിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.
ആഹാരം സ്വന്തമായി പാകം ചെയ്തു കഴിക്കുവാനുള്ള സൌകര്യം ഉള്‍പ്പടെ, അനേകം ഹോം സ്റ്റേകളും,ഹോട്ടലുകളും ചുരുങ്ങിയ ചിലവില്‍ മൂന്നാറില്‍ ലഭ്യമാണ്.


ഞാനും,മൂന്നാറും പിന്നെ..


O.T.ഇതില്‍ കൊടുത്തിരിക്കുന്ന മൂന്നാര്‍ കാഴ്ചകളുടെ വലിയ പതിപ്പുകള്‍(3456x2406)എന്റെ സ്വന്തവും,സൌജന്യമായി ലഭിക്കുന്നതും ആണ്. ചിത്രങ്ങള്‍ ആവശ്യമുള്ളവര്‍ മെയില്‍ ‍ചെയ്യുക.

Thursday, June 19, 2008

3. സമാധാനത്തിന്റെ ചിത്രം വരച്ച കുട്ടി

ചിത്ര രചനാമത്സരത്തിന് കുട്ടികള്‍ക്ക് കൊടുത്ത വിഷയം “സമാധാനം“ എന്നത് ആയിരുന്നു. അല്പം നേരം അലോചിച്ചിട്ട് ഒരോരുത്തരായി ചിത്ര രചന ആരംഭിച്ചൂ.

ഒരാള്‍ അമ്മയുടെ അടുത്ത് കിടന്നുറങ്ങുന്ന ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രം വരച്ചു.

അകമ്പടിക്കാരുടെ നടുവില്‍ നില്‍കുന്ന രാജാവിന്റെ ചിത്രമായിരുന്നു മറ്റൊരാള്‍ വരച്ചത്.

വേറൊരാള്‍ കൂട്ടുകാര്‍ചേര്‍ന്ന് വിനോദ യാത്രയ്ക്കു പോകുന്നതിന്റെ മനോഹരമായ രംഗം ചിത്രീകരിച്ചു...

സമാധാനത്തിന്റെ ദൃശ്യം ആവിഷ്കരിക്കാന്‍ എല്ലാവരും മത്സരിച്ചു പടം വരച്ചു..

പക്ഷേ, സമ്മാനം കിട്ടിയത് ഇവര്‍ക്കും ആര്‍ക്കും ആയിരുന്നില്ല.

ആ ചിത്രം ഇങ്ങനെയായിരുന്നു..

ഒരു പുഴ കലങ്ങി മറിഞ്ഞ് കര കവിഞ്ഞ് ഒഴുകുന്നു..

ആ വലിയ മലവെള്ള പ്പാച്ചിലില്‍ ഒരു വന്‍ മരം കട പുഴകി വീണ് ഒഴുകി വരുന്നു. ഭൂരി ഭാഗവും മുങ്ങിക്കിടക്കുന്ന ആ വന്‍ മരത്തിന്റെ ഒരു കൊച്ചു ചില്ല വെള്ളത്തില്‍ മീതെ ഉയര്‍ന്ന് നില്‍ക്കുന്നു..

ആടി ഉലയുന്ന ആ ചില്ലയില്‍ ഇരുന്നു ഒരു കുഞ്ഞു ക്കിളി മനോഹരമായി ...നിര്‍ഭയമായി പാടുകയാണ് ..


അടുത്ത നിമിഷം ആ ചില്ലയും വെള്ളത്തില്‍ താണു പോയേക്കാം .അപ്പോള്‍ സാവധാനം തന്റെകുഞ്ഞു ചിറകു വിരിച്ച് ആ കുഞ്ഞിക്കിളി മെല്ലെ പറന്നു പോകും ...


പ്രതികൂല സാഹചര്യങ്ങളുടെ ഇടയിലും‍ മധുരമായി പാടാന്‍ കഴിയുന്നത് ആണ് യദാര്‍ത്ഥ സമാധാനം ...