Friday, April 8, 2011

സ. അജിതയുടെ ആത്മകഥ

ഓര്‍മ്മക്കുറിപ്പുകള്‍. പുറം 141

ഞങ്ങള്‍ക്കു സഖാവ് കിസാന്‍ തൊമ്മന്റെ മൃതശരീരം കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങിനെ സഖാവിനെ മറവു ചെയ്യാനുള്ള കുഴി തയ്യാറായപ്പോള്‍ ഞങ്ങളെ എല്ലാവരേയും സഖാവ് കിസാന്‍ തൊമ്മന്‍ മരിച്ചു കിടക്കുന്നു സ്ഥലത്തേയ്ക്ക് ഒരു സഖാവ്  വിളിച്ചുകൊണ്ടു പോയി.  ആ ദയനീയമായ കാഴ്ചകണ്ട് ഞാന്‍ ഞെട്ടിപ്പോയി. ആകെ ചോരയില്‍ കുളിച്ചു കിടന്നിരുന്ന സഖാവിന്റെ നെഞ്ചുമുഴുവനും ചില്ലിന്‍ കഷണങ്ങള്‍ തറച്ചുകയറി ഉണ്ടാക്കിയ മുറിവുകളായിരുന്നു. ആ മൃതശരീരത്തെ കുറച്ചു സഖാക്കള്‍ എടുത്തു പൊന്തിച്ചു. കീഴെല്ലു പൊട്ടിതൂങ്ങിപ്പോയ കാലു അപ്പോഴാണ് കാണാന്‍ കഴിഞ്ഞത് . സഖാവു എത്രമാത്രം വേദന സഹിച്ചിട്ടുണ്ടാവും!  ആ കാഴ്ചകണ്ട് സഹിക്കാനാവാതെ ഞങ്ങളെല്ലാവരും തലയും താഴ്ത്തി ഒന്നും  മിണ്ടാതെ സഖാവൈനെ മറവും ചെയ്യാനുണ്ടാക്കിയ കുഴിയുടെ അടുത്തേയ്ക്കു ചെന്നു.  ഞങ്ങള്‍ ക്യാമ്പടിച്ചിരുന്ന അരുവിയുടെ മറുകരയില്‍, ഞങ്ങളുടെ ക്യാമ്പില്‍ നിന്നും കുറച്ചകലെയായി അല്പം ഉയരമുള്ള സ്ഥലത്താണി കുഴിവെട്ടിയിരുന്നത്. മൃതശരീരം മെല്ലെ സഖാക്കള്‍ ആ കുഴിയില്‍ ഇറക്കിവച്ചു.

“സഖാക്കളെ നമുക്കിവിടെവച്ച് ഒന്നുകൂടി ‘ജനങ്ങളെ സേവിക്കുക‘ എന്ന ലേഖനം വായിക്കാം. കിസാന്‍ തൊമ്മന്റെ വാക്കുകള്‍ ഒരുകാലത്തും മറക്കുകയില്ലെന്നു നമുക്കു ഒരിക്കല്‍ കൂടി പ്രതിജ്ഞയെടുക്കാം“ . സഖാവ്  വര്‍ഗ്ഗീസ് കുഴിയുടെ ഉയര്‍ന്ന അറ്റത്തു കയറിനിന്നു ഞങ്ങളോടായി പറഞ്ഞു.
 ഒരു സഖാവു ആ ലേഖനമെടുത്ത് വികാര വിക്ഷോഭം നിറഞ്ഞ ശബ്ദത്തില്‍ ഉറക്കെ വായിക്കാന്‍ തുടങ്ങി.  ആ ലേഖനത്തിലെ ഓരോ വാക്കും എനിക്കെത്രയോ പരിചയമുള്ളതാണ്, എത്രയോ തവണ വായിച്ചു പഠിച്ചു മനഃപാഠമാക്കിയതാണ്. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ സായുധവിപ്ലവമെന്ന ലക്ഷ്യത്തിന്റെ ബലിപീഠത്തിന്റെ മുന്‍പില്‍ സ്വാര്‍ത്ഥ ചിന്തകളൊന്നുമില്ലാതെ സ്വയം അര്‍പ്പിച്ച ആ ധീരനായ കര്‍ഷക സഖാവിന്റെ അന്ത്യ നിമിഷങ്ങളില്‍, അതു വായിച്ചു കേട്ടപ്പോള്‍, ഞാന്‍ അന്നുവരെ അറിയാതിരുന്ന അഗാധമായ ഒരര്‍ത്ഥം ആ ലേഖനത്തിനുണ്ടെന്നു എനിക്കു മനസിലായി.

