Monday, April 27, 2009

ആശ്രമത്തിലെ ദിനങ്ങള്‍ ഭാഗം-2

"എല്ലാവരും എഴുന്നേൽക്കണം"
ഞാൻ ഞെട്ടി എഴുന്നേറ്റു.


"ഉം...എഴുന്നേൽക്കണം!"
ഒരു അപരിചിതൻ എന്നെ തോണ്ടി വിളിക്കുന്നു. പകച്ചിരുന്ന എന്നോട് അയാൾ സൌമ്യനായി, കൈ നെഞ്ചിൽ ചേർത്തു കൊണ്ട് പറഞ്ഞു. “ഗുരു ശരണം“

എന്റെ മറുപടിക്കു കാത്തു നിൽക്കാതെ അയാൾ നടന്നു നീങ്ങി.

ചുറ്റും നോക്കി. അടുത്തു കിടന്നവർ എല്ലാവരും എഴുന്നേറ്റു തുടങ്ങി. നേരം വെളുത്തിട്ടില്ല.

ഓല മേഞ്ഞ ഒരു നീണ്ടഷെഡ് എന്നു പറയാം. ഭിത്തി കെട്ടിയിട്ടില്ല. ചുറ്റും ചെറിയ മതിൽ, അരക്കൊപ്പം പൊക്കം കാണും. പുറത്ത് ഇപ്പോഴും നല്ല ഇരുട്ട്. തറയിൽ വിരിച്ചിരിക്കുന്ന തുണിയിൽ ചമ്രം പടിഞ്ഞിരുന്നു. ഇന്നലത്തെ സംഭവങ്ങൾ ഓർക്കാൻ ശ്രമിച്ചു.

ഇന്നലെ രാത്രിയിൽ ആശ്രമത്തിനു പുറത്തു വച്ച് കണ്ട വൃദ്ധൻ തന്നെയാണ് ആശ്രമം ആപ്പീസിലേക്ക് നയിച്ചത്

“ആദ്യം വരികയാണല്ലേ?“
ആപ്പീസിലിരുന്ന മദ്ധ്യവയസ്കൻ ചോദിച്ചു.
“അതെ“
ഒരു നിമിഷത്തെ മൌനത്തിനു ശേഷം
“സന്യസിക്കാനാണോ?“
ഒന്നും മിണ്ടിയില്ല.
“സന്യസിക്കാനാണെങ്കിൽ നീണ്ട താടിയും മുടിയും വേണ്ടേ? ഇതു രണ്ടും നിങ്ങൾക്കില്ലല്ലോ?“
വീണ്ടും മൌനം
“എന്താ മിണ്ടാത്തത്?“

എന്റെ നിസ്സഹായാവസ്ഥ കണ്ട് അയാൾ ഒന്നു തണുത്തു.

മുൻപോട്ടു ചാഞ്ഞിരുന്ന് സ്നേഹത്തോടെ ആരാഞ്ഞു. “എന്താ പേര്?“
ഞാൻ പേരു പറഞ്ഞു
“ഏതാ മതം?“
“ക്രിസ്ത്യാനിയാണ്“
അൽ‌പ്പസമയത്തേക്ക് ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല.

“ഞാൻ രാജൻ വർഗ്ഗീസ്, ആശ്രമം സെക്രട്ടറി ആണ്. ഞാനും ക്രിസ്ത്യാനി തന്നെ. ഇവിടെ ജാതിയും മതവുമില്ല“
“എന്തിനാണ് വന്നത്?“
ഞാൻ എന്നോട് തന്നെ ചോദിച്ചു, എന്തിനാണ് ഇവിടെ വന്നത്?
എനിക്ക് പറയാൻ അറിയില്ലായിരുന്നു!

