Monday, May 18, 2009

ആശ്രമത്തിലെ ദിനങ്ങള്‍ ഭാഗം 4 & 5

ആദ്യത്തെ മൂന്നു ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്ത്തതു കൊണ്ടാണ് വീണ്ടും പോസ്റ്റിയത്. നാലും അഞ്ചും ഭാഗങ്ങള്‍ ഈ ബ്ലോഗിന്റെ ആര്‍ക്കൈവില്‍ ഉണ്ട്. വായിക്കുവാന്‍ ഇവിടെ ക്ലിക്കുക.

ഭാഗം -4


ഭാഗം -5

ബാക്കി ഉടന്‍!

Sunday, May 10, 2009

ആശ്രമത്തിലെ ദിനങ്ങൾ‌-ഭാഗം 3

.
പെയ്തൊഴിഞ്ഞ ആകാശം പോലെ ശൂന്യമായ മനസ്സുമായാണ് ഗുരുവിന്റെ മുറിയിലേക്ക് കയറിയത്.
ഗുരു വിളിക്കുന്നു എന്നു സെക്രട്ടറി പറഞ്ഞപ്പോള്‍, അതിശയിച്ചു പോയി. ആഴ്ചകളായി കാത്തിരിക്കുന്നവരുടെ ഇടയില്‍ നിന്നും ഗുരു ദര്‍ശനത്തിനുള്ള അവസരം ലഭിച്ചിരിക്കുന്നു !


മുറിയെന്ന് പറയാൻ ആവില്ല. ആശ്രമത്തിന്റെ പിൻഭാഗത്ത് ഒരു ഓലക്കുടിൽ! ചിത്രകഥകളില്‍ കാണാറുള്ള പര്‍ണ്ണ ശാലക്കു സമാനം.
വളരേ ലളിതമായ ചുറ്റുപാടുകൾ. മണൽ വിരിച്ച മുറ്റം. അതിനു ചുറ്റും ചെടികളും മരങ്ങളും.
അതിന്റേയും പിന്നിലാണ് ആശ്രമ വക ഗോശാലകള്‍. ഒരു വശത്തു ആയുര്‍വ്വേദ മരുന്നുകള്‍ തയ്യാര്‍ ചെയ്യുന്ന നീണ്ട സ്റ്റാളുകള്‍.

വളരെ ശാന്തമായ അന്തരീക്ഷം
ആശ്രമത്തിൽ വന്നതു മുതൽ ശ്രദ്ധിക്കുന്നതാണ് ഇവിടത്തെ ശാന്തത! ഏറ്റവുമധികം ആകർഷിച്ചതും അതു തന്നെ. ഇന്ന് ഏതു ദിവസമാണ്? ആവോ അറിയില്ല! അറിഞ്ഞിട്ട് തന്നെ എന്തു ചെയ്യാനാണ്? വന്നതിന്റെ പിറ്റേന്നാൾ വരെ ദിവസം ഓർത്തിരുന്നു. പിന്നെ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല.
“ഏകാന്തതയുടെ നൂറു വർഷങ്ങളി“ൽ വായിച്ചത് ഓർമ്മ വന്നു. ഇന്ന് തിങ്കളാഴ്ചയാണ്. ഇന്നലേയും തിങ്കളാഴ്ച ആയിരുന്നു. കാരണം ഇന്നലേയും ഇന്നും തമ്മിൽ ഒരു വ്യത്യാസവും ഇല്ല!

പേരില്‍ മാത്രം വ്യത്യാസമുള്ള ദിനങ്ങൾ.

സമയം, അതും നല്ല നിശ്ചയം ഇല്ലാതായിരിക്കുന്നു. ഓരോ പ്രാർത്ഥനക്കുള്ള സമയം ആയോ എന്നു മാത്രമേ നോക്കറുള്ളു. പേരും തീയതിയും അറിയാത്ത നാളുകൾ.

പക്ഷേ,ഈ മതിൽക്കെട്ടിനു പുറത്ത് ലോകം കത്തിക്കാളുകയാണ്. ഉപജീവനത്തിനായുള്ള നെട്ടോട്ടത്തിൽ എല്ലാം തകർത്തെറിയപ്പെടുകയാണ്. പ്രകൃതിദത്തമായതിന്റെയെല്ലാം ഉറവ വറ്റിക്കൊണ്ടിരിക്കുന്നു. എവിടെയും കൃത്രിമത്വത്തിന്റെ വേലിയേറ്റം. അതിന്റെയെല്ലാം നടുവിൽ ഈ കുന്നിന്റെ മുകളിൽ ശാന്തിയുടെ ഒരു കൊച്ചു തുരുത്ത്! ശാന്തിഗിരി ആശ്രമം.