സഖാവ് കിസാന്‍ തൊമ്മന് ഭാര്യയുണ്ട്, വലിയൊരു കുടുംബമുണ്ട്. ഒരു സാധാരണ കര്‍ഷകനു സ്വാഭാവികമായുള്ള എല്ലാ ബാധ്യതയുമുണ്ട്. എന്നാല്‍ ആകസ്മികമായുണ്ടായ സ്ഫോടനത്തില്‍  മരിക്കാന്‍ കിടക്കുമ്പോള്‍ ആ സഖാവിന്റെ മനസില്‍, സായുധവിപ്ലവത്തിലൂടെയുള്ള നമ്മുടെ നാടിന്റെ മോചനമെന്ന ഒരേയൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. തന്റെ കുടുംബത്തേപ്പറ്റിയോ മറ്റു ബാധ്യതകളേപറ്റിയോ അദ്ദേഹത്തിനു ഒന്നും പറയാനുണ്ടായിരുന്നില്ല.


(ഡി.സി. ബുക്സ്. 1982)

7 comments:

സജി said...

വായിച്ചിരിക്കേണ്ട ഒരു ആത്മകഥ!

അതിരുകള്‍/പുളിക്കല്‍ said...

ഇതു പോലെ എത്രയോ ധീര നായകന്‍ മാര്‍ നാടിനു വേണ്ടി ആത്മ ത്യാഗം ചെയ്തിട്ടുണ്ട് അവരെയൊക്കെ നാമിന്നു വിസ്മരിക്കപ്പെടുകയാണ്.അഭിനന്ദനങ്ങള്‍ സജീ

ചാർ‌വാകൻ‌ said...

അച്ചായൻ ലേറ്റാണല്ലേ..?

സജി said...

പുളിക്കല്‍,
ഒരു ഓര്‍മ്മപ്പെടുത്തല്‍ - അത്രമാത്രം!

ചാര്‍വ്വാകന്‍ ചേട്ടാ,
യേസ് താമസിച്ചുപോയി.എങ്കിലും വിട്ടുപോയില്ലല്ലോ എന്നതില്‍ സന്തോഷം!
സസ്നേഹം
സജി

സജി said...

ജീവിതത്തിലെ പ്രതിസന്ധികളില്‍ ബൈബിള്‍ വായിക്കുമ്പോള്‍ അന്നു വരെ ഗ്രഹിക്കാതിരുന്ന പല അര്‍ത്ഥങ്ങള്‍ ബോധ്യപ്പെടുന്നതും, അനിര്‍വ്വചനീയമായ ഒരു ശാന്തിയും, പ്രത്യാശയും കൈവരുന്നതും ഞാന്‍ അനുഭവിച്ചിട്ടുണ്ട്, അതില്‍ അല്‍ഭുതപ്പെട്ടിട്ടും ഉണ്ട്.
ഇതേ അനുഭവം മറ്റ് മതസ്തര്‍ക്കും അവരവരുടെ മതഗ്രന്ഥങ്ങളില്‍ നിന്നും ലഭിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്.
എന്നാല്‍ താന്‍ ജീവനേക്കാളേറെ സ്നേഹിക്കുന്ന-വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിനും ഈ അനുഭവം നല്‍കാനാവുമെന്നതില്‍ അല്‍ഭുതപ്പെട്ടുപോകുന്നു!

ശ്രീജിത് കൊണ്ടോട്ടി. said...

സജിചേട്ടാ.. സ. അജിതയുടെ ആതമകഥ ഷെയര്‍ ചെയ്തതിന് നന്ദി.. ഞാന്‍ ഇത് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ്‌തന്നെ വായിച്ചിട്ടുണ്ടായിരുന്നു. ഈ പുസ്തകവും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്തായാലും വായിക്കാത്തവര്‍ക്ക്‌ ഉപ്രകരപ്രദം ആകട്ടെ. ഈ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന നിലമ്പൂരിലെ കമ്മ്യൂണിസ്റ് നേതാവ് സഖാവ് കുഞ്ഞാലിയുടെ ജീവചിരിത്രം ഇവിടെ വായിക്കാം.. .. വീണ്ടും വരാം.. :)

വീകെ said...

സഖാവ് അജിതയുടെ ആത്മകഥയുടെ ഒരു കഷണം എങ്കിലും ഇപ്പൊഴാ ഞാൻ വയിക്കുന്നത്....
നന്ദിയുണ്ട്....