“എന്തിനായാലും ഇവിടെ വരാൻ പറ്റിയത് ഒരു ഭാഗ്യമായി കരുതിക്കൊള്ളൂ..!!“
“എത്ര കാലം കാണും?“
“എനിക്ക് അറിയില്ല“
അയാൾ എഴുന്നേറ്റു. അടുത്തു വന്ന് ചുമലിൽ പിടിച്ചു കൊണ്ട് ശാന്തനായി പറഞ്ഞു. “ഇവിടത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഗുരു ആണ്. ഇവിടെ താമസിക്കണമോ, എത്ര നാൾ, ഇതെല്ലാം ഗുരു നിശ്ചയിക്കും“

നിങ്ങൾ ഇവിടെ വന്ന വിവരം ഗുരുവിന് ഇപ്പോഴേ അറിയാം. എപ്പോൾ ദർശനം നടത്തണമെന്ന് അവിടുന്ന് തന്നെ അറിയിക്കും. എല്ലാം അതിനു ശേഷം മാത്രം! ആഴ്ചകളായി ഗുരുവിന്റെ ദർശനം കാത്തു കഴിയുന്ന പലരുമുണ്ടിവിടെ. ഗുരുവിനെ ധ്യാനിച്ചു കൊള്ളൂ..’

ഗുരു..

ഒ.വി.വിജയന്റെ ഗുരുസാഗരം വായിച്ച നാൾ മുതൽ ഹൃദയത്തില്‍ ഉദിച്ച ആഗ്രഹത്തിന്റെ സാഫല്യമാണ് ഈ നിമിഷം. സഹസ്രാബ്ദങ്ങൾക്കിടയിൽ പ്രപഞ്ചത്തിൽ എങ്ങു നിന്നോ ഒരു പ്രകാശം ഭൂമിയിൽ വന്നെത്തുന്നു. മനുഷ്യന്റെ അജ്ഞാനത്തെ മാറ്റുവാൻ ഗുരുവായി അവതരിക്കുന്നു. ആ ഗുരുവിനാണ് ഈ മനുഷ്യകീടം ആശ്രമവളപ്പിനുള്ളിൽ എത്തിയതായി ജ്ഞാനദൃഷ്ടിയിൽ വെളിവായിരിക്കുന്നത്!

ചരൽ വിരിച്ച മുറ്റത്തു കൂടി നടക്കുമ്പോൾ കാൽ വേദനിച്ചു. രാജൻ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു. “ഇത് ഒരു പുണ്യസ്ഥലമാണ്. ഇവിടെ നടക്കുന്നതെന്തും അറിയുന്ന ഒരു പുണ്യാത്മാവ് അകത്തുണ്ടെന്ന് എപ്പോഴും ഓർത്തു കൊള്ളണം“ മുന്നറിയിപ്പ് എന്ന വണ്ണം പറഞ്ഞു
നെഞ്ചിൽ കൈ ചേർത്ത് വച്ച് പറഞ്ഞു “ഗുരു ശരണം“

എല്ലാവരും എഴുന്നേറ്റു പോയിരിക്കുന്നു! ഞാൻ മാത്രം നിലത്ത് ഇരിക്കുന്നു.

പ്രാഥമിക കർത്തവ്യങ്ങൾ നടത്തുവാനുള്ള തിരക്കിലാണ് എല്ലാവരും.

തണുത്ത വേള്ളം തലയിൽ കോരി ഒഴിക്കുമ്പോൽ മനസ്സും ശരീരവും കിടുകിടുത്തു. എല്ലാം ഒന്നു തണുക്കട്ടെ! എല്ലാം!!
മറ്റുള്ളവർ ചെയ്യുന്ന പോലെ കുളിച്ച് കാവി മുണ്ട് ചുറ്റി, ആശ്രമത്തിന്റെ പ്രധാന കവാടത്തിനടുത്തുള്ള പ്രാർഥനാ മണ്ഡപത്തിനടുത്തു ചെന്നു.
നിരവധി തൂണുകൾ ഉള്ള മനോഹരമായ മണ്ഡപം. തൂണുകളുടെ മുകളിലും താഴേയും താമരയുടെ രൂപം.
മണ്ഡപത്തിന്റെ ഒരു വശത്ത് ശ്രീകോവിൽ പോലെ ഒരു കൊച്ചു മുറി. അതിനുള്ളിൽ വെട്ടിത്തിളങ്ങുന്ന ശോഭയിൽ ഒരു സ്വർണ്ണ ഫലകം. അതിൽ “ഓം“ എന്ന് ആലേഖനം ചെയ്തിരിക്കുന്നു.