പക്ഷെ ഇത് ഒളിച്ചോട്ടമല്ലേ? ദാരിദ്ര്യത്തിന്റേയും രോഗത്തിന്റേയും വെയിലേറ്റ് തളർന്ന മനുഷ്യരുടെ ഇടയിൽ അവരിൽ ഒരാളായി കഴിയേണ്ടതല്ലേ? എത്ര ദൂരേക്ക് ഓടി ഒളിക്കാനാവും? എത്ര നാളേക്ക്? ഈ ഭൂമിയും അതു തരുന്നതെന്തും ഈ മനുഷ്യകോടികളോടൊപ്പം ഞാനും പങ്കിട്ടെടുക്കേണ്ടതല്ലേ?

പല ചിന്തകൾ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നതിനാൽ സെക്രട്ടറി അടുത്തു വന്നതറിഞ്ഞില്ല!

“ഗുരു വിളിക്കുന്നു“
അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.

തൊട്ടു മുൻപ് ചെന്ന ആള്‍ ഗുരു പാദത്തില്‍ പ്രണമിക്കുന്നത് കണ്ടു. ഞാനും അങ്ങിനെ തന്നെ ചെയ്തു. എന്തിന് എന്നു മാത്രം മനസ്സിലായില്ല!
ഒരു മഞ്ചത്തിൽ ഇരിക്കുന്നു,കരുണാകരഗുരു. മുറിയിൽ ചന്ദനത്തിരിയുടെ സുഗന്ധം. ഒന്നു രണ്ടു ശിഷ്യന്മാർ അടുത്തു നിൽക്കുന്നു. വാർദ്ധക്യത്തിന്റെ ക്ഷീണം മുഖത്ത് നിഴലിക്കുന്നുണ്ട്.
ഞാൻ കാൽക്കൽ ഇരുന്നു.

“എവിടെയാ മകന്റെ വീട്“ ഗുരു.
ഞാൻ സ്ഥലം പറഞ്ഞു

കുറച്ചു സമയം എന്നെ നോക്കിയിരുന്നു, കരുണാകരഗുരു.
ഒരു ജടധാരിആയില്ലെങ്കിലും കുറച്ചു താടിയും മുടിയും ആകാമായിരുന്നു. ഇങ്ങിനെ മുണ്ഡനം ചെയ്ത ഗുരുക്കന്മാർ ഉണ്ടോ?

എവിടെയോ കണ്ടു മറന്നതു പോലത്തെ രൂപം! നിത്യവും കാണുന്ന ആരൊക്കെയുമായോ നല്ല സാമ്യം.

“കുറച്ചു ദിവസം ഇവിടെ താമസിക്കൂ..!“ ഗുരു ശാന്തമായി മൊഴിഞ്ഞു.

സമാധാനമായി.
എങ്കിലും നിരാശനായാണ് ഇറങ്ങിപ്പോന്നത്.

മുഖാമുഖം കാണുമ്പോൾ എന്തെങ്കിലും സംഭവിക്കും എന്നു വിചാരിച്ചു.

തൊടുമ്പോൾ എന്തെങ്കിലും അതീന്ദ്രിയ അനുഭവം പ്രതീക്ഷിച്ചു.
മനസ്സിലുള്ളത് എല്ലാം വായിച്ചെടുക്കും എന്നു കരുതി...
ചില മഹത്‌വചനങ്ങൾക്കായി കാതോർത്തു...
പിന്നെയും എന്തൊക്കെയോ അനുഭവങ്ങൾ പ്രതീക്ഷിച്ചു!

ഒന്നും ഉണ്ടായില്ല!

കണ്ടിട്ട്, ഇതാണ് കാത്തിരുന്ന ഗുരു എന്നു വിശ്വസിക്കാനും പ്രയാസം തോന്നി.

ജന്മാന്തരങ്ങളിൽ എന്നോ ചെയ്ത സുകൃതഫലം കൊണ്ടാണ് ഇവിടെ വന്നത് എന്ന് ഇന്നു പകൽ ഒരു ഗുരുഭക്തൻ പഠിപ്പിക്കുന്നതു കേട്ടു. അമിത പ്രതീക്ഷ മൂലം ഉണ്ടായ നിരാശയാണോ,
അതോ പ്രതീക്ഷകള്‍ അസ്ഥാനത്ത് ആവുകയാണോ?