Wednesday, October 15, 2008

ചിട്ടി ആയി ഹൈ..

ഏതോ സ്നേഹിതൻ പറഞ്ഞു, പങ്കജ് ഉദാസിന്റെ ചിട്ടി ആയി ഹൈ എന്ന ഗസൽ വളരേ നന്നാണെന്ന്. അന്ന് തന്നെ ഒരു കാസറ്റ് വാങ്ങി കേട്ടു. വളരേ മനോഹരമായ ഈണവും പങ്കജിന്റെ മധുരമായ സ്വരവും! പക്ഷെ ഉറുദുവിലുള്ള വരികളായിരുന്നതിനാൽ കാര്യമായൊന്നും മനസ്സിലായില്ല.

ആയിടക്ക് അബഹ (സൌദി അറേബ്യ)യിൽ നിന്നും കുറേ കെട്ടിടനിർമ്മാണ സാധനങ്ങൾ ഞങ്ങളുടെ കമ്പനി വാങ്ങിച്ചു. അതു കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം എനിക്കായിരുന്നു. ഒന്നു രണ്ട് ട്രെയിലർ നിറച്ച് മുറബുഅ (തടി), ഹല്ലാത്ത (മിക്സർ മെഷീൻ) ഗംത (ക്ലാമ്പ്) തുടങ്ങിയവയുണ്ട്. ഏതായാലും കുറേ സമയം കിട്ടും, ഗസൽ കാസറ്റും കയ്യിലെടുത്തു.

രാവിലെ തന്നെ അബഹയിലെത്തി. നല്ല തണുപ്പുള്ള സ്ഥലം. ജോലിക്കാർ പണി തുടങ്ങി. ഞാൻ പതിയേ നടക്കാനിറങ്ങി. ഏതെങ്കിലും ഒരു ഹൈദ്രാബാദിയേയൊ യു.പി.ക്കാരനേയോ കണ്ടുപിടിക്കണം. കാസറ്റ് കേൾപ്പിച്ച് അർത്ഥം പറയിക്കണം.

പക്ഷെ തരപ്പെട്ടത്, ഒരു പാക്കിസ്ഥാനിയെയാണ്. ചെമ്പൻ മുടിയും പൂച്ചക്കണ്ണുകളുമുള്ള വൃദ്ധനായ ഒരു പഠാണി. പഠാണികൽ പൊതുവേ പോഷ്തു സംസാരിക്കുന്നവരാണ്. ഉറുദു പണ്ഡിതന്മാർ കുറവാണ്.
എന്റെ വിനയപുരസ്സരമുള്ള അഭ്യർത്ഥന പഠാണി തള്ളിക്കളഞ്ഞില്ല. ഞങ്ങൾ തൊട്ടടുത്ത അയാളുടെ മുറിയിൽ ചെന്നു. തീരേ വൃത്തിയില്ലാത്ത അയാളുടെ മുറിയുടെ മൂലക്ക് ഒരു വില കുറഞ്ഞ കാസറ്റ് പ്ലെയർ.

ചിട്ടി ആയി ഹൈ ആയി ഹൈ
ചിട്ടി ആയി ഹൈ.


ഇടക്കിടക്ക് അയാൾ നിറുത്തും. വളരേ പതിഞ്ഞ ശബ്ദത്തിൽ അർത്ഥം വിശദീകരിച്ചു തരും. ദീർഘവർഷങ്ങൾ അറേബ്യൻ മരുഭൂമിയിൽ കഷ്ടപ്പെട്ടതിന്റെ അടയാളങ്ങൾ അയാളുടെ മുഖത്തുണ്ടായിരുന്നു.

ഓരോ വരികൾ കഴിയുംതോറും അയാളുടെ ഭാവം മാറി വരുന്നതു പോലെ തോന്നി.

ബഡെ ദിനോം കേ ബാദ്, ബേവത്നോകി യ്യാദ്..
ബദന്‍ കീ മിട്ടീ ആയി ഹേ..


നാളുകൾക്കു ശേഷം വന്ന കത്ത്, എന്റെ ജന്മനാടിന്റെ ഒരുപിടി മണ്ണ്, ഞാൻ ഓടി നടന്നു വളർന്ന എന്റെ കൊച്ചു ഗ്രാമത്തിലെ ഒരു തുണ്ടു ഭൂമി എന്റെ കയ്യിൽ വന്നതു പോലെ. വളരേ നാളുകൾക്കു ശേഷം ഞാൻ എല്ലാം ഓർത്തു പോകുന്നു...എല്ലാം..

പന്മജ് ഉദാസിന്റെ ശബ്ദം ഉച്ചസ്ഥായിയിലെത്തി.

ഊപര്‍ മേരാ നാം ലിഖാ ഹേ
അന്തര്‍ ഏക് പൈഗാമ് ലിഖാഹേ..


കൊതി തീരുവോളം ഒരിക്കലും ഒരുമിച്ചിരിക്കാൻ കഴിയാതെ,
എന്നും പറന്നു പോകുന്ന ഭർത്താവിനെ ഓർത്തു കൊണ്ട്, അങ്ങകലെ ഏതോ കുഗ്രാമത്തിൽ കഴിയുന്ന ആ പഠാണി സ്ത്രീയെ ഞാനോർത്തു. ..
അനാഥത്വം നിഴലിക്കുന്ന പഠാണിക്കുട്ടികൾ.
അയാളുടെ ശബ്ദത്തിന് നേരിയ ഇടർച്ച തോന്നിയോ? പക്ഷെ എനിക്കയാളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല്ല്ല...അയാളുടെ വാക്കുകൾ ദൃശ്യങ്ങളായി മാറുകയായിരുന്നു.

യേ പര്‍ദേസ് പേ ഗാനേ വാലെ ..
ലൌട്ട് കേ ഫിര്‍ ന ആനേ വാലേ..

തിരിച്ചു വരാൻ കഴിയാതെ നാടു വിടേണ്ടി വന്നവരേപ്പറ്റി പറയുമ്പോഴേക്കും അയാൾക്ക് തുടരാൻ ആയില്ല. കുഴിഞ്ഞ കണ്ണുകളിൽ ഒരു വല്ലാത്ത ഭാവം! അയാൾ ഇരുന്ന കട്ടിലിൽ പതിയെ കിടന്നു. ഹൃദയം തകർക്കുന്ന വരികൾ തുടർന്നു..

പഞ്ചി പിഞ്ചര തോഡ് കെ ആജാ..
ദേസ് പരാസ്..


കൂടു തകർത്തു പറന്നു വരാൻ വിളിക്കുന്ന ഇണക്കിളിയുടെ നെഞ്ചു പിടഞ്ഞ കരച്ചിൽ ഞാൻ കേട്ടു. ആരും അർത്ഥം പറഞ്ഞു തരേണ്ടി വന്നില്ല.


(മറ്റൊരു പാട്ടു പോസ്റ്റു കൂടി.. ഒരു പഴയ പോസ്റ്റ്)