പുറത്ത് സായി ബാബയുടേയും നാരായണഗുരുവിന്റേയും രൂപങ്ങൾ!
ഏതാണ്ട് നൂറു പേർ കാണും, നിലത്തിരുന്ന് ഒരു പ്രത്യേക താളത്തിൽ വളരേ ശാന്തമായി ഒരു പ്രാർഥനാഗീതം ആലപിക്കുന്നു.

ഞാനും ഒരു മൂലയിൽ ചെന്നിരുന്നു. ഗുരുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള ഒരു ഗീതം. അൽ‌പ്പ സമയം കഴിഞ്ഞപ്പോൾ ചിലർ എഴുന്നേറ്റ് മണ്ഡപത്തിനു ചുറ്റും നടന്നു പാടുവാൻ തുടങ്ങി. ഞാനും അവരുടെ കൂടെ കൂടി.


നല്ല തണുത്ത അന്തരീക്ഷം.
പുലരിയുടെ രാഗമായ ഭൂപാളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഭജനപ്പാട്ടുകള്‍.
ഉറക്കമുണർന്ന് വരുന്ന പ്രകൃതി.
അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ചന്ദനത്തിന്റെ മൃദുസുഗന്ധം.
ആശ്രമത്തിനകത്തു വളരുന്ന കൊച്ചു മാവിന്റെ കൊമ്പിൽ കിളികൾ വന്നു ചിലച്ചു തുടങ്ങി.
ഇരുട്ടിൽ മൂടിയ ആശ്രമ അന്തരീക്ഷത്തിൽ പതിയെ പതിയെ വെളിച്ചം കടന്നു വന്നു തുടങ്ങി.

ആദ്യമായി ഞാൻ പുലരിയെ അടുത്തറിയുകയായിരുന്നു...
മനസ്സും ശരീരവും ഒരു പോലെ ശാന്തമായി...

പ്രഭാതപ്രാർഥന കഴിഞ്ഞു എല്ലാവരും എഴുന്നേറ്റു തുടങ്ങി. പിന്നിൽ നിന്നു ആരോ തോണ്ടി വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ഒരു ഗ്ലാസ്സിൽ ചായയുമായി, ചിരിക്കുന്ന മുഖവുമായി ഒരു അപരിചിതൻ.
‘ഗുരു ശരണം,
ആശ്രമവളപ്പിലെ പശുക്കളെ കറന്ന നറും പാലിന്റെ രുചിയേറിയ ചായ മോന്തിക്കൊണ്ട് ഞാൻ ആദ്യമായി മറുപടി പറഞ്ഞു

‘ഗുരു ശരണം’

Sunday, April 26, 2009

ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1

(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ ഡിലീറ്റു ചെയ്തു.നഷ്ടപ്പെടരുത് എന്നു വിചാരിക്കുന്ന അവ വീണ്ടും പോസ്റ്റുന്നു.)


‘ഇടത്തോട്ട് തിരിഞ്ഞ് ആ കുന്നിൻ മുകളിൽ ചെന്നാൽ, ആശ്രമത്തിന്റെ ഗെയിറ്റ് കാണാം’ സാമ്പ്രാണി പൊതി നീട്ടിക്കൊണ്ട് പീടികക്കാരൻ പറഞ്ഞു. ഗുരുവിന്റെ ഇഷ്ടദക്ഷിണ സാമ്പ്രാണിയാണെന്നും അയാൾ തന്നെ പറഞ്ഞതാണ്. പോക്കറ്റിൽ ശേഷിച്ച ആറു രൂപയും അയാൾക്ക് കൊടുത്തു, ബാക്കി കുറെ നാണയത്തുട്ടുകൾ മാത്രം. നേരിയ ഭയം ഉള്ളിൽ തോന്നി. ചുറ്റും ഇരുട്ടു വീണു തുടങ്ങി. പോത്തൻ‌കോട്- അതാണത്രെ ഈ സ്ഥലത്തിന്റെ പേര്. വെഞ്ഞാറമൂട് ബസ്സിറങ്ങിയിട്ട് 2 രൂപ ജീപ്പിനു കൊടുത്താണ് ഇവിടെയെത്തിയത്. ഓർക്കുമ്പോൾ ചിരി വരുന്നു. ഇന്നലെ വരെ ഒരായിരം വട്ടം മനസ്സിൽ പറഞ്ഞ പേരാണ് വെഞ്ഞാറമൂട്. പക്ഷെ എറണാകുളത്തു നിന്നും ബസ്സിൽ കയറി ഇരുന്നപ്പോൾ അത് ‘വെങ്ങാനൂർ’ ആയിപ്പോയി. സി.വിയുടെ പുസ്തങ്ങള്‍ വായിച്ച കാലം മുതല്‍ തിരുവനന്തപുരത്തുള്ള പല സ്ഥല നാമങ്ങളും പരിചിതങ്ങളായിരുന്നു.നെയ്യാറ്റിങ്കരയും,ബാലരാമപുരവും,എന്നുവേണ്ട,കിഴക്കേക്കോട്ടയും ചാരോട് കൊട്ടാരവും ആണ്ടിയിറക്കവും വരെ, ഓര്‍മ്മയില്‍ തിളങ്ങി നിന്നിരുന്നു. സ്ഥലകാല വര്‍ണ്ണനകള്‍ക്ക് സി.വിയോളം സമര്‍ത്ഥന്‍ പിന്നെ ഭാഷാസാഹിത്യത്തില്‍ ഉണ്ടായിക്കാണില്ല. ഗ്രഹസ്ഥാശ്രമമാണ് നിയോഗമെങ്കില്‍, അവിടം തിരഞ്ഞെടുക്കണം എന്നും അന്നേ ഉറപ്പിച്ചതായിരുന്നു.

“വെങ്ങാനൂരല്ലേ? തിരുവനന്തപുരം കഴിഞ്ഞു പിന്നെയും പോകണം“ ബസ്സില്‍ അടുത്തിരുന്ന വൃദ്ധൻ പറഞ്ഞു.
അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു, ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പൂനേയ്ക്കാണെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. സോജൻ പൂനേയിൽ നല്ല നിലയിലാണെന്നും എനിക്ക് ജോലി ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞത്, വീട്ടുകാർ വിശ്വസിച്ചു കാണില്ല. അല്ലെങ്കിലും ആരെയെങ്കിലും വിശ്വസിപ്പിക്കാൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അപ്പപ്പോൾ തോന്നിയതു പോലെ നടന്നു.പഠനത്തില്‍ വീഴ്ചവരുത്താറില്ല, ഒരു പരീക്ഷയും തോൽക്കാറുമില്ല. അതല്ലാതെ മറ്റ് പ്രതീക്ഷക്കുള്ള ഒന്നും വീട്ടുകാർ എന്നിൽ കണ്ടില്ല.

സോജൻ പൂനേയിൽ നിന്നു തിരിച്ചു വന്ന്, ഈരാറ്റുപേട്ടയിൽ വീട്ടിൽ കൂടിയിട്ട് മാസങ്ങളായി.

വിപ്ലവവീര്യം തണുത്തു തുടങ്ങും മുൻപേ മനസ്സ് അദ്ധ്യാത്മീകതയിലേക്ക് ചാഞ്ഞു തുടങ്ങിയതാണ്. അക്കാലത്തു കയ്യിൽ കിട്ടിയ പുസ്തകങ്ങളിലെല്ലാം സന്യാസജീവിതവും ആത്മീയതയും മുഖ്യവിഷയങ്ങളായിരുന്നു എന്നത് യാദൃശ്ചികമായിരുന്നിരിക്കാം. എല്ലാ ബന്ധങ്ങളും അറുത്ത് ഏകനായിരിക്കാൻ ആഗ്രഹം തോന്നിയതും അക്കാലത്തു തന്നെ. പൂനേ പദ്ധതിക്ക് രൂപം കൊടുത്തതും അങ്ങിനെയാണ്. വീട്ടിൽ നിന്നു തന്ന പണം തീരുന്നതു വരെ കൊച്ചിയിൽ തങ്ങി.മിക്ക ദിവസങ്ങളിലും ബ്രഷ്നേവും, സുനിലും, ജയരാജും മറ്റെല്ലാവരുമുണ്ടായിരുന്നു.

ഡിസമ്പർ 31. അന്നു തങ്ങിയത് തേവര ആംഗ്ലൊ ഇൻഡ്യന്‍ സ്കൂളിന്റെ അടുത്തുള്ള പാർട്ടി ആപ്പീസിൽ ആയിരുന്നു. ശേഷിച്ച പണം എണ്ണി നോക്കി. അറുപത്തഞ്ചു രൂപ!! തിരുവനന്തപുരത്തിനു നാൽ‌പ്പത്തിയെട്ട് രൂപയാണ് ബസ്സ് കൂലി.

അകാരണമായ ഒരു ഭീതിയും എന്നാൽ ഗൂഢമായ ഒരാനന്ദവും ഒരേ സമയം മനസ്സിൽ വന്നു. ആശ്രമത്തിൽ പോകണമെന്ന് ആഗ്രഹിച്ചപ്പോഴേ തീരുമാനിച്ചതാണ്, തിരികേപ്പോരാൻ വണ്ടിക്കുലിയില്ലാതെ വേണം പോകാനെന്ന്. ഇല്ലെങ്കിൽ മടുപ്പു തോന്നിയാൽ തിരിച്ചു പോരണമ്മെന്നു തോന്നിയാലോ?! ബാഗ് തുറന്ന്, ഇന്നുവരെ പഠിച്ച് നേടിയ സർട്ടിഫിക്കറ്റുകളെല്ലാം എടുത്തു. നാളെ ആശ്രമത്തിലേക്കു പോകുന്ന എനിക്ക് ഇനി ഇവയെന്തിന്? സര്‍വ്വസംഗ പരിത്യാഗി ആകുവാന്‍ നിഴ്ചയിച്ചവനു എന്തിനീ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍!

ശാന്തിഗിരി ആശ്രമം കഴിഞ്ഞാൽ കാശി, ബദരീനാഥ്, പിന്നെ ഹിമാലയം ഒത്തിരി നേരം ആ കടലാസുകളിൽ നിർവികാരനായി നോക്കിക്കൊണ്ടിരുന്നു. പിന്നെ മടക്കി ബാഗിൽ വച്ചു, സർട്ടിഫികറ്റുകൾ ഒന്നും കീറിയില്ല

പെട്ടെന്ന് നടപ്പു നിറുത്തി. മുന്നിൽ ഒരു കൂറ്റൻ ഗെയിറ്റ്. അവസാനം ലക്ഷ്യ് സ്ഥാനത്ത് എത്തിയിരിക്കുന്നു. അവിടെ നിന്ന ഒരു വൃദ്ധനോട് ചോദിച്ചു ‘ഇതല്ലെ ശാന്തിഗിരി ആശ്രമം?’

‘അതെ. എവിടുന്നാ?’

‘ദുരേ നിന്നാ‘

‘ഓ.. അവിടെ ചെരുപ്പഴിച്ചു വച്ചു കൊള്ളൂ’ ചെരുപ്പുകൾ അഴിച്ചു മാറ്റുമ്പോൾ ഞാൻ എന്നോടു തന്നെ പറഞ്ഞു, ഇനി എനിക്ക് ഈ വച്ചു കെട്ടുകൾ ഒന്നും വേണ്ട. പൂർവീകർ വനാന്തരങ്ങളിൽ നടന്നതു പോലെ ഒരു നെല്ലിട പോലും അകലമില്ലാതെ ഈ ഭൂമിയോടു ചേർന്നു നിൽക്കണം! പ്രകൃതിയുടെ മണവും സ്പന്ദനവും എനിക്ക് നേരിട്ടറിയണം. ഞാനും നിന്റെ ഒരു ഭാഗമാണ്.

എനിക്കായി ആശ്രമത്തിന്റെ വാതിൽ തുറക്കപ്പെട്ടു. ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു ലോകത്തേയ്ക്ക്....

ഇന്ന്
ജനുവരി ഒന്ന് ,1